ജനത കര്‍ഫ്യൂ മുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വരെ; കൊവിഡിനെ വിവിധ രാജ്യങ്ങള്‍ നേരിടുന്നത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോളതലത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് കൊവിഡ് 19 മഹാമാരി ഉണ്ടാക്കിയത്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകജനത ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍, വ്യാപാരം, സമ്പദ് വ്യവസ്ഥ, വ്യക്തികള്‍ എന്നിവര്‍ക്കായി ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ലോക രാജ്യങ്ങള്‍. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട മാരകമായ വൈറസ് മൂലം, മൂന്ന് മാസത്തിനുള്ളില്‍ 9,300 -ലധികം ആളുകള്‍ മരിച്ചു. കൂടാതെ രണ്ടു ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

 

ലോകമൊട്ടാകെയുള്ള ശാസ്ത്രജ്ഞര്‍ വൈറസിനെതിരെയുള്ള മരുന്നു കണ്ടുപിടിക്കുന്നതിനുള്ള തിരക്കുകളിലേര്‍പ്പെടുമ്പോള്‍, മറുഭാഗത്ത് പ്രതിസന്ധി നേരിടുന്ന സമ്പദ് വ്യവസ്ഥയെയും, ജനങ്ങളെയും വ്യാപാരത്തെയും കരകയറ്റാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ലോകരാജ്യങ്ങള്‍. ഇതാ കൊവിഡ് 19 പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ച പദ്ധതികള്‍;

ഇന്ത്യ

ഇന്ത്യ

കൊവിഡ് 19 വ്യാപനം തടയുന്നതിനും ഇതുമൂലമുണ്ടാവുന്ന സാമ്പത്തിക, ആരോഗ്യ പ്രതിസന്ധികള്‍ നേരിടുന്നതിനുമുള്ള നടപടികള്‍ ഇതിനകം തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് 19 ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കുന്നത് പരിമിതപ്പെടുത്തിയിരിക്കുന്നു. വൈറസ് വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കല്‍, വീട്ടിലിരുന്ന് ജോലി ചെയ്യുക, സര്‍വകലാശാലകളു സ്‌കൂളുകളും മാളുകളും സിനിമാ പ്രദര്‍ശനശാലകളും അടയ്ക്കുക തുടങ്ങിയ നടപടികളും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു.

ഇതിന് പുറമെ, മാര്‍ച്ച് 22 -ന് രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് മണി വരെ 'ജനതാ കര്‍ഫ്യൂ' പാലിക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതോടെ, പൊതുസ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും വീടുകളില്‍ സ്വയം ഒറ്റപ്പെട്ട് കഴിയാനും പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കള്‍ വാങ്ങുമ്പോള്‍ പരിഭ്രാന്തരാവരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. അപകടകരമാം വിധം വൈറസ് ബാധയേല്‍ക്കാനിടയുള്ള 65 നും 70 നും ഇടയില്‍ പ്രായമുള്ള ആളുകള്‍ വീട്ടില്‍ തന്നെ തുടരാനും അദ്ദേഹം നിര്‍ദേശിച്ചു.

അമേരിക്ക

അമേരിക്ക

കൊവിഡ് 19 കേസുകള്‍ അമേരിക്കയില്‍ അമിതവേഗം ഉയരുന്നതിനാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോടിക്കണക്കിന് ഡോളറിന്റെ ദുരിതാശ്വാസ പാക്കേജുകളാണ് പ്രഖ്യാപിച്ചത്. കൊവിഡ് 19 എമര്‍ജന്‍സി പാക്കേജ് അനുസരിച്ച്, വൈറസ് വ്യാപിച്ചതിനാല്‍ പൗരന്മാര്‍ക്ക് മൂന്ന് മാസത്തെ അടിയന്തര ശമ്പള അവധി ലഭ്യമാകും. ഇതാദ്യമായാണ് ഇത്തരമൊരു നടപടി അമേരിക്കന്‍ സര്‍ക്കാര്‍ ഫെഡറല്‍ നിര്‍ബന്ധിതമാക്കുന്നത്.

ഇതില്‍ പാര്‍ട്ട് ടൈം തൊളിലാളികളും സ്വതന്ത്ര കരാറുകാരും ഉള്‍പ്പെടുന്നുണ്ടെങ്കിലും, രാജ്യത്തെ ഏറ്റവും വലിയ തൊഴിലുടമകള്‍ ഉള്‍പ്പടെയുള്ള സ്വകാര്യമേഖലയിലെ ജീവനക്കാരില്‍ പകുതിയോളം പേര്‍ ഇതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. ഒരു ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക ആശ്വാസ പദ്ധതിയും ട്രംപ് ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. മഹാമാരിക്കെതിരെ പോരാടുന്നതിനായി, മാര്‍ച്ചില്‍ 8.3 ബില്യണ്‍ ഡോളറിന്റെ ബില്ലില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചിരുന്നു.

കാനഡ

കാനഡ

ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇതിനകം തന്നെ നിരവധി ആശ്വാസ പദ്ധതികളാണ് പ്രഖ്യാപിച്ചത്. തൊഴില്‍ ആനുകൂല്യങ്ങള്‍ക്കോ പെയ്ഡ് അസുഖ അവധികള്‍ക്കോ യോഗ്യതയില്ലാത്ത ജീവനക്കാര്‍ക്ക് 900 കനേഡിയന്‍ ഡോളര്‍ വരെ നല്‍കുമെന്ന് മാര്‍ച്ച് 19 -ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. വൈറസ് ബാധയുടെ ആഘാതത്തില്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്കും ബിസിനസുകാര്‍ക്കും പിന്തുണ നല്‍കാനായി 27 ബില്യണ്‍ ഡോളറിന്റെ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നു.

കൂടാതെ, ബിസിനസുകാര്‍ക്കും ജീവനക്കാര്‍ക്കും നികുതി ഒഴിവാക്കുന്നതിനായി 55 ബില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ശിശുക്ഷേമ പദ്ധതികള്‍ക്കായി 2 ബില്യണ്‍ ഡോളറും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ, വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുന്നതിനായി ആറുമാസത്തെ പലിശരഹിത അവധിയും അനുവദിച്ചു. നികുതി സമര്‍പ്പിക്കാനുള്ള സമയപരിധി ജൂണ്‍ ഒന്നിലേക്ക് നീട്ടിയിട്ടുണ്ട്. ആകെ മൊത്തത്തില്‍, 82 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ സഹായ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫ്രാന്‍സ്

ഫ്രാന്‍സ്

ആളുകളെ പൊതു ഇടങ്ങളില്‍ കഴിയുന്നത്ര അകറ്റി നിര്‍ത്തുന്നതിനുള്ള കര്‍ശന നടപടികളാണ് ഫ്രഞ്ച് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്ന ആളുകളെ പരിശോധിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് മാര്‍ച്ച് 18 -ന് 4,000 -ത്തിലധികം പേര്‍ക്ക് പൊലീസ് പിഴ ചുമത്തി. അടുത്ത 15 ദിവസത്തേക്ക്, രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഭക്ഷണം അല്ലെങ്കില്‍ അടിയന്തിരാവശ്യങ്ങള്‍ക്ക് മാത്രമെ പുറത്തിറങ്ങാന്‍ കഴിയൂ.

യാതൊരു കാരണവും കൂടാതെ വീടിനു പുറത്തു പോകുന്നവര്‍ക്കുള്ള പിഴ 38 യൂറോയില്‍ നിന്ന് 135 യൂറോയായി സര്‍ക്കാര്‍ ഉയര്‍ത്തി. കൂടാതെ, രോഗം ബാധിച്ചവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചുമതല സര്‍ക്കാര്‍, സൈനികരെ ഏല്‍പ്പിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്ന് കരകയറാന്‍ ബിസിനസുകളെ സഹായിക്കുന്നതിന് പ്രസിഡന്റ് 300 ബില്യണ്‍ യൂറോ വായ്പ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ഇറ്റലി

ഇറ്റലി

പ്രധാനമന്ത്രി ഗ്യുസപ്പെ കോണ്ടെ രാജ്യത്തെ 'റെഡ് സോണ്‍' മേഖലയായി പ്രഖ്യാപിക്കുകയും രാജ്യത്ത് മുഴുവന്‍ ലോക്ക്-ഡൗണ്‍ നടപ്പാക്കുകയും ചെയ്തു. രാജ്യത്തെ മുഴുവന്‍ ആളുകളോടും വീട്ടില്‍ സ്വയം ഒറ്റപ്പെടുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഉത്തരവ് ലംഘിച്ചതിന് ഇതുവരെ 40,000 പേര്‍ക്കെതിരെ പിഴ ചുമത്തുകയുണ്ടായി. കോണ്ടെ സര്‍ക്കാര്‍ വിവാഹങ്ങള്‍, ശവസംസ്‌കാര ചടങ്ങുകള്‍, കായിക മത്സരങ്ങള്‍ എന്നിവ റദ്ദാക്കുകയും സിനിമാ ഹാളുകള്‍, തിയേറ്ററുകള്‍, മ്യൂസിയങ്ങള്‍ എന്നിവ ഏപ്രില്‍ 5 വരെ അടച്ചുപൂട്ടുകയും ചെയ്തു. ഇതിനു പുറമെ 25 ബില്യണ്‍ യൂറോയുടെ ദുരിതാശ്വാസ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രായമായവര്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായി പ്രത്യേക സമയങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. പുതിയ സമയക്രമം സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. കൊവിഡ് 19 പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിനായി ആദ്യ ഉത്തേജക പാക്കേജ് മാര്‍ച്ച് 12 -ന് ഓസ്‌ട്രേലിയ പുറത്തിറക്കി. 17.6 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റേതാണ് പാക്കേജ്. ആരോഗ്യ സേവനങ്ങള്‍ക്കായി 2.4 ബില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചതിനു പുറമെയാണിത്.

ചൈന

ചൈന

കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട സമയത്ത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി നിരവധി നയപരിപാടികളാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന (പിബിഒസി) നടപ്പാക്കിയത്. ഫെബ്രുവരി മൂന്നിന് റിവേഴ്‌സ് റിപ്പോ പ്രവര്‍ത്തനങ്ങള്‍ ബാങ്ക് 174 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിപ്പിച്ചു. ഫെബ്രുവരി നാലിന് ഇതിലേക്ക് 71 ബില്യണ്‍ ഡോളര്‍ കൂടി ചേര്‍ത്തു. കൊവിഡ് 19 -മായി ബന്ധപ്പെട്ട ധനസഹായത്തിനായി ചൈനീസ് അധികൃതര്‍ 110.48 ബില്യണ്‍ യുവാന്‍ അനുവദിച്ചു. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതിനായി ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് 79 ബില്യണ്‍ ഡോളര്‍ ഉത്തേജക പാക്കേജ് ആരംഭിച്ചു.

ജര്‍മനി

ജര്‍മനി

ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ ജര്‍മനിയിലെ എല്ലാ മതസേവനങ്ങളും നിര്‍ത്തിവെച്ചു. 16 വയസിന് താഴെയുള്ള കുട്ടികള്‍ ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി. കൂടാതെ, ജര്‍മ്മന്‍ റെയില്‍വേ കമ്പനിയായ ഡ്യൂഷേ ബാന്‍, വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തുടനീളമുള്ള പ്രാദേശിക ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു.

സ്‌പെയിന്‍

സ്‌പെയിന്‍

കൊവിഡ് 19 പ്രതിസന്ധി മറികടക്കാന്‍ 200 ബില്യണ്‍ യൂറോയാണ് സ്പാനിഷ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ധനസഹായമാണിത്. അനുവദിച്ച ആകെ 200 ബില്യണ്‍ യൂറോയില്‍ നിന്ന് 117 ബില്യണ്‍ യൂറോ സംസ്ഥാനങ്ങളില്‍ നിന്നും ബാക്കി സ്‌പെയിനിലെ സ്വകാര്യ കമ്പനികളില്‍ നിന്നും സമാഹരിക്കും. മഹാമാരി ബാധിച്ച ചെറുകിട. ഇടത്തരം ബിസിനസുകള്‍ക്ക് 100 ബില്യണ്‍ യൂറോ വായ്പാ ഗ്യാരന്റിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബ്രിട്ടന്‍

ബ്രിട്ടന്‍

വൈറസ് വ്യാപനത്തിനെതിരെ പോരാടാന്‍ 330 ബില്യണ്‍ പൗണ്ടാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചത്. ദേശീയ ആരോഗ്യ സേവനങ്ങളെ സഹായിക്കുന്നതിനായുള്ള 12 ബില്യണ്‍ പൗണ്ടും ഈ തുകയില്‍ ഉള്‍പ്പെടുന്നു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന ബിസിനസുകള്‍ക്ക് വായ്പാ ഗ്യാരണ്ടിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനു പുറമെ. 20 ബില്യണ്‍ പൗണ്ട് നികുതിയിളവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം, പ്രതിസന്ധിയിലായ ബിസിനസുകള്‍ക്ക് വായ്പാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു.

ന്യൂസിലാന്റ്

ന്യൂസിലാന്റ്

രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കുകയും നൂറിലധികം പേരുടെ ഇന്‍ഡോര്‍ ഒത്തുചേരല്‍ നിരോധിക്കുകയും ചെയ്തു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും സ്വയം ഒറ്റപ്പെടുന്നതും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്റര്‍നെറ്റ് വേഗതയും സൈബര്‍ സുരക്ഷയും സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുന്നു. മഹാമാരിയെ ചെറുക്കാന്‍ ന്യൂസിലാന്റ് സര്‍ക്കാര്‍ 12.1 ബില്യണ്‍ ഡോളറിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.

ഇന്തൊനീഷ്യ

ഇന്തൊനീഷ്യ

പ്രാരംഭഘട്ടത്തില്‍ തന്നെ 10.3 ട്രില്യണ്‍ റുപ്പിയയുടെ (727 മില്യണ്‍ ഡോളര്‍) രക്ഷാ പാക്കേജാണ് ഇന്തൊനീഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി 120 ട്രില്യണ്‍ റുപ്പിയയുടെ (8.1 ബില്യണ്‍ ഡോളര്‍) രണ്ടാമത്തെ ഉത്തേജക പാക്കേജും പ്രഖ്യാപിക്കുകയുണ്ടായി. വൈറസ് വ്യാപനത്താല്‍ പ്രതിസന്ധിയിലായ ബിസിനസുകള്‍ക്ക് വായ്പ വിതരണം ചെയ്യുന്നതിന് 22.9 ട്രില്യണ്‍ റുപ്പിയയാണ് പാക്കേജില്‍ അനുവദിച്ചിരിക്കുന്നത്. ഇതിനുപുറമെ, 200 ദശലക്ഷം റുപ്പിയയില്‍ താഴെ വരുമാനമുള്ള ഉത്പാദന മേഖലയിലെ ജീവനക്കാരെ വരാനിരിക്കുന്ന ആറുമാസത്തേക്ക് ആദായനികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കും.

യുഎഇ

യുഎഇ

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നതിനായി 'ഗദാന്‍ 21' -ന് കീഴില്‍ പുതിയ നടപടിക്രമങ്ങള്‍ യുഎഇ ആരംഭിച്ചു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 100 ബില്യണ്‍ ഡോളര്‍ ദിര്‍ഹം (27.2 ബില്യണ്‍ ഡോളര്‍) രാജ്യം വാഗ്ദാനം ചെയ്തിട്ടുണ്ട്. പൗരന്മാര്‍ക്കും വ്യവസായങ്ങള്‍ക്കുമായുള്ള 5 ബില്യണ്‍ ദിര്‍ഹം ജല, വൈദ്യുതി സബ്‌സിഡികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2020 അവസാനം വരെ യുഎഇ ടോള്‍ നികുതിയും നിയന്ത്രിച്ചു.

എസ്എംഇ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമിനായി മൂന്ന് ബില്യണ്‍ ദിര്‍ഹം അനുവദിച്ചു. പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് മാര്‍ക്കറ്റ് ഫണ്ടുകള്‍ സ്ഥാപിക്കുന്നതിനുള്ള 1 ബില്യണ്‍ ദിര്‍ഹമും ഉത്തേജക പാക്കേജില്‍ ഉള്‍പ്പെടുന്നു. ടൂറിസം, വിനോദ മേഖലകള്‍ നല്‍കുന്ന വാടകയ്ക്ക് 20 ശതമാനം റീഫണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലേബര്‍ പെര്‍മിറ്റ് നല്‍കുന്നത് യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

തായ്‌ലന്റ്

തായ്‌ലന്റ്

കൊവിഡ് 19 പകര്‍ച്ചവ്യാധി ലഘൂകരിക്കാന്‍ തായ് മന്ത്രിസഭ 17.6 ബില്യണ്‍ ഡോളര്‍ അംഗീകരിച്ചു. രണ്ടു ശതമാനം പലിശ നിരക്കിലുള്ള 150 ബില്യണ്‍ ബാട്ട് (തായ് കറന്‍സി) സോഫ്റ്റ് ലോണുകളും പാക്കേജില്‍ ഉള്‍പ്പെടുന്നു. കൊവിഡ് 19 ബാധിച്ച സ്ഥാപനങ്ങളെയോ ജീവനക്കാരെയോ സഹായിക്കുന്നതിനായി 20 ബില്യണ്‍ ബാട്ട് ഫണ്ട് സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കടക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സെന്‍ട്രല് ബാങ്കിനോട് ആവശ്യപ്പെടുകയും കൊവിഡ് 19 പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്ന ബിസിനസുകള്‍ക്ക് ഇളവുകള്‍ നല്‍കാനും കടം തിരിച്ചടയ്ക്കുന്നതിനുള്ള പലിശനിരക്ക് കുറയ്ക്കാനും തീരുമാനിച്ചു.

പിഎന്‍ബി അക്കൗണ്ടില്‍ ബാലന്‍സ് പരിശോധിക്കണോ? അറിയാം ആ 5 ഘട്ടങ്ങള്‍

ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയ

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ബിസിനസുകളെയും സമ്പദ് വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി 11.7 ട്രില്യണ്‍ വോണിന്റെ ഉത്തേജക പാക്കേജാണ് ദക്ഷിണ കൊറിയ പുറത്തിറക്കിയത്. 2.3 ട്രില്യണ്‍ വോണ്‍ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കും, 3 ട്രില്യണ്‍ വോണ്‍ പ്രതിസന്ധി നേരിടുന്ന ബിസിനസുകള്‍ക്കും ശിശുക്ഷേമ പദ്ധതികള്‍ക്കുമായി നല്‍കും.

നിങ്ങൾ ആധാറും പാനും ബന്ധിപ്പിച്ചോ? എങ്ങനെ പരിശോധിക്കാം? ഇല്ലെങ്കിൽ കനത്ത പിഴ

മലേഷ്യ

മലേഷ്യ

കൊവിഡ് 19 ആഘാതം പരിഹരിക്കുന്നതിനായി മലേഷ്യന്‍ മന്ത്രിസഭ 20 ബില്യണ്‍ റിംഗിറ്റിന്റെ ഉത്തേജക പാക്കേജ് അംഗീകരിച്ചു. ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍, എയര്‍ലൈന്‍സ്, ഷോപ്പിംഗ് മാളുകള്‍ എന്നിവയ്ക്ക് ഏപ്രില്‍ മുതല്‍ ആറുമാസത്തേക്ക് വൈദ്യുത ബില്ലുകള്‍ക്ക് 15 ശതമാനം ഇളവ് ലഭിക്കിുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഹോട്ടലുകളെ സേവനനികുതിയില്‍ നിന്ന് ഒഴിവാക്കും. വൈറസ് ബാധിച്ച പൊതുഗതാഗത ഡ്രൈവര്‍മാര്‍ക്കും ടൂറിസ്റ്റ് ഗൈഡുകള്‍ക്കും 600 മലേഷ്യന്‍ റിംഗിറ്റ് വീതം നല്‍കും. വൈറസിനെതിരെ പൊരുതുന്ന ഡോക്ടര്‍മാര്‍, മെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്ക് 400 റിംഗറ്റിന്റെ പ്രത്യേക പ്രതിമാസ അലവന്‍സ് നല്‍കും.

എസ്ബിഐ എഫ്ഡി പലിശ നിരക്ക് വീണ്ടും കുറച്ചു; വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ അറിയാം

ജപ്പാന്‍

ജപ്പാന്‍

അതിര്‍ത്തി സുരക്ഷിതമാക്കാന്‍ ജപ്പാന്‍ കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഏപ്രില്‍ അവസാനം വരെ ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് പ്രവേശനം രാജ്യം നിരോധിച്ചു. ഉപയോഗിച്ച ഫെയ്‌സ് മാസ്‌കുകള്‍ വീണ്ടും വില്‍ക്കുന്നതിന് സര്‍ക്കാര്‍ കടുത്ത പിഴയും പ്രഖ്യാപിച്ചിട്ടുണ്ട്. മാസ്‌ക് വീണ്ടും വില്‍ക്കുന്നതായി കണ്ടെത്തിയാല്‍ ഒന്നുകില്‍ 1 വര്‍ഷം തടവോ 1 ദശലക്ഷം യെന്‍ പിഴയോ അല്ലെങ്കില്‍ ഇത് രണ്ടുമോ ലഭിക്കും. മാര്‍ച്ച് 10 -ന് ഒരു ട്രില്യണ്‍ യെന്‍ രക്ഷാ പാക്കേജ് ജപ്പാന്‍ പാസാക്കി. ഇതിനുപുറമെ, വൈറസ് പ്രതിസന്ധി ബാധിച്ച ബിസിനസുകള്‍ക്ക് വായ്പ നല്‍കുന്നത് വര്‍ദ്ധിപ്പിക്കുന്നതിനായി പലിശരഹിത വായ്പകളുടെ പുതിയ പദ്ധതി ബാങ്ക് ഓഫ് ജപ്പാന്‍ പ്രഖ്യാപിച്ചു.


English summary

ജനത കര്‍ഫ്യൂ മുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വരെ; കൊവിഡിനെ വിവിധ രാജ്യങ്ങള്‍ നേരിടുന്നത് ഇങ്ങനെ | from janata curfew to 1000 in every bank accoun countries are fighting covid 19 like this

from janata curfew to 1000 in every bank accoun countries are fighting covid 19 like this
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X