ഈ വര്‍ഷത്തെ പ്രധാന ആശങ്കയായി പണപ്പെരുപ്പം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ വിപണിയില്‍ തങ്ങിനില്ക്കുന്ന പ്രതികൂല സാഹചര്യങ്ങള്‍ക്കിടെയിലും ഇന്ത്യക്ക് ചില അനുകൂല ഘടകങ്ങളുമുണ്ട്. വാക്സിനേഷന് ഏറെക്കുറെ പൂര്‍ത്തിയായതും ഒമിക്രോണ്‍ തരംഗത്തിന്റെ പ്രത്യാഘാതം പ്രതീക്ഷിച്ചതിലും താഴെയായതും തുടര്‍ച്ചയായി ഉയര്‍ന്ന നിലയില്‍ തുടരുന്ന ജിഎസ്ടി നികുതി വരവും രാഷ്ട്രീയമായും സാമ്പത്തികമായ സ്ഥിരതയും മികച്ച തോതിലുള്ള വിദേശനാണ്യ ശേഖരവും ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നു.

ഇതിനിടെ കഴിഞ്ഞ 6-7 മാസമായി ഉക്രൈന് യുദ്ധം നല്കുന്ന അസ്ഥിരതയും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും പലിശ നിരക്ക് വര്‍ധനയുടെയും ഭീഷണിയാല്‍ ആഭ്യന്തര വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ഇതിനോടകം 10-15 ശതമാനം വരെയുള്ള തിരുത്തല്‍ നേരിട്ടു. അതേസമയം, പണപ്പെരുപ്പ ഭീഷണിയുടെ ദോഷം അനുഭവിക്കുന്ന മേഖലകളില്‍ ലാര്‍ജ് കാപ് കമ്പനികള്‍ക്ക് മറ്റുള്ള ചെറിയ കമ്പനികളേക്കാള്‍ പിടിച്ചു നില്‍ക്കാനും വിപണി വിഹിതം വര്‍ധിപ്പാക്കാനും സാധിക്കും. കാരണം താരതമ്യേന ശക്തമായ സാമ്പത്തിക സ്ഥിതിയുള്ളതിനാല്‍ പ്രതികൂല ഘടകങ്ങളെ ഒരുപരിധി വരെ നേരിടാനാകും.

അതേസമയം പണപ്പെരുപ്പത്തിന്റെ ഭീഷണി നേരിട്ടു ബാധിക്കാത്ത ഓഹരികള്‍ തിരുത്തലിന് വിധേയമായി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച നിലവാരത്തിലേക്ക് വന്നിട്ടുണ്ടെങ്കില്‍ ശ്രദ്ധയര്‍ഹിക്കുന്നവയാണ്. ഐടിയും ഉത്പാദനാധിഷ്ഠിത ആനുകൂല്യം (PLI ) ലഭിക്കുന്ന ഉത്പാദന മേഖലയിലെ കമ്പനികളേയും ഈ പശ്ചാത്തലത്തില്‍ പരിഗണിക്കാവുന്നതാണ്. ഇവരേയും പണപ്പെരുപ്പം ബാധിക്കാമെങ്കിലും രൂപ ദുര്‍ബലമായത് ഐടി കമ്പനികളേയും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഇന്‍സെന്റീവ് ഉത്പാദക കമ്പനികളേയും തുണയ്ക്കും. കൂടാതെ കോവിഡാനന്തര ലോകത്തില്‍ ചൈനയ്ക്ക് ബദലായ നിര്‍മാണ, വിതരണ കേന്ദ്രമെന്ന പരിഗണന ഇന്ത്യക്ക് ലഭിക്കാവുന്നതും ഇത്തരം കമ്പനികള്‍ക്ക് നേട്ടമാകും.
Also Read: ഐടിസിയില്‍ 'ഗോള്‍ഡന്‍ ക്രോസ്' തെളിഞ്ഞു; ഇനി വിപണിയെ കൂസാതെ 400-ലേക്ക് കയറ്റം!

- ബാങ്കിംഗ്- നിലവിലെ പൊതുവിപണിയുടെ സാഹചര്യത്തിലും ലാഭ മാര്‍ജിന്‍ മികച്ച തോതില്‍ നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും സാധ്യതയുള്ള മേഖലയാണ് ബാങ്കിംഗ്. പലിശ നിരക്ക് വര്‍ധനയുള്ള കാലഘട്ടത്തിലേക്ക് കടന്നതോടെയാണ് ലാഭസാധ്യതയും തെളിയുന്നത്. സാധാരണ ഗതിയില്‍ നിക്ഷേപത്തിന്റെ പലിശ പുതുക്കുന്നതിനേക്കാള്‍ വേഗത്തില്‍ ബാങ്കുകള്‍, വിതരണം ചെയ്ത വായ്പുടെ പലിശ വര്‍ധിപ്പിക്കുന്ന പ്രവണത ഉളളതും അനുകൂല ഘടകമാണ്. അതേസമയം ഈ നേട്ടത്തിന് വായ്പ വിതരണത്തിനുള്ള ചെലവ് നിയന്ത്രണ വിധേയമായിരിക്കണം.

- കാര്‍ഷികം- കഴിഞ്ഞ കാലങ്ങളില്‍ ഗ്രാമീണ സമ്പദ്ഘടനയുടെ പിന്നോക്കാവസ്ഥയായിരുന്നു വിഷയം എങ്കില്‍ ഇന്ന് ആ അവസ്ഥയില്‍ പുരോഗതി കാണാനാവും. കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതും മികച്ച മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയും കാര്‍ഷിക മേഖലയുടെ പ്രത്യേകിച്ചും ചില വിഭാഗങ്ങളുടെ ഉണര്വിന് താമസിയാതെ സാക്ഷ്യം വഹിക്കുമെന്നാണ് അനുമാനം.
- എനര്‍ജി & മെറ്റല്‍- കിഴക്കന്‍ യൂറോപ്പിലെ റഷ്യ- ഉക്രൈന് സംഘര്‍ഷം ചില എനര്‍ജി ഓഹരികളെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുന്നത് പ്രകടമായി. എന്നിരുന്നാലും വ്യവസായത്തില്‍ ചാക്രിക സ്വഭാവം അന്തര്‍ലീനമായ വിഭാഗങ്ങളായ ലോഹം, ഊര്‍ജം എന്നിവയെ സൂക്ഷ്മമായി തുടര്‍ന്നും നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്.

- ഇന്‍ഡസ്ട്രിയല്‍- നിലവില്‍ അനുകൂല സാഹചര്യം തെളിഞ്ഞു നില്ക്കുന്ന മേഖലയാണിത്. എന്നാല്‍ ഈ ഓഹരികള്‍ വ്യാവസായികപരവും ആഭ്യന്തര മൂലധന ചെലവില്‍ അധിഷ്ഠിതമോ ആണെങ്കില്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തേണ്ടതും അത്യാവശ്യമാണ്. കാരണം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനാലും സ്വകാര്യവത്കരണ നടപടികള്‍ ഉദ്ദേശിച്ച വേഗത്തില്‍ നടക്കാത്തതും ഉയര്‍ന്ന പലിശ നിരക്കുകളും കാരണം സര്‍ക്കാരിന് ബജറ്റില്‍ ലക്ഷ്യമിട്ട അത്രയും തോതിലുള്ള മൂലധന ചെലവിടലിന് പ്രയാസമേറിയിട്ടുണ്ട് എന്നതും മറക്കരുത്.
Also Read: അടുത്തയാഴ്ച ഓഹരി വിഭജനം, ബോണസ് ഓഹരി നല്കുന്ന കമ്പനികള്‍ ഇതാ; കൈവശമുണ്ടോ?

കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്പനയോടെ, കമ്പനികളിലെ ഓഹരി പങ്കാളിത്തം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഭൂരാഷ്ട്രീയം സ്ഥിരത കൈവരിച്ചു കഴിഞ്ഞാല്‍, മറ്റ് വികസ്വര രാജ്യങ്ങളേക്കാള്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ മത്സരക്ഷമത നല്കുന്ന മുന്‍തൂക്കവും വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശം കുറഞ്ഞു നില്ക്കുന്നതും കാരണം ദീര്‍ഘകാലയളവില്‍ രാജ്യത്തിനുള്ളിലേക്ക് നിക്ഷേപം ഒഴുകിയെത്താന്‍ തന്നെയാണ് സാധ്യത. അപ്പോള്‍ നിലവില്‍ വിദേശത്തേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് താത്കാലിക പ്രതിഭാസം മാത്രമായി ചുരുങ്ങും.

കൂടാതെ ദീര്‍ഘ കാലയളവിലേക്ക് പണപ്പെരുപ്പം ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ നികുതിക്ക് ശേഷം മികച്ചൊരു ആദായം കരഗതമാകണം എന്നുണ്ടെങ്കില്‍ അവശേഷിക്കുന്ന ചുരുക്കം ചില മാര്ഗങ്ങളിലൊന്നാ് ഓഹരി നിക്ഷേപം. അതിനാല്‍ അടുത്തിടെ ഉയര്‍ന്നുവന്ന റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം നിലനില്ക്കാന് തന്നെയാണ് സാധ്യത. ഇത് ആഭ്യന്തര ഫണ്ടുകളെ ശക്തിപ്പെടുത്തുന്ന ഘടകവുമാണ്. ഇത്തരമൊരു പശ്ചാത്തലത്തില്‍ വിപണിയില്‍ നേരിടുന്ന ചാഞ്ചാട്ടങ്ങളേയും തിരുത്തലുകളേയും തെരഞ്ഞെടുത്ത വിഭാഗങ്ങളിലെ അടിസ്ഥാനപരമായി മികച്ച ഓഹരികളില്‍ ദീര്‍ഘകാലയളവ് കണക്കാക്കി നിക്ഷേപിക്കാനുള്ള അവസരമാക്കണം.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എക്സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.