ലണ്ടന്‍: വായ്പാ തട്ടിപ്പ് നടത്തി ബ്രിട്ടനില്‍ കഴിയുന്ന മദ്യരാജാവ് വിജയ് മല്യക്ക് ആശ്വാസമായി ബ്രിട്ടീഷ് കോടതിവിധി. തന്നെ ഇന്ത്യയിലേക്ക് കയറ്റിവിടാന്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് നല്കിയ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാനുള്ള അനുമതിയാണ് ബ്രിട്ടീഷ് ഹൈക്കോടതി മല്യയ്ക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ 9000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയ ചീഫ് മജിസ്ട്രേറ്റ് എമ്മ ആര്ബത്ത്നോട്ടിന്റെ വിധിയുടെ ചില വശങ്ങളെ കുറിച്ച് ന്യയമായ വാദങ്ങള്‍ നിരത്താവുന്നതാണെന്ന് റോയല്‍ കോര്‍ട്സ് ഓഫ് ജസ്റ്റിസിലെ രണ്ടംഗ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. മല്യയുടെ അഭിഭാഷകന് ക്ലാരെ മോണ്ട്ഗോമറിയുടെ വാദങ്ങള്‍ കേട്ട ശേഷമായിരുന്നു കോടതി അപ്പീലിന് അനുമതി നല്‍കിയത്.
കാർഡ് വേണ്ട, കൈയിൽ ഫോണുണ്ടെങ്കിൽ എടിഎമ്മിൽ നിന്ന് കാശെടുക്കാം; എങ്ങനെയെന്ന് നോക്കൂ
അതേസമയം, മല്യയെ നാടുകടത്താനുള്ള ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് റദ്ദാക്കണമെന്ന മല്യയുടെ ആവശ്യം കോടതി നിരസിച്ചു. ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാനും അതുമായി ബന്ധപ്പെട്ട് തന്റെ വാദങ്ങള്‍ അവതരിപ്പിക്കുവാനുമുള്ള അനുമതിയാണ് ജോര്‍ജ് ലെഗ്ഗാട്ട്, ആന്‍ഡ്ര്യൂ പോപ്പ്ള്വെല് എന്നിവരടങ്ങിയ ബെഞ്ച് നല്‍കിയത്.
തന്നെ കുറ്റവിമുക്തമാക്കുന്നതിന് തുല്യമായ വിധിയാണ് അപ്പീലിന് അനുമതി നല്‍കിയതിലൂടെ കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകരോട് വിജയ് മല്യ പറഞ്ഞു. തനിക്കെതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന തന്റെ വാദം ശരിവയ്ക്കുന്നതാണ് വിധിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ നിന്ന് 9000 കോടി തട്ടിയ മല്യയുടെ അവസാനത്തെ പിടിവള്ളിയാണ് ഈ അപ്പീല്‍. കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടിയെടുത്ത വായ്പയാണ് തിരിച്ചടയ്ക്കാനുള്ളത്. വിജയ് മല്യയെ ഇന്ത്യ പടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2018ലെ എക്കണോമിക് ഒഫന്‍ഡേഴ്സ് ആക്ട് പ്രകാരം മുംബയ് കോടതിയാണ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്.
മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ചാണ് ബിട്ടീഷ് ആഭ്യന്തര സെക്രട്ടറി അതിന് അനുകൂലമായ തീരുമാനം കൈക്കൊണ്ടത്. അതിനെതിരേ അപ്പീലിന് അനുമതി തേടി മല്യ കോടതിയെ സമീപിക്കുകയായിരുന്നു. താന്‍ വായ്പയെടുത്ത 9000 കോടിക്ക് പകരം തന്റെ പേരില്‍ ഇന്തയിലുള്ള സ്വത്തുക്കളില്‍ അത് ഈടാക്കിക്കൊള്ളൂ എന്നും തന്നെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കണമെന്നും മല്യ പറഞ്ഞു.