വെള്ളിയാഴ്ചത്തെ മുന്നേറ്റത്തോടെ വിപണി തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. അതുപോലെ കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി പ്രധാന സൂചികകള്‍ പുതിയ താഴ്ന്ന നിലവാരം കുറിച്ചിട്ടുമില്ല. ചാഞ്ചാട്ടം പൂര്‍ണമായും മാറിയില്ലെങ്കിലും തിരിച്ചു വരവിന്റെ സൂചനകളാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്. അതേസമയം ആകര്‍ഷകമായ നിലവാരത്തില്‍ നില്ക്കുന്ന ഗുണമേന്മയുള്ള ഓഹരികളില്‍ നിക്ഷേപം പരിഗണിക്കാമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായി സമീപ കാലയളവിലേക്ക് 95 ശതമാനത്തോളം നേട്ടം നല്കാവുന്ന ഒരു സ്മോള്‍ കാപ് ഓഹരിയില്‍ നിക്ഷേപവും നിര്‍ദേശിച്ചു.

അശോക ബില്‍ഡ്കോണ്‍
രാജ്യത്തെ പ്രമുഖ ഹൈവേ നിര്‍മാണ കമ്പനിയാണ് അശോക ബില്ഡ്കോണ്്. മഹാരാഷ്ട്രയിലെ നാസിക് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം. നിര്‍മിക്കുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറുക (BOT) മാതൃകയിലുള്ള പദ്ധതികളാണ് പ്രധാനമായും ഏറ്റെടുത്ത് നടപ്പാക്കുന്നത്. ദേശീയപാതയ്ക്കു പുറമേ വലിയ പാലങ്ങള്‍, റെയില്‍വേ, കണ്‍സ്ട്രക്ഷന്‍, സിറ്റി ഗ്യാസ് മേഖലകളുമായി ബന്ധപ്പെട്ട വമ്പന്‍ പദ്ധതികളുടെ നിര്‍മാണ പ്രവൃത്തികളും ഏറ്റെടുക്കുന്നുണ്ട്. ഗുണമേന്മയിലും ജോലിസ്ഥലത്തെ മികച്ച സൗകര്യങ്ങള്‍ കൊണ്ടും ഐഎസ്ഒ അംഗീകാരം നേടിയിട്ടുളള കമ്പനി കൂടിയാണിത്.

ഓഹരി വിശദാംശം
അശോക ബില്‍ഡ്കോണിന്റെ ആകെ ഓഹരികളില്‍ 54.48 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 2.13 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 21.48 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 21.91 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 2,018 കോടിയാണ്. 2018-നു ശേഷം കമ്പനി ഡിവിഡന്റ് നല്‍കിയിട്ടില്ല.
പ്രതിയോഹരി ബുക്ക് വാല്യൂ 29.58 രൂപ നിരക്കിലാണ്. അതേസമയം സിവില്‍ കണ്‍സ്ട്രക്ഷന്‍ ഓഹരികളുടെ ശരാശരി പിഇ അനുപാതം 33.66 ആയിരിക്കുമ്പോള്‍ അശോക ബില്ഡ്കോണിന്റേത് 2.90 നിലവാരത്തിലാണെന്നതും ശ്രദ്ധേയം.

അനുകൂല ഘടകം
അശോക ബില്‍ഡ്കോണിന്റെ ഓര്‍ഡര്‍ ബുക്ക് 14,630 കോടിയിലേക്ക് ഉയര്‍ന്നു. ചെന്നൈ നഗരത്തിലെ ഔട്ടര്‍ റിങ് റോഡ് പദ്ധതിയുടെ കരാര്‍ നേടിയതിലൂടെ 4,500 കോടി ലഭിക്കുമെന്നാണ് അനുമാനം. ഇതോടെ 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നേടിയെടുത്ത കരാര്‍ മൂല്യം 8,710 കോടിയുടേതാണ്. ഇത് കമ്പനിയുടെ റെക്കോഡ് നേട്ടമാണ്.
അതേസമയം ഓഹരിയിന്മേലുള്ള ആദായം ഉയര്‍ന്ന തോതിലും മികച്ച വളര്‍ച്ചാ നിരക്കും പ്രകടമാക്കുന്നു. ഇതിനോടൊപ്പം തീരെ താഴ്ന്ന നിലവാരത്തിലുള്ള പിഇ അനുപാതവും മൂല്യത്തെ കുറിക്കുന്നു. 2023 സാമ്പത്തിക വര്‍ഷം കമ്പനി 20-25 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിഗമനം.

സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ അശോക ബില്‍ഡ്കോണിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനം 7.1 ശതമാനവും പ്രവര്‍ത്തന ലാഭം 7.6 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ അശോക ബില്‍ഡ്കോണിന്റെ സംയോജിത വരുമാനം 1,957.29 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 12.78 ശതമാനം വര്‍ധനയാണിത്. നാലാം പാദത്തിലെ അറ്റാദായം 225.93 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 58.59 ശതമാനം ഉയര്‍ച്ച കാണിച്ചു.

ലക്ഷ്യവില 140
വെള്ളിയാഴ്ച അശോക ബില്‍ഡ്കോണിന്റെ (BSE: 533271, NSE: ASHOKA) ഓഹരികള്‍ 71.90 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 140 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് എച്ചഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ 95 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 125 രൂപയും താഴ്ന്ന വില 69 രൂപയപുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 22 ശതമാനം തിരുത്തല്‍ നേരിട്ടു.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.