സ്ഥിരമായി ലോട്ടറിയെടുക്കുന്ന ശീലമുള്ള നിരവധി പേരെ ചുറ്റുപാടിലും കാണാം. ഒരു ലോട്ടറിയും ഒന്നിലധികം ലോട്ടറികളും എടുക്കുന്ന നിരവധി പേരുണ്ട്. സ്ഥിരമായി ലോട്ടറിയെടുക്കുന്നവര്‍ പോലും ലോട്ടറിയെടുത്താല്‍ നേരെ കീശയിലേക്കോ പേഴ്‌സിലേക്കോ മാറ്റുന്നതാകും രീതി. ലോട്ടറിയുടെ നിബന്ധനകളും വ്യവസ്ഥകളും വിശദമായി പറയുന്ന ലോട്ടറി ടിക്കറ്റിന്റെ പിന്‍ഭാഗം പലരും നോക്കാറില്ലെന്നതാണ് സത്യം.

Advertisement

ലോട്ടറിയെടുത്താല്‍ ആദ്യം ചെയ്യേണ്ടത് എന്താണെന്ന് ഇവിടെ വ്യക്തമായി പറയുന്നുണ്ട്. ഇതോടൊപ്പം സമ്മാനാർഹർക്ക് ലഭിക്കുന്ന സമ്മാനതുക, ഏജൻസി കമ്മീഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ, സമ്മാനാർഹമായ ടിക്കറ്റുകൾ എങ്ങനെ വാങ്ങിയെടുക്കാം എന്നെല്ലാം വിശദമായി ലോട്ടറിയുടെ പിൻഭാ​ഗത്ത് പറയുന്നുണ്ട്.

Advertisement

ആദ്യം ചെയ്യേണ്ടത് എന്ത്

ലോട്ടറി ടിക്കറ്റ് വാങ്ങിയാലുടന്‍ ടിക്കറ്റിന്റെ മറുഭാഗത്ത് സ്വന്തം പേരും മേല്‍വിലാസവും ഒപ്പും രേഖപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ഇതിനായി പ്രത്യേക സ്ഥലം ലോട്ടറി ടിക്കറ്റിന്റെ പിന്‍ഭാഗത്ത് മാറ്റിവെച്ചിട്ടുണ്ട്. ലോട്ടറി ടിക്കറ്റിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കാനായാണ് ഇക്കാര്യം ചെയ്യുന്നത്. ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ തിരികെ ലഭിക്കാനും സമ്മാനത്തിന് ക്ലെയിം ചെയ്യാനും ഇത് ഉപകരിക്കും.

1 മുതല്‍ 3 വരെ സമ്മാനങ്ങള്‍ ഉറപ്പ്

വില്‍ക്കപ്പെട്ട് ടിക്കറ്റുകലില്‍ 1 മുതല്‍ 3 വരെ സമ്മാനങ്ങള്‍ ഉറപ്പാക്കിയാണ് എല്ലാ ലോട്ടറികളുടെയും നറുക്കെടുപ്പ് നടക്കുന്നത്. ബാക്കി സമ്മാനങ്ങളുടെ എണ്ണം വില്‍ക്കപ്പെട്ട ടിക്കറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ബാക്കി 11 പരമ്പരകളിലുമുള്ള ടിക്കറ്റുകള്‍ക്ക് 8,000 രൂപ സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ടിക്കറ്റിന് ആ നമ്പറില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന ഒരു സമ്മാനം മാത്രമെ ലഭിക്കുകയുള്ളൂ.

Advertisement

ഏജന്റ് കമ്മീഷന്‍ ആര് നല്‍കും

1 മുതല്‍ 3 വരെ സമ്മാനങ്ങളുടെ തുകയില്‍ നിന്നാണ് ഏജന്‍സി കമ്മീഷനായ 12 ശതമാനം തുക കുറച്ച് ടിക്കറ്റ് വിറ്റ ഏജന്റിന് നല്‍കുന്നത്. 4 മുതല്‍ 7-ാം സമ്മാനവും സമാശ്വാസ സമ്മാനങ്ങളുടെയും ഏജന്‍സി കമ്മീഷന്‍, 12 ശതമാനം സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നല്‍കും. എട്ടാം സമ്മാനത്തിന്, സമ്മാനത്തുകയുടെ 20 ശതമാനം സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നല്‍കും.

സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിക്കേണ്ടത്

സമ്മാനം ലഭിക്കുന്ന തുക അനുസരിച്ച് ടിക്കറ്റ് ഹാജരാക്കേണ്ട ഇടവും മാറും. 5,000 രൂപ വരെ സമ്മാനം ലഭിച്ചാൽ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളില്‍ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5,000 രൂപയ്ക്ക് മുകളില്‍ 1 ലക്ഷം രൂപ വരെയുള്ള സമ്മാനം ലഭിച്ചാൽ ടിക്കറ്റുകൾ ജില്ലാ ലോട്ടറി ഓഫീസുകളിലാണ് സമർപ്പിക്കേണ്ടത്. 1 ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്ന് സമ്മാനം വാങ്ങാം.

Advertisement

സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്ക്, സംസ്ഥാന, ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ സ്വീകരിക്കും. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കണം. ഇതിന് സാധിക്കുന്നില്ലെങ്കില്‍ വൈകിയ കാരണം ലോട്ടറി വകുപ്പിനെ ബോധിപ്പിക്കേണ്ടതുണ്ട്.

കേരള ലോട്ടറികൾ

7 പ്രതിവാര ലോട്ടറികൾ കേരള ഭാ​ഗ്യകുറി വകുപ്പിനുണ്ട്. തിങ്കളാഴ്ച 75 ലക്ഷം ഒന്നാം സമ്മാനമുള്ള വിന്‍വിന്‍ ലോട്ടറിയാണ് നറുക്കെടുപ്പ്. ചൊവ്വാഴ്ചത്തെ സ്ത്രീശക്തി ലോട്ടറിക്കും 75 ലക്ഷമാണ് സമ്മാനത്തുക. ബുധനാഴ്ചത്തെ അക്ഷയ ലോട്ടറി 70 ലക്ഷവും വ്യാഴാഴ്ചത്തെ കാരുണ്യ പ്ലസ് 80 ലക്ഷവും വെള്ളിയാഴ്ചയിലെ നിര്‍മല്‍ ലോട്ടറി 70 ലക്ഷം രൂപയും സമ്മാനം നല്‍കും.

Advertisement

ശനിയാഴ്ചത്തെ കാരുണ്യ ലോട്ടറിയുടെ സമ്മാന തുക 80 ലക്ഷമാണ്. ഞായറാഴ്ച നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റിക്കാണ് പ്രതിവാര ലോട്ടറികളിലെ ഏറ്റവും വലിയ സമ്മാനമായ 1 കോടി ലഭിക്കുന്നത്.