യുഎഇയില്‍ നിന്ന് ഡിപ്ലോമാറ്റിക് ബാഗേജില്‍ 30 കിലോഗ്രാമില്‍ അധികം സ്വര്‍ണം കടത്തി എന്ന കേസാണ് ഇപ്പോള്‍ ചര്‍ച്ചയും വിവാജവും ഒക്കെ ആയിരിക്കുന്നത്. എന്നാല്‍ അതിലേറെ വിവാദം സൃഷ്ടിക്കുന്നത് സ്വപ്ന സുരേഷ് എന്ന സ്ത്രീയുടെ സാന്നിധ്യമാണ്.
സ്വപ്നയും അറസ്റ്റിലായ സരിത്തും എല്ലാം ഈ സംഘത്തിലെ ചെറിയ കണ്ണികളായിരിക്കും. എന്നാല്‍ ഇതിന് പിന്നിലുള്ള വമ്പന്‍ സ്രാവുകള്‍ ഇവര്‍ക്കും എത്രയോ മുകളിലായിരിക്കും എന്നതാണ് വാസ്തവം.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് വലിയ തോതില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തുന്നത്. എന്തിനായിരിക്കാം ഇവര്‍ ഇത്തരത്തില്‍ സ്വര്‍ണം കേരളത്തിലേക്ക് കടത്തുന്നത്? പരിശോധിക്കാം...

കൊള്ള ലാഭം
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം കേരളത്തിലേക്കെത്തിക്കുമ്പോള് ലഭിക്കുന്നത് കൊള്ളലാഭമാണ്. അത് തന്നെയാണ് വലിയ അപകട സാധ്യതകള്‍ ഉണ്ടായിട്ടും ഇത്തരത്തിലുള്ള സ്വര്‍ണക്കടത്തിന് ആളുകള്‍ തയ്യാറാകുന്നതും. പലപ്പോഴും സ്വര്‍ണം കടത്താന്‍ ഉപയോഗിക്കപ്പെടുന്ന 'വാഹകര്‍' ക്ക് താരതമ്യേന ചെറിയ പ്രതിഫലമേ കിട്ടുകയും ഉള്ളു.

ഒരു കിലോ സ്വര്‍ണം എത്തിയാല്‍
ഒരു കിലോഗ്രാം സ്വര്‍ണം യുഎഇയില്‍ നിന്ന് കേരളത്തില്‍ കള്ളക്കടത്തിലൂടെ എത്തുമ്പോള്‍ ലാഭം മാത്രം അഞ്ച് ലക്ഷം രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ നോക്കുമ്പോള്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍, കള്ളക്കടത്തുകാര്‍ക്ക് ഒന്നര കോടി രൂപ ലാഭമായി തന്നെ ലഭിക്കുമായിരുന്നു.

ആഭരണമാക്കിയാല്‍ കൂടുതല്‍ ലാഭം
കള്ളക്കടത്ത് സ്വര്‍ണം അതുപോലെ വിറ്റാല്‍ ആണ് കിലോഗ്രാമിന് അഞ്ച് ലക്ഷം രൂപ ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവ ആഭരണങ്ങളായി വില്ക്കുകയാണെങ്കില് ലാഭം പിന്നേയും കൂടും. ഒരു കിലോഗ്രാമിന് ഏഴ് ലക്ഷം രൂപയോളം വരുമത്രെ അപ്പോഴത്തെ ലാഭം!

യുഎഇയിലെ സ്വര്‍ണ വില
ഒരു കിലോ ഗ്രാം സ്വര്‍ണത്തിന് യുഎഇയില്‍ ഏതാണ്ട് 27 ലക്ഷം രൂപയാണത്രെ വില വരുന്നത്. അവിടത്തെ നികുതി അടക്കമാണിത്. ലോകത്ത് തന്നെ സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ നികുതി ഈടാക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് യുഎഇ. സ്വര്‍ണത്തിന് ഇറക്കുമതി തീരുവ തീരെയില്ലാത്ത രാജ്യമാണ് ദുബായ്, പ്രത്യേകിച്ചും സ്വര്‍ണ കട്ടകളെങ്കില്‍ (ഗോള്‍ഡ് ബാര്‍). എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ദുബായില്‍ 5 ശതമാനം വാറ്റ് ഉണ്ട് എന്നത് വേറെ കാര്യം.

ഇന്ത്യയില്‍ എത്തുമ്പോള്‍
ഒരു കിലോഗ്രാം സ്വര്‍ണത്തിന് യുഎഇയില്‍ 27 ലക്ഷം രൂപയാണെങ്കില്‍, ഇന്ത്യയില്‍ അതിന് 32 ലക്ഷം രൂപ കൊടുക്കണം. അതാണ് ഇതിലെ ലാഭം. സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നവര്‍ക്ക് ചെറിയൊരു ശതമാനം കമ്മീഷന് കൊടുത്താലും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്മാര്ക്ക് ലാഭത്തില്‍ കുറവ് സംഭവിക്കില്ല. തിരുവനന്തപുരത്തെ സംഭവത്തില്‍ 25 ലക്ഷം രൂപയാണ് സ്വപ്ന- സരിത് ദ്വന്ദത്തിന് കമ്മീഷനായി ലഭിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍

ഇന്ത്യയില്‍ പൊള്ളുന്ന നികുതി
ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം ഇപ്പോള്‍ 12.5 ശതമാനം ആണ്. നേരത്തെ ഇത് 10 ശതമാനം ആയിരുന്നു. അടുത്തിടെയാണ് ഇത് കൂട്ടിയത്. ജിഎസ്ടി കൂടി കണക്കാക്കുമ്പോള്‍ ഇന്ത്യയില്‍ നികുതി 15.5 ശതമാനം എത്തും. ഇതാണ് പലരേയും കള്ളക്കത്ത് സ്വര്‍ണത്തിന് പിറകേ പോകാന്‍ പ്രേരിപ്പിക്കുന്നത് എന്നൊരു ആക്ഷേപമുണ്ട്.

സ്വര്‍ണമെന്ന ലാഭക്കച്ചവടം
നികുതി ഇത്രയൊക്കെ ഉണ്ടെങ്കിലും ഇന്ത്യയില്‍ സ്വര്‍ണക്കച്ചവടം നഷ്ടത്തിലൊന്നും അല്ല മുന്നോട്ട് പോകുന്നത്. ഈ നികുതിയെല്ലാം അടച്ചാലും മൂന്ന് ശതമാനത്തിലേറെ ലാഭം ലഭിക്കും എന്നാണ് കണക്കുകള്‍.
ബില്ലില്ലാതേയും മറ്റും കച്ചവടം ചെയ്യുന്നവര്‍ക്കാകട്ടെ ലാഭം ഇതിന്റെ എത്രയോ മടങ്ങായിരിക്കും. പല ജ്വല്ലറികളും ക്യാഷ് പേയ്മെന്റിന് വേണ്ടി വാശിപിടിക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്.

സ്വര്‍ണത്തിന്റെ ഡിമാന്റ്
സ്വര്‍ണത്തിന് ഏറ്റവും അധികം ഡിമാന്റ് ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. സ്വര്‍ണാഭരണങ്ങള്‍ക്കാണ് ഇവിടെ വലിയ ഡിമാന്റ്. വിവാഹ ആവശ്യങ്ങള്‍ക്കും സമ്മാനങ്ങളായും പ്രതിവര്‍ഷം നാല്പതിനായിരം കിലോഗ്രാം സ്വര്‍ണമാണ് ആഭരണങ്ങളായി ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത് എന്ന് കൂടി ഓര്‍ക്കണം. ഇതില്‍ ചെറിയൊരു വിഹിതം മാത്രമേ കൃത്യമായ രീതിയില്‍ നികുതിയെല്ലാം അടച്ച് വില്ക്കുന്നുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു പവന് സ്വര്‍ണത്തിന് എത്ര
ഒരു പവന് സ്വര്‍ണം യുഎഇയില്‍ നിന്ന് കള്ളക്കടത്തിലൂടെ എത്തുമ്പോള്‍ അയ്യായിരം രൂപയ്ക്ക് മുകളിലാണ് ഇവര്‍ ഉണ്ടാക്കുന്ന ലാഭം എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വര്‍ണക്കടത്തിന് ഉപയോഗിക്കുന്നവരെ കാരിയേഴ്സ് എന്നാണ് വിളിക്കുക. ഇവര്‍ക്ക് നല്‍കേണ്ടത് ഈ ലാഭത്തിന്റെ പത്ത് ശതമാനം മാത്രമാണത്രെ.

എങ്ങനെ നിര്‍ത്തലാക്കാം
സ്വര്‍ണത്തിന്റെ മേല്‍ ചുമത്തുന്ന വന്‍ നികുതിയാണ് ഇത്തരത്തില്‍ കള്ളക്കടത്ത് നടത്താനുള്ള പ്രധാന കാരണം എന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. 2011 ല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 1 ശതമാനം ആയിരുന്നു. എന്നാല്‍ 9 വര്‍ഷം കഴിയുമ്പോള്‍ അത് 12.5 ശതമാനം ആയി വര്‍ദ്ധിച്ചിരിക്കുകയാണ്.
എന്തിന്റെ പേരിലായാലും കള്ളക്കടത്ത് ന്യായീകരിക്കപ്പെടാവുന്ന ഒന്നല്ല. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിന് തുല്യമാണത്.