കഴിഞ്ഞ 8 മാസത്തോളമായി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ചില ഓഹരികള്‍ ഇതിനോടകം ശക്തമായ തിരുത്തല്‍ നേരിട്ട് താഴ്ന്ന നിലവാരത്തിലേക്ക് വീണു. എന്നാല്‍ മറ്റു ചില ഓഹരികളാവട്ടെ അധികം നീക്കങ്ങളില്ലാതെ സ്ഥിരതയാര്‍ജിക്കലിന്റെ വഴിയിലേക്കും മാറി. ഇത്തരത്തില്‍ ഏറെ നാളായി 'അനക്കമില്ലാ'തിരുന്നതും മലയാളി ബന്ധവുമുള്ള ഒരു കമ്പനിയുടെ ഓഹരി ഇന്നു രാവിലെ 14 ശതമാനത്തോളം കുതിച്ചുയര്‍ന്നു. മികച്ച നാലാം പാദഫലമാണ് ആവേശക്കുതിപ്പിന് വഴിതെളിച്ചത്.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍
യു.എ.ഇ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലുമായി വമ്പന്‍ ആശുപത്രികളും രോഗനിര്‍ണയ കേന്ദ്രങ്ങളും ഫാര്‍മസികളും ക്ലിനിക്കുകളും ഉള്ള വലിയ ആരോഗ്യ പരിപാലന ശൃംഖലയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ (BSE: 540975, NSE: ASTERDM). ബംഗളുരൂവിലാണ് ആസ്ഥാനം. ത്രിതല ചികിത്സാ സൗകര്യങ്ങളാണ് മലയാളി കൂടിയായ ഡോ. ആസാദ് മൂപ്പന് നേതൃത്വം നല്കുന്ന ആസ്റ്ററിന്റെ ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുള്ളത്. 1987-ല്‍ ദുബായിലാണ് കമ്പനിയുടെ തുടക്കം. 2008-ലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ എന്ന ബ്രാന്‍ഡ് നാമത്തിലേക്ക് മാറിയത്.

സാമ്പത്തികം
മാര്‍ച്ച് പാദത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സംയോജിത വരുമാനം 2,728 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനം വര്‍ധന രേഖപ്പെടുത്തുന്നു. നാലാം പാദത്തിലെ അറ്റാദായം 226 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 115 ശതമാനം ഉയര്‍ച്ചയാണ് കാണിക്കുന്നത്. ഇതോടെ പ്രതിയോഹരി വരുമാനം 2.12 രൂപയില്‍ നിന്നും 4.55-ലേക്ക് മെച്ചപ്പെടുത്തി.
അതേസമയം പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ആസ്റ്ററിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ സ്ഥാപനത്തിന്റെ വരുമാനം 8.8 ശതമാനവും പ്രവര്‍ത്തനലാഭം 19.8 ശതമാനവും അറ്റാദായം 16.4 ശതമാനവും വീതം വളര്‍ച്ച രേഖപ്പെടുത്തി.
Also Read: 60 വയസ് കഴിഞ്ഞവർക്ക് ലോട്ടറി; ഉയർന്ന പലിശക്കൊപ്പം സുരക്ഷിതത്വവും നൽകുന്ന സ്കീമിൽ ചേരാം

ഓഹരി വിശദാംശം
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ആകെ ഓഹരികളില്‍ 37.88 ശതമാനം പ്രമോട്ടറിന്റെ പക്കലാണുള്ളത്. എന്നാല്‍ ഇതില്‍ 10.44 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് 11.03 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 8.64 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 42 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ആസ്റ്ററിന്റെ വിപണി മൂല്യം 8,971 കോടിയാണ്. ഓഹരിയുടെ ബുക്ക് വാല്യൂ 76.81 നിരക്കിലും പിഇ അനുപാതം 22.15 നിലവാരത്തിലുമാണ്.
അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 237 രൂപയും താഴ്ന്ന വില 142.40 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 7 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.

ലക്ഷ്യവില 250
ഇന്നത്തെ വ്യാപാരത്തിനിടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഓഹരി 14 ശതമാനത്തിലേറെ കുതിച്ചിരുന്നു. ഒടുവില്‍ 180 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്.
- അടുത്ത 12 മാസത്തിനകം ഓഹരി വില 250 രൂപയിലേക്ക് ഉയരാമെന്ന് ഐസിഐസിഐ ഡയറക്ട് സൂചിപ്പിച്ചു. ഇതിലൂടെ 40 ശതമാനം നേട്ടമാണ് ബ്രോക്കറേജ് സ്ഥാപനം പ്രതീക്ഷിക്കുന്നത്.
- ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഓഹരികള്‍ 230 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 32 ശതമാനത്തോളം ലാഭം കരസ്ഥമാക്കാമെന്നും ചൂണ്ടിക്കാട്ടി.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.