പുതുവര്‍ഷത്തിലെ ആദ്യ രണ്ട് ആഴ്ചയും വിപണികള്‍ കുതിച്ചു പായുകയായിരുന്നു. സര്‍വകാല റെക്കോഡ് തിരുത്തിക്കുറിക്കുമെന്ന പ്രതീതിയും സൃഷ്ടിച്ചു. എന്നാല്‍ ഈയാഴ്ചയോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ദുര്‍ബല ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ വില്‍പ്പനയും ബജറ്റിന് മുന്നോടിയായുള്ള ലാഭമെടുപ്പും ഒക്കെയായതോടെ പ്രധാന സൂചികകള്‍ 3.5 ശതമാനത്തിലേറെ ഇടിഞ്ഞു. നവംബറിന് ശേഷം ഏറ്റവും തകര്‍ച്ച നേരിട്ട ആഴ്ചയാണ് കടന്നുപോകുന്നത്. ഇത്തരം അവസരങ്ങളില്‍ മികച്ച ഓഹരികള്‍ കണ്ടെത്തി ദീര്‍ഘകാലയളവില്‍ നിക്ഷേപിച്ചാല്‍ നേട്ടം സ്വന്തമാക്കാനാവും. സമീപകാലത്ത് തിരുത്തല്‍ നേരിട്ടതും കടബാധ്യതകളില്ലാത്തതും മുടങ്ങാതെ ലാഭവിഹിതവും നല്കുന്ന മാധ്യമ മേഖലയിലെ ഒരു കമ്പനിയെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

സണ്‍ടിവി നെറ്റ്വര്ക്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ചാനല്‍ ശൃംഖലയാണ് ചെന്നൈ ആസ്ഥാനമായ സണ്‍ ടിവി നെറ്റ്വര്‍ക്ക്. 1993 ഏപ്രിലാണ് ആരംഭം. വിവിധ ഭാഷകളിലായി 20 ചാനലുകളും 48 എഫ്എം സ്റ്റേഷനുകളും ഡിടിഎച്ച് സേവനവും പ്രവര്‍ത്തിക്കുന്നു. തമിഴ് ഭാഷയില്‍ ലോകത്ത് തന്നെ ഏറ്റവും പ്രചാരമുള്ള ചാനലാണിത്. കൂടാതെ വിവിധ വിഭാഗങ്ങളിലായി 6 പ്രസിദ്ധീകരണങ്ങളും കമ്പനിക്കുണ്ട്. ദിനകരന്, തമിഴ് മുരശ്, കുങ്കുമം, മുതരം, വണ്ണത്തിരൈ, കിങ്കുമ ചിമിഴ് എന്നീ പേരുകളിലാണ് അച്ചടി പ്രസിദ്ധീകരണങ്ങള്‍ ഉള്ളത്. ആഭ്യന്തര ക്രിക്കറ്റിലെ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരബാദും കമ്പനിക്ക് സ്വന്തമായുണ്ട്.
Also Read: ലാഭമില്ല, കാത്തിരുന്നു മടുത്തു; ഈ സ്റ്റോക്കിലെ നിക്ഷേപം വെട്ടിക്കുറച്ച് ജുന്‍ജുന്‍വാല

ഓഹരി വിശദാംശം
വിനോദ ചാനലുകള്‍, വാര്‍ത്ത ചാനലുകള്‍, എഫ്എം റേഡിയോ ചാനലുകള്‍ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എല്ലാ പ്രോഗ്രാമുകളും അവരുടെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ സണ്‍ നെക്സ്റ്റിലൂടെയും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സണ്‍ ടിവിയുടെ 75 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരായ സണ്‍ഗ്രൂപ്പിന്റെ കൈവശമാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 8.95 ശതമാനവും വിദേശ നിക്ഷേപകര്‍ 2.92 ശതമാനം ഓഹരികളും കരസ്ഥമാക്കിയിട്ടുണ്ട്. പ്രതിയോഹരി ബുക്ക് വാല്യൂ 179.12 രൂപയാണ്. 19,509 കോടി രൂപയാണ് വിപണി മൂലധനം.

സാമ്പത്തികം
സെപ്റ്റംബര്‍ പാദത്തില്‍ സണ്‍ ടിവി മികച്ച സാമ്പത്തിക ഫലമാണ് പുറത്തുവിട്ടത്. രണ്ടാം പദാത്തില്‍ സബ്സ്ക്രിപ്ഷന്, പരസ്യത്തിലൂടെയും 848 കോടി രൂപ വരുമാനവും 398 കോടി രൂപ അറ്റാദായവും നേടി. ഇതോടെ പ്രതിയോഹരി വരുമാനം (EPS) 10.04 രൂപയായി. പ്രതിവര്‍ഷം രണ്ടോ മൂന്നോ തവണയായി ലാഭവിഹിതം നല്‍കാറുണ്ട്. ഡിവിഡന്റ്് യീല്‍ഡ് 1.01 ശതമാനമാണ്. നിലവില്‍ കമ്പനിക്ക് യാതൊരുവിധ കടബാധ്യതയുമില്ലെന്നതും ശ്രദ്ധേയം. പ്രത്യേകിച്ചും പലിശ നിരക്കുകള്‍ താമസിയാതെ ഉയര്‍ന്നു തുടങ്ങാനിരിക്കെ, കടബാധ്യതകളില്ലാത്തത് പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ മികച്ച നിലയില്‍ തുടരുന്നതിന് സഹായിക്കും.

20 % വിലക്കുറവില്‍
വെള്ളിയാഴ്ച 495 രൂപ നിലവാരത്തിലാണ് സണ്‍ടിവിയുടെ (BSE: 532733, NSE: SUNTV) ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. നിലവില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 20 ശതമനാത്തോളം താഴെയാണ് ഓഹരികളുളളത്. കഴിഞ്ഞ മൂന്ന്് മാസത്തിനിടെ 10 ശതമാനത്തോളം ഓഹരിവില ഇറങ്ങി. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 606 രൂപയും കുറഞ്ഞ വില 425 രൂപയുമാണ്. കഴിഞ്ഞ കുറെ നാളുകളായി ഓഹരികള്‍ ചെറിയ റേഞ്ചിനുളളിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.