കോര്‍പ്പറേറ്റ് നികുതി കുറക്കുന്ന സര്‍ക്കാര്‍ നീക്കം ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള സുവര്‍ണ്ണാവസരമെന്ന് ആഗോള ബിസിനസ്സ് സമൂഹത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ന്യൂയോര്‍ക്കിലെ ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷണം. ബിസിനസുകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
'വിസ്താരമുള്ള ഉള്ള ഒരു മാര്‍ക്കറ്റില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്തണമെങ്കില്‍, ഇന്ത്യയിലേക്ക് വരൂ... നിങ്ങള്‍ക്ക് ഒരു വലിയ കമ്പോളമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തണമെങ്കില്‍, ഇന്ത്യയിലേക്ക് വരൂ... ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇക്കോസിസ്റ്റത്തില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വരിക ഇന്ത്യയിലേക്ക്.' അദ്ദേഹം ആഗോള കോര്‍പ്പറേറ്റുകളോട് പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിനായി രാജ്യം വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ടെന്നും പ്രധാനമന്ത്ര പറഞ്ഞു.
ഈ മാസം ആദ്യമാണ് സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി നിരക്ക് 35 ശതമാനത്തില്‍ നിന്ന് 25.17 ശതമാനമായി കുറച്ചത്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഒരു ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ്വ്യവസ്ഥയില് ചേര്‍ത്തിട്ടുണ്ടെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥയ്ക്കായി സര്‍ക്കാര്‍ ലക്ഷ്യം വച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യം, രാഷ്ട്രീയ സ്ഥിരത, പ്രവചനാതീതമായ നയം, സ്വതന്ത്ര ജുഡീഷ്യറി എന്നിവ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ കമ്പനികള്‍ക്ക് ഉറപ്പു നല്കുന്നു.
നികുതി പരിഷ്കാരങ്ങള്‍ ഇന്ത്യ തുടരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് 286 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ ലഭിച്ചു. ഇത് കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ലഭിച്ചതിന്റെ പകുതിയാണ്. 175 ജിഗാവാട്ട് പുനരുപയോഗ ഊര്ജ്ജോല്പാദന ലക്ഷ്യത്തില്‍ 120 ജിഗാവാട്ട് ഉല്പാദിപ്പിച്ചു. സമീപഭാവിയില്‍ 450 ജിഗാവാട്ട് ഊര്‍ജ ഉല്പാദനമാണ് ലക്ഷ്യമിടുന്നത്.
വീണ്ടും എഫ്ഡി നിരക്കുകള്‍ കുറച്ച് ആക്സിസ് ബാങ്ക്; പുതിയ നിരക്കുകളെക്കുറിച്ചറിയാം
ഇന്ത്യ അതിവേഗം നഗരങ്ങളെ നവീകരിക്കുകയും ഏറ്റവും പുതിയ സാങ്കേതികവിദ്യയും ജനസൗഹാര്‍ദ്ദ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കുകയും ചെയ്യുന്നുവെന്നുണ്ട്. 'അതിനാല്‍ നഗരവല്ക്കരണത്തില് നിക്ഷേപം നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ത്യയിലേക്ക് വരൂ.' മോദി പറഞ്ഞു. മുമ്പൊരിക്കലുമില്ലാത്തവിധം ഇന്ത്യയും പ്രതിരോധ വ്യവസായം തുറന്നിട്ടുണ്ടെന്നും ഈ മേഖലയില്‍ നിക്ഷേപം തേടിയതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കോടീശ്വരന്മാർക്ക് കഴിഞ്ഞ ഒരു വർഷം സംഭവിച്ചത് എന്ത്?
ബിസിനസ്സ് വികാരം മെച്ചപ്പെടുത്തുന്നതിനായി മോദി സര്‍ക്കാര്‍ ഇത്തവണയും 50 നിയമങ്ങള്‍ റദ്ദാക്കിയിട്ടുണ്ട് എന്നാണ് ഒരു ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. 'വികസനത്തിന്റെ വഴി വരുന്ന 50 പഴയ നിയമങ്ങള്‍ നീക്കം ചെയ്യുന്നത് ഉള്‍പ്പെടെ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങള്‍ നിരവധി തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്. ഞങ്ങള്‍ക്ക് ഒരു നീണ്ട ലക്ഷ്യമുണ്ട്. ഈ യാത്രയില്‍ ഇന്ത്യയുമായി പങ്കാളിയാകാനുള്ള സുവര്‍ണ്ണാവസരം ലോക ബിസിനസിനുണ്ട്.' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.