തൊഴിൽ നഷ്ടപ്പെട്ട് ഒരു മാസത്തിന് ശേഷം എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപം പിൻവലിക്കാമെന്ന് എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ അറിയിച്ചു. നിക്ഷേപത്തിന്റെ 75 ശതമാനം തുകയാണ് ഇത്തരത്തിൽ പിൻവലിക്കാവുന്നത്.

ഒരു മാസത്തിന് ശേഷം
തൊഴിൽ രഹിതനായി ഒരു മാസത്തിനുശേഷം ഇത്തരത്തിൽ തുക പിൻവലിക്കാൻ അനുവദിക്കും. ബാക്കി വരുന്ന 25 ശതമാനം നിക്ഷേപവുമായി ഇപിഎഫ് അക്കൗണ്ട് നിലനിർത്താവുന്നതാണ്. ഇ.പി.എഫ് ഒാർഗനൈസേഷൻ ട്രസ്റ്റി ബോർഡ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

നിലവിലെ വ്യവസ്ഥ
ജോലി നഷ്ടപ്പെട്ടാൽ രണ്ടു മാസം കഴിഞ്ഞ് അക്കൗണ്ട് ക്ലോസ് ചെയ്യാമെന്നാണ് ഇപ്പോഴത്തെ വ്യവസ്ഥ. അതിനു മുമ്പ് പണം പിൻവലിക്കാൻ കഴിയില്ല.

അക്കൗണ്ട് നിലനിർത്താം
ഒരു മാസം കഴിയുമ്പോൾ 75 ശതമാനം തുക പിൻവലിക്കുന്നതു വഴി ബാക്കി തുക നിലനിർത്തി തൊഴിലാളിക്ക് അക്കൗണ്ട് നിലനിർത്താവുന്നതാണ്. പുതിയ ജോലി കിട്ടുമ്പോൾ നിലവിലെ ഇപിഎഫ് അക്കൗണ്ടിൽ തന്നെ തുടരുകയും ചെയ്യാം.

പെൻഷൻ തുക ഇരട്ടിപ്പിക്കൽ
ഇപിഎഫ് പെൻഷൻ തുക 2000 രൂപയായി ഇരട്ടിപ്പിക്കുന്ന കാര്യത്തിൽ യോഗം തീരുമാനമെടുത്തില്ല. നിലവിൽ 1000 രൂപയാണ് മിനിമം പ്രതിമാസ പെൻഷൻ. 2014ലാണ് ഈ തുക നിശ്ചയിച്ചത്. 1000 രൂപ വീതം നല്കാൻ വർഷം 883 കോടി രൂപയാണ് കേന്ദ്രം നൽകുന്നത്.

ഒാഹരി നിക്ഷേപം
ഇപിഎഫ് നിക്ഷേപം ഒാഹരി വിപണിയിൽ മുടക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥാ മാറ്റം സംബന്ധിച്ചും തീരുമാനമെടുത്തില്ല. ഇക്കാര്യങ്ങളിൽ ധനമന്ത്രാലയം അന്തിമ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് ഇ.പി.എഫ്.ഒ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ വി.പി. ജോയി വിശദീകരിച്ചു. ഇപ്പോൾ പിഎഫിലെ നിക്ഷേപത്തിൽ 15 ശതമാനമാണ് ഓഹരികളിൽ നിക്ഷേപിക്കുന്നത്. ഇത് 50 ശതമാനമാക്കാൻ സാധ്യതയുണ്ടെന്നായിരുന്നു സൂചനകൾ.
malayalam.goodreturns.in