ദില്ലി: പല മേഖലകളിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. ഡിജിറ്റല്‍ മീഡിയ, കല്‍ക്കരി, കരാര്‍ ഉത്പാദനം, സിംഗിള്‍ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന തുടങ്ങിയ മേഖലകളിലെ വിദേശ നിക്ഷേപങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴി രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
കരാര്‍ ഉത്പാദനത്തിലും കല്‍ക്കരി ഖനനത്തിലും നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനാണ് ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയെല്‍ ഇക്കാര്യം വ്യക്തമാക്കി.
ഡിജിറ്റല്‍ മീഡിയ രംഗത്ത് വിദേശ നിക്ഷേപം 26 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തും. നേരത്തെ അച്ചടി മാധ്യമങ്ങള്‍ക്ക് മാത്രമായിരുന്നു 26 ശതമാനം വിദേശ നിക്ഷേപം കേന്ദ്രം അനുവദിച്ചിരുന്നത്. സിംഗിള്‍ ബ്രാന്‍ഡ് ചില്ലറ മേഖലയില്‍ 30 ശതമാനം 30 ശതമാനം പ്രാദേശിക സമാഹരണം വേണമെന്ന കാര്യത്തിലും സര്‍ക്കാര്‍ ഇളവുകള്‍ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ ഈ മേഖലയില്‍ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ തുടങ്ങാന്‍ ഓഫ്ലൈന് സ്റ്റോറുകള്‍ നിര്‍ബന്ധമാണെന്ന നിബന്ധനയും മന്ത്രിസഭാ യോഗം ഇന്ന് എടുത്തുകളഞ്ഞു.
രാജ്യത്ത് 75 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയതായി കേന്ദ്രം അറിയിച്ചു. 24,375 കോടി രൂപയാണ് ഇതിന്റെ മുതല്‍മുടക്ക്. പുതിയ 75 മെഡിക്കല്‍ കോളേജുകള്‍ വഴി 15,700 എംബിബിഎസ് സീറ്റുകളാണ് രാജ്യത്ത് നിലവില്‍ വരിക. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി പ്രകാശ് ജാവേദ്കര് അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോളേജുകളില്ലാത്ത ജില്ലകള്‍ക്കാണ് പദ്ധതിയില്‍ പ്രഥമ പരിഗണന ലഭിക്കുക.
പഞ്ചസാര കയറ്റുമതി സബ്സിഡിയായി 6,270 കോടി രൂപ വകയിരുത്താനും കേന്ദ്രം ധാരണയിലെത്തി. പഞ്ചസാര കയറ്റുമതിക്കുള്ള സബ്സിഡി നേരിട്ട് കര്‍ഷകരിലെത്തുമെന്ന് പ്രകാശ് ജാവേദ്കര് പറഞ്ഞു. കരിമ്പ് കര്‍ഷകരുടെ പിന്തുണയ്ക്കാന്‍ നടപ്പു സാമ്പത്തിക വര്‍ഷം അറുപതു ലക്ഷം ടണ്‍ കയറ്റുമതി ചെയ്യുമെന്നും ജാവേദ്കര് വ്യക്തമാക്കി.