ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം തുടങ്ങാന്‍ ആലോചനയുണ്ടോ? അറിയണം 7 നിയമങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോ വിപണിയില്‍ നിക്ഷേപം നടത്തുന്നവരുടെ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് ഉയര്‍ന്ന നേട്ടം സമ്മാനിക്കാന്‍ ഡിജിറ്റല്‍ കറന്‍സികള്‍ക്ക് സാധിക്കുമെന്നത് പുതുതലമുറ നിക്ഷേപകരെ ഇതിലേക്ക് ആകര്‍ഷിക്കുന്നു.

 

എന്നാല്‍ ക്രിപ്‌റ്റോ വ്യാപാരത്തില്‍ അപകടസാധ്യതയും ഏറെയാണ്. നിന്നനില്‍പ്പില്‍ വിപണി ഒന്നടങ്കം വീഴാം. അസാധാരണമായ ചാഞ്ചാട്ടം ക്രിപ്‌റ്റോ വിപണിയിലെ പതിവ് കാഴ്ച്ചയാണ്. മെയ് മാസം ഒറ്റ രാത്രികൊണ്ടായിരുന്നു ക്രിപ്‌റ്റോ നാണയങ്ങള്‍ 70 മുതല്‍ 80 ശതമാനം വരെ നിലംപതിച്ചത്. അന്നത്തെ വീഴ്ചയുടെ ക്ഷീണത്തില്‍ നിന്നും വിപണി ഇപ്പോഴും കരകയറിയിട്ടില്ല.

ക്രിപ്റ്റോ വിപണി

ഓഹരി വിപണിയില്‍ ഓരോ സ്‌റ്റോക്കും വിശദമായി പഠിക്കാന്‍ കഴിയും. ഇവയുടെ ടെക്‌നിക്കല്‍ ചാര്‍ട്ടുകളും ഗഹനമായ വിശകലനങ്ങളും (ഫണ്ടമെന്‌റല്‍ അനാലിസിസ്) നിക്ഷേപകര്‍ക്ക് ലഭ്യമാണ്. എന്നാല്‍ ക്രിപ്‌റ്റോ വിപണിയില്‍ ഡിജിറ്റല്‍ കറന്‍സികളുടെ കഴിഞ്ഞകാല പ്രകടനത്തെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ അവസരം കുറവാണ്. ക്രിപ്‌റ്റോ ലോകത്തെ പ്രധാന പോരായ്മയും ഇതുതന്നെ.

എന്തായാലും ക്രിപ്‌റ്റോ വിപണിയിലേക്ക് കൂടുതല്‍ ആളുകള്‍ ചുവടുവെയ്ക്കുന്ന പശ്ചാത്തലത്തില്‍ തുടക്കക്കാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഏഴു നിയമങ്ങള്‍ ചുവടെ കാണാം.

1. വലിയ തുക നിക്ഷേപിക്കരുത്

1. വലിയ തുക നിക്ഷേപിക്കരുത്

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ചില ക്രിപ്‌റ്റോ കറന്‍സികള്‍ സമര്‍പ്പിച്ചിട്ടുള്ള റിട്ടേണ്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. 6 മാസം മുന്‍പ് ഡോജ്‌കോയിനില്‍ (ഡോഗി) 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 5.75 ലക്ഷം രൂപയായി തുക വര്‍ധിച്ചേനെ. എന്നാല്‍ ഈ കണക്കുകള്‍ കണ്ട് മതിമറക്കരുത്. നഷ്ടപ്പെട്ടാലും കുഴപ്പമില്ലെന്ന് കരുതുന്ന തുക മാത്രമേ ക്രിപ്‌റ്റോ വിപണിയില്‍ ഇറക്കാന്‍ പാടുള്ളൂ. ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കിലും തുടക്കക്കാരനെന്ന നിലയില്‍ ചെറിയ തുക വെച്ച് മാത്രം ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്താം.

മൊത്തം പോര്‍ട്ട്‌ഫോളിയോയില്‍ 2 ശതമാനം മാത്രമായിരിക്കണം ക്രിപ്‌റ്റോ വിപണിയിലുള്ള നിക്ഷേപം. ക്രിപ്‌റ്റോ വ്യാപാരം പരിചിതമായതിന് ശേഷം വിവിധ ഡിജിറ്റല്‍ കറന്‍സികളെ കുറിച്ചും അവയുടെ മൂല്യത്തെക്കുറിച്ചും പഠിക്കാം; ബുദ്ധിപൂര്‍വമായ തീരുമാനങ്ങളെടുക്കാം.

2. അസാധാരണമായ ചാഞ്ചാട്ടം പ്രതീക്ഷിക്കണം

2. അസാധാരണമായ ചാഞ്ചാട്ടം പ്രതീക്ഷിക്കണം

ക്രിപ്‌റ്റോ വിപണിയെ കുറിച്ച് പഠിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം നിക്ഷേപം നടത്തി കാര്യങ്ങള്‍ മനസിലാക്കുന്നതാണ്. പക്ഷെ ഇവിടെ അപകടസാധ്യത ഏറെയുണ്ട്. ഏതുനിമിഷവും വിപണി അസാധാരണമായി ചാഞ്ചാടാം. നിക്ഷേപകര്‍ ഇതു മനസില്‍ കരുതിയിരിക്കണം.

മെയ് മാസം രണ്ടാം വാരം ഒറ്റ രാത്രി കൊണ്ടാണ് ബിറ്റ്‌കോയിന്‍, ഈഥര്‍, ഡോജ്‌കോയിന്‍ അടക്കമുള്ള ഡിജിറ്റല്‍ കറന്‍സികള്‍ 80 ശതമാനം വരെ കൂപ്പുകുത്തിയത്. ഏപ്രിലില്‍ 50 ലക്ഷം രൂപ വില തൊട്ട ബിറ്റ്‌കോയിന്‍ അന്ന് 48 ശതമാനം ഇടിഞ്ഞു. അതുകൊണ്ട് ക്രിപ്‌റ്റോ നാണയങ്ങളില്‍ പണമിറക്കുന്നവര്‍ വന്‍വീഴ്ചകള്‍ക്ക് എന്നും തയ്യാറായിരിക്കണം.

3. വിശ്വസനീയമായ പ്ലാറ്റ്‌ഫോം ഉപയോഗിക്കുക

3. വിശ്വസനീയമായ പ്ലാറ്റ്‌ഫോം ഉപയോഗിക്കുക

നിലവില്‍ ഇന്ത്യയില്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് നിയന്ത്രണങ്ങളില്ല. ഇക്കാരണത്താല്‍ ഓരോ ദിവസവും നിരവധി ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളാണ് പൊട്ടിമുളയ്ക്കുന്നത്. ക്രിപ്‌റ്റോ വ്യാപാരം നിരോധിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം സുപ്രീം കോടതി മുന്‍പ് റദ്ദാക്കിയിരുന്നു. എന്നാല്‍ ക്രിപ്‌റ്റോ ലോകത്തെ സംശയദൃഷ്ടിയോടെയാണ് സര്‍ക്കാര്‍ വീക്ഷിക്കുന്നത്.

ഈ അവസരത്തില്‍ വിശ്വസനീയമായ പ്ലാറ്റ്‌ഫോമുകള്‍ വഴി മാത്രമേ ക്രിപ്‌റ്റോ വ്യാപാരം നടത്താന്‍ പാടുള്ളൂ. ഒരു സുപ്രഭാതത്തില്‍ കേന്ദ്രം ക്രിപ്‌റ്റോ ഇടപാടുകള്‍ വിലക്കുകയാണെങ്കില്‍ നിങ്ങളുടെ പണം കുടുങ്ങിക്കിടക്കാതിരിക്കാന്‍ ഈ മുന്‍കരുതല്‍ സഹായിക്കും.

4. ടിപ്പുകള്‍ കണ്ണുമടച്ച് വിശ്വസിക്കരുത്

4. ടിപ്പുകള്‍ കണ്ണുമടച്ച് വിശ്വസിക്കരുത്

ക്രിപ്‌റ്റോ വിപണിയില്‍ ആധികാരികമായ വിവരങ്ങള്‍ കുറവാണ്. ഈ സാഹചര്യം നിരവധി ആളുകള്‍ മുതലെടുക്കുന്നത് കാണാം. വാട്‌സ്ആപ്പ്, ടെലഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ 'ക്രിപ്‌റ്റോ ട്രേഡിങ് ടിപ്പുകള്‍' സജീവമാണ്. സ്വയം പ്രഖ്യാപിത ക്രിപ്‌റ്റോ വിശാരദന്മാര്‍ നിശ്ചിത നിരക്ക് വാങ്ങി ഏതു ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തണമെന്ന് നിര്‍ദ്ദേശിക്കുന്നതാണ് സംഭവം.

പലപ്പോഴും തുടക്കക്കാരാണ് ഇവരുടെ വലയില്‍ ചെന്ന് ചാടുക. ഇത്തരക്കാര്‍ പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കരുത്. ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് വിവിധ മാര്‍ഗങ്ങള്‍ വഴി സ്ഥിരീകരിക്കണം. മാര്‍ക്കറ്റ് ക്യാപ്പും (വിപണി മൂല്യം) ട്രേഡിങ് വോള്യവും (വില്‍ക്കപ്പെട്ടുന്ന യൂണിറ്റുകളുടെ എണ്ണം) ഇവിടെ ആധാരമാക്കാം. കുറഞ്ഞ മാര്‍ക്കറ്റ് ക്യാപ്പും കുറഞ്ഞ പ്രതിദിന വോള്യവും അപകട സൂചനയാണ് മുന്നോട്ടുവെയ്ക്കുന്നത്.

5. ബ്ലൂചിപ്പുകളില്‍ നോട്ടമുറപ്പിക്കുക

5. ബ്ലൂചിപ്പുകളില്‍ നോട്ടമുറപ്പിക്കുക

ഓഹരി വിപണി പോലെ ക്രിപ്‌റ്റോ വിപണിയിലും ബ്ലൂചിപ്പ് നാണയങ്ങളുണ്ട്. നാമമാത്രമായ നിരക്കില്‍ ഡിജിറ്റല്‍ കറന്‍സികള്‍ കാണുമ്പോള്‍ ഒരിക്കലും പ്രലോഭിതരാവരുത്. ഉയര്‍ന്ന വിലയുള്ള നാണയങ്ങള്‍ താരതമ്യേന സുസ്ഥിരമായിരിക്കും. വലിയ വിലയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ അംശങ്ങളായി വാങ്ങാനും ക്രിപ്‌റ്റോ വിപണിയില്‍ അവസരമുണ്ട്.

നിലവില്‍ ബിറ്റ്‌കോയിനും എഥീറിയവുമാണ് ക്രിപ്‌റ്റോ ലോകത്തെ ബ്ലൂചിപ്പ് കറന്‍സികള്‍. വിപണിയുടെ മൊത്തം വികാരത്തെ സ്വാധീനിക്കാന്‍ ഈ രണ്ടു നാണയങ്ങള്‍ക്കും സാധ്യമാണ്. ഡോജ്‌കോയിന്‍, മാറ്റിക് തുടങ്ങിയ കറന്‍സികള്‍ക്കും ഇപ്പോള്‍ പ്രചാരമേറെ.

6. ആഗോള ചലനങ്ങള്‍ നിരീക്ഷിക്കുക

6. ആഗോള ചലനങ്ങള്‍ നിരീക്ഷിക്കുക

ഇന്ത്യയിലിരുന്നാണ് ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങുന്നതെങ്കിലും ക്രിപ്‌റ്റോ വിപണി ലോകം മുഴുവന്‍ പരന്നുകിടക്കുകയാണ്. ആഗോളതലത്തിലുള്ള ചെറിയ സംഭവവികാസം പോലും ക്രിപ്‌റ്റോ കറന്‍സികളില്‍ വലിയ ചഞ്ചാട്ടം സൃഷ്ടിക്കും. അതുകൊണ്ട് അമേരിക്ക, സിംഗപ്പൂര്‍, യൂറോപ്പ് എന്നിവടങ്ങളിലുള്ള പ്രധാനപ്പെട്ട വാര്‍ത്തകളും വിവരങ്ങളും നിക്ഷേപകര്‍ അറിഞ്ഞിരിക്കണം.

ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് അമേരിക്ക നികുതി പ്രഖ്യാപിച്ചതാണ് മെയ് മാസം വിപണി ഇടിയാനുള്ള മറ്റൊരു കാരണം. 24 മണിക്കൂറും ക്രിപ്‌റ്റോ വിപണി ഉണര്‍ന്നിരിക്കുമെന്നത് നിക്ഷേപകരുടെ ജാഗ്രത കൂടുതല്‍ ആവശ്യപ്പെടുന്നു.

7. നികുതി ബാധകം

7. നികുതി ബാധകം

ക്രിപ്‌റ്റോ വ്യാപാരത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് നികുതി ബാധകമാണ്. നിലവില്‍ ആദായ നികുതി നിയമത്തില്‍ ക്രിപ്‌റ്റോ കറന്‍സികളെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ഏത് ഉറവിടത്തില്‍ നിന്നുള്ള വരുമാനവും (പ്രത്യേകം ഇളവ് നല്‍കിയിട്ടില്ലാത്തവ) നികുതിക്ക് വിധേയമാണ്.

ക്രിപ്‌റ്റോ നാണയങ്ങളെ റിസര്‍വ് ബാങ്ക് ഇപ്പോഴും കറന്‍സിയായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് ക്യാപിറ്റല്‍ അസറ്റ് ഗണത്തില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ പെടുമെന്ന് നികുതി രംഗത്തുള്ള വിദഗ്ധര്‍ സൂചിപ്പിക്കുന്നു. അതായത് ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നുള്ള ഹ്രസ്വകാല നേട്ടങ്ങള്‍ സാധാരണ നിരക്കില്‍ വരുമാനത്തിനൊപ്പം ചേര്‍ക്കപ്പെടും. ദീര്‍ഘകാല നേട്ടങ്ങള്‍ 20 ശതമാനം വരെ നികുതി ആകര്‍ഷിക്കാം.

മുകളിലുള്ള ലേഖനം അറിവിനായി മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസോ രചയിതാവോ ഉത്തരവാദികളല്ല.

Read more about: cryptocurrency bitcoin
English summary

How Does Cryptocurrency Trading Work? What Are The Steps A New Investor Should Follow

How Does Cryptocurrency Trading Work? What Are The Steps A New Investor Should Follow? Read in Malayalam.
Story first published: Monday, June 14, 2021, 9:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X