വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴിമാറിയിട്ട് 6-8 മാസത്തോളമായി. ആഗോള, ആഭ്യന്തര ഘടകങ്ങളാണ് വിപണിയെ പിന്നോട്ടടിക്കുന്നത്. എന്നാല്‍ ഇതിനിടെയിലും ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റം പ്രകടമായിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ച ഒരു ഓഹരിയില്‍ വീണ്ടും 60 മുതല്‍ 120 ശതമാനം നേട്ടം പ്രവചിച്ച് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ രംഗത്തെത്തി. ഈ സ്മോള്‍ കാപ് ഓഹരിയില്‍ 'തിമിഗലം' എന്നറിയപ്പെടുന്ന പ്രമുഖ നിക്ഷേപകന് ആശിഷ് കഛോലിയയ്ക്കും പങ്കാളിത്തമുണ്ട്.

ഗ്രാവിറ്റ ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ ഈയം (ലെഡ്) നിര്‍മാതാക്കളാണ് രാജസ്ഥാനിലെ ജയ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രാവിറ്റ ഇന്ത്യ ലിമിറ്റഡ്. 1992-ലാണ് ആരംഭം. പ്രധാനമായും നാല് മേഖലകളിലാണ് പ്രവര്‍ത്തനം. ഈയം, അലുമിനീയം, പ്ലാസ്റ്റിക് എന്നിവയുടെ പുനഃചംക്രമണവും ഇതിനുള്ള പദ്ധതികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നതിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഈയ സങ്കരങ്ങളും ലിഥാര്‍ജ്, റെഡ് ലെഡ്, ലെഡ് സബ്- ഓക്സൈഡ് തുടങ്ങിയവ ഉത്പാദിപ്പിക്കുന്നുണ്ട്. ഉപയോഗ ശൂന്യമായ ബാറ്ററികളുടെ പുനഃചക്രംമണവും മറ്റ് സമാന ഉത്പന്നങ്ങളുടേയും കേബിളിന്റെയും അവശിഷ്ടങ്ങളും സംസ്കരിച്ച് ഈയം വേര്‍തിരിച്ചെടുക്കുന്നുമുണ്ട്.

അനുകൂല ഘടകങ്ങള്‍
പ്രാരംഭ ഘടത്തില്‍ പ്രാദേശിക വിപണിയെ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനമെങ്കിലും കാലക്രമേണ രാജ്യത്തിനകത്തും പുറത്തേക്കും ബിസിനസ് വ്യാപിപ്പിച്ചത് ശ്രദ്ധേയമാണ്. നിലവില്‍ 20 രാജ്യങ്ങളില്‍ നിന്നും ഈയം അടങ്ങിയ അവശിഷ്ടങ്ങള്‍ പുനചക്രമണത്തിനായി ശേഖരിക്കുന്നുണ്ട്. ലെഡ്-ആസിഡ് ബാറ്ററിക്ക് വേണ്ട അസംസ്കൃത വസ്തുക്കളാണ് ഇതിലൂടെ ഉത്പാദിപ്പിക്കുന്നത്. കൂടാതെ, ഗുജറാത്തിലെ മുദ്രയില്‍ 24,000 ടണ്‍ ശേഷിയുള്ള ഒരു പ്ലാന്റ് സജ്ജമാക്കുകയും മറ്റൊന്ന് അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്യും. ചിറ്റൂരിലും വിദേശത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലും ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതും ഗ്രാവിറ്റ ഇന്ത്യയുടെ (BSE: 533282, NSE- BE: GRAVITA) ഭാവി വളര്‍ച്ചയ്ക്ക് ഗുണകരമാണ്.

സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഗ്രാവിറ്റ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ കമ്പനിയുടെ വരുമാനം 21.3 ശതമാനവും പ്രവര്‍ത്തന ലാഭം 53.2 ശതമാനവും അറ്റാദായത്തില്‍ 108 ശതമാനവും വീതം വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 666.39 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 52 ശതമാനം വര്‍ധനയാണ്. നാലാം പാദത്തിലെ അറ്റാദായം 41.34 കോടിയും ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 94 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തി. ഇതോടെ പ്രതിയോഹരി വരുമാനം 3.15 രൂപയില്‍ നിന്നും 6.11-ലേക്ക് മെച്ചപ്പെടുത്തി.

ഓഹരി വിശദാംശം
ഗ്രാവിറ്റ ഇന്ത്യയുടെ ആകെയുള്ള ഓഹരികളില്‍ 73 ശതമാനവും മുഖ്യ സംരംഭകന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 1.21 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 23.64 ശതമാനവും ഓഹരി പങ്കാളിത്തുണ്ട്. പ്രമുഖ നിക്ഷേപകന് ആശിഷ് കഛോലിയയും കമ്പനിയുടെ 9,33,304 ഓഹരികള്‍ (1.14 %) സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ കമ്പനിയുടെ വിപണിമൂല്യം 1,843 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.11 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യു 58.06 രൂപ നിരക്കിലും പിഇ അനുപാതം 13.22 നിലവാരത്തിലുമാണ്. അതേസമയം ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 398 രൂപയും താഴ്ന്ന വില 100.60 രൂപയുമാണ്.

ലക്ഷ്യവില 430- 600
ബ്രോക്കറേജ് സ്ഥാപനങ്ങളായ എംകെ ഗ്ലോബലും എച്ച്ഇഎം സെക്യൂരിറ്റീസും 'ബൈ' (BUY) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെ ഗ്രാവിറ്റ ഇന്ത്യയുടെ ഓഹരികള്‍ 270 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
- ഇപ്പോഴുള്ള നിലവാരത്തില്‍ നിന്നും ഗ്രാവിറ്റ ഇന്ത്യ ഓഹരി 600 രൂപ നിലവാരത്തിലേക്ക് ഉയരുമെന്നാണ് എച്ച്ഇഎം സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. അതായത് 122 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്.
- അതേസമയം എംകെ ഗ്ലോബല്‍ നല്‍കിയിരിക്കുന്ന ലക്ഷ്യവില 430 രൂപയാണ്. അതായത് ഗ്രാവിറ്റ ഓഹരിയില്‍ നിന്നും 60 ശതമാനം ലാഭമാണ് ഈ ബ്രോക്കറേജ് സ്ഥാപനം പ്രതീക്ഷിക്കുന്നത്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍, എച്ച്ഇഎം സെക്യൂരിറ്റീസ് എന്നിവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.