സ്വര്‍ണം ലോകത്തിലെ ഏറ്റവും സുരക്ഷിത നിക്ഷേപമാണോ എന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം? ഏറെക്കുറേ എന്നായിരുന്നു ഒട്ടുമിക്ക വിദഗ്ധരും പറയുക. പലരാജ്യങ്ങളും അവരുടെ കരുതല്‍ ശേഖരവും ഫോറിന് റിസര്‍വ്വും എല്ലാം സ്വര്‍ണമാക്കി വച്ചിരിക്കുകയാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം എല്ലാവരും ഇതെടുത്ത് വീശാന്‍ തുടങ്ങിയാല്‍ സ്വര്‍ണവില ചിലപ്പോള്‍ ചീട്ടുകൊട്ടാരം പോലെ ഇടിയാനും മതി.
സ്വര്‍ണത്തിന് ഒരു വില, സ്വര്‍ണാഭരണത്തിന് കൂടിയ വില... പലയിടത്തും പല വിലകള്‍!!! എന്താണ് കാരണം
അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവിലയും നമ്മുടെ വിപണിയിലെ വിലയും തമ്മില്‍ പലപ്പോഴും അജഗജാന്തര വ്യത്യാസങ്ങളുണ്ടാകാറുണ്ട്. അതിന് പല കാരണങ്ങളും ഉണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഇടുമോ എന്നാണ് ഇപ്പോള്‍ നിക്ഷേപകര്‍ നോക്കിനില്ക്കുന്നത്. രൂപ ചതിക്കുന്നതുകൊണ്ട് അതിന് ഇന്ത്യക്കാര്‍ വലിയ 'വില'യും നല്‍കേണ്ടി വരും.

സ്വര്‍ണത്തിന്റെ റെക്കോര്‍ഡ്
സ്വര്‍ണത്തിന്റെ വില ഏറ്റവും അധികം കൂടി നില്‍ക്കുന്നത് ഇപ്പോഴൊന്നും അല്ല. ഒരു 9 വര്‍ഷം മുമ്പായിരുന്നു അത്. കൃത്യമായി പറഞ്ഞാല്‍ 2011 സെപ്തംബര്‍ 6-ാം തീയ്യതി. അന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1921.14 ഡോളര്‍ വരെ എത്തിയെന്നാണ് ഗ്ലോബല്‍ ബുള്ളിയന്‍ സപ്ലയേഴ്സിന്റെ കണക്ക്. ഒരു ഔണ്‍സ് എന്നുവച്ചാല്‍ 31.1 ഗ്രാം ആണ്.

അന്ന് കേരളത്തിലെ വില?
2011 സെപ്തംബര്‍ മാസത്തില്‍ കേരളത്തിലെ സ്വര്‍ണ വില എത്ര ആയിരുന്നു എന്നല്ലേ...പവന് ഇരുപതിനായിരത്തിനും ഇരുപത്തിയൊന്നായിരത്തിനും ഇടയില്‍ ആയിരുന്നു ആ കണക്കുകള്‍. 2011 സെപ്തംബറിലെ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വില 21,320 രൂപ ആയിരുന്നു. സെപ്തംബര്‍ 14 ന് ആയിരുന്നു ഇത്.
പവന് ശരാശരി 21,000 എന്ന് കൂട്ടിയാല്‍ ഗ്രാമിന് 2,625 രൂപയായിരുന്നു കേരളത്തിലെ വില.

ഇപ്പോഴത്തെ അന്താരാഷ്ട്ര വില?
ലോകമെങ്ങും കടുത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും എണ്ണവില കുത്തനെ ഇടിയുകയും ചെയ്തതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില കുതിച്ചുകയറുകയാണ്. ജൂലായ് 10 ന് ഔണ്‍സിന് 1800.40 ഡോളറാണ് വില. അതായത് ഗ്രാമിന് 57.88 ഡോളര്‍ ( 4,354 രൂപ).

കേരളത്തില്‍ അതിലും കൂടുതല്‍
എങ്ങനെ നോക്കിയാലും ഇതിലും കൂടുതലാണ് ജൂലായ് 10 ന് കേരളത്തിലെ സ്വര്‍ണവില. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,575 രൂപയാണ് വില. 24 കാരറ്റ് തങ്കത്തിനാണെങ്കില്‍ 4,990 രൂപയും. കഴിഞ്ഞ രണ്ട് ദിവസങ്ങളായി കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിരിക്കുകയാണ്.

2011 ലും 2020 ലും... എന്തൊരു കണക്ക്
2011 ല്‍ 2,600 ല്‍പരം രൂപ മാത്രം ഗ്രാമിന് ഉണ്ടായിരുന്ന സ്വര്‍ണത്തിനാണ് ഇപ്പോള്‍ 4,500 ന് മുകളില്‍ വില വരുന്നത്. അന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയായിരുന്നു എന്ന് ഓര്‍ക്കണം. ഇന്നത്തേതിനേക്കാള്‍ ഔണ്‍സിന് നൂറ് ഡോളറില്‍ കൂടുതലുണ്ടായിരുന്നു വില.
അങ്ങനെയങ്കില്‍ എന്താണ് ഇപ്പോള്‍ വില കുറയാത്തത് എന്നല്ലേ!

രൂപയുടെ ചതി
സത്യത്തില്‍ ഇത് സ്വര്‍ണത്തിന്റെ പ്രശ്നമല്ല. ചതിച്ചത് നമ്മുടെ സ്വന്തം രൂപയാണ്. 2011 ല്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ശരാശരി 50 മുതല്‍ 55 രൂപ വരെ ആയിരുന്നു. എന്നാല്‍ 2020 ല്‍ എത്തിയപ്പോള്‍ അത് എഴുപത്തിയഞ്ച് രൂപയ്ക്ക് മുകളില്‍ ആയിരിക്കുകയാണ്. അതുകൊണ്ടാണ് അന്താരാഷ്ട്ര വിപണിയില്‍ റെക്കോര്‍ഡ് വിലയില്‍ എത്താഞ്ഞിട്ടും നമ്മുടെ നാട്ടില്‍ സ്വര്‍ണവില റെക്കോര്‍ഡുകള്‍ മറികടക്കുന്നത്.