രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെബിയുടെ (SEBI) അനുമതിയോടെ 4 പുതിയ കമ്പനികളുടെ ഐപിഒ-കള്‍ (പ്രാഥമിക ഓഹരി വില്‍പ്പന) ഡിസംബര്‍ പകുതിക്കുള്ളില് പൂര്‍ത്തിയാകും. അതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്. പ്രമുഖ ധനകാര്യ സ്ഥാപനമായ ആനന്ദ് രതി വെല്‍ത്ത് ഇന്‍വസ്റ്റ്മെന്റ് ലിമിറ്റഡിന്റെ ഓഹരി വില്‍പ്പനയ്ക്ക് അപേക്ഷിക്കാനുള്ള സമയം തിങ്കളാഴ്ച പൂര്‍ത്തിയാകും. അതേസമയം, പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയക്ക് പങ്കാളിത്തമുള്ള സ്റ്റാര്‍ ഹെല്‍ത്തിന്റെ ലിസ്റ്റിങ് വെള്ളിയാഴ്ച (ഡിസംബര്‍ 10) ഉണ്ടാകും.

1) ശ്രീറാം പ്രോപ്പര്‍ട്ടീസ്
രാജ്യത്തെ പ്രമുഖ ബിസിനസ് സംരംഭകരിലൊന്നായ ശ്രീറാം ഗ്രൂപ്പിന് കീഴില്‍ 2000 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഉപകമ്പനിയാണ് ശ്രീറാം പ്രോപ്പര്‍ട്ടീസ്. ദക്ഷിണേന്തയിലെ പ്രമുഖമായ ഭവന നിര്‍മാണ കമ്പനികളിലൊന്നാണിത്. ഡിസംബര്‍ 8 മുതല്‍ 10 വരെയാണ് ഓഹരികള്‍ക്കായി അപേക്ഷിക്കാന്‍ സമയമുള്ളത്. 125 ഓഹരികളുടെ ഗുണിതങ്ങളായി വേണം ബിഡ് സമര്‍പ്പിക്കാന്‍. ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 113- 118 രൂപയാണ്. കടബാധ്യത കുറയ്ക്കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഫണ്ട് ശേഖരിക്കുന്നതെന്നാണ് കമ്പനി നേതൃത്വം അറിയി്ച്ചിട്ടുള്ളത്. 250 കോടി രൂപ പുതിയ ഓഹരികള്‍ അനുവദിച്ചും 350 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയില്‍ (OFS) മുഖേനയുമാണ് ഫണ്ട് ശേഖരിക്കുക.
Also Read: 30% വിലക്കുറവില്‍ 4 ബ്ലൂചിപ്പ് കമ്പനികളുടെ ഓഹരികള്‍; വാങ്ങുന്നോ?

2). മാപ് മൈ ഇന്ത്യ (MapMy India)
ഡിജിറ്റല്‍ മാപ്പുകളും ലൊക്കേഷനും അടിസ്ഥാനമാക്കിയുള്ള ഡാറ്റ വിശകലനവും സോഫ്റ്റ്വയര് ഉത്പന്നങ്ങളും നിര്‍മിക്കുന്ന രംഗത്ത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ടെക്നോളജി കമ്പനികളിലൊന്നാണ് മാപ് മൈ ഇന്ത്യ. അഥവാ സിഇ ഇന്‍ഫോ സിസ്റ്റംസ്. രാജ്യത്തെ 62.9 ലക്ഷം കിലോമീറ്റര്‍ നീളമുള്ള റോഡുകളുടെ ഡിജിറ്റല്‍ മാപ്പ് ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ രജ്യത്തെ റോഡ് ശൃംഖലയുടെ 98.5 ശതമാനം വിവരങ്ങളും ക്രോഡീകരിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. പ്രധാനമായും ടെലികോം, ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍, എഫ്എംസിജി, ലോജിസ്റ്റിക്സ്, ഗതാഗത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കും ബിസിനസ് സംരംഭങ്ങള്‍ക്കുമാണ് ഇവര്‍ സേവനം നല്‍കുന്നത്. നിലവില്‍ പ്രവര്‍ത്തനലാഭം കാണിച്ചിട്ടുള്ള കമ്പനിയാണിത്.
Also Read: 33% നേട്ടം; 18 രൂപ വരെ ഡിവിഡന്റും; 159 രൂപയുടെ ഈ ലാര്‍ജ്കാപ്പ് സ്റ്റോക്ക് വിട്ടുകളയാമോ?

വിശദാംശങ്ങള്‍
ഓഹരികള്‍ക്ക് അപേക്ഷിക്കാനുള്ള സമയം ഡിസംബര്‍ 9 മുതല്‍ ഡിസംബര്‍ 13 വരെയാണ്. ലോട്ട് എത്രയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല, 2 രൂപ മുഖവിലയുള്ള ഓഹരിക്ക് 1,033 രൂപ നിലവാരത്തിലാകും പ്രൈസ് ബാന്‍ഡ് ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലെ നിക്ഷേപകരായക്വാല്കോം ഏഷ്യ പസിഫിക് പ്രൈവറ്റ് ലിമിറ്റഡിന് ഉള്‍പ്പെടെയുള്ളവര്‍ക്ക് കമ്പനിയില്‍ നിന്നും പുറത്തിറങ്ങാനാവും. ഇതിലൂടെ 1,00,63,945 ഓഹരികളാവും കൈമാറ്റം ചെയ്യപ്പെടുക.
Also Read: ചാഞ്ചാട്ടമില്ല; കടബാധ്യതയുമില്ല; നിക്ഷേപകരെ സമ്പന്നരാക്കിയ 5 സ്റ്റോക്കുകൾ ഇതാ

3) മെട്രോ ബ്രാന്‍ഡ്സ്
പാദരക്ഷകള്‍ നിര്‍മിക്കുന്നതില്‍ ഇന്ത്യയിലെ മുന്‍നിര കമ്പനിയാണ് മെട്രോ ബ്രാന്‍ഡ്സ്. സെപ്റ്റംബറിലെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്താകെ 30 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശവും ഉള്‍പ്പെടെ 136 നഗരങ്ങളിലായി 598 ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓഹരികള്‍ക്ക് അപേക്ഷിക്കാനുള്ള സമയം ഡിസംബര്‍ 10 മുതല്‍ ഡിസംബര്‍ 14 വരെയാണ്. 295 കോടി രൂപയുടെ പുതിയ ഓഹരികള്‍ അനുവദിക്കും. കൂടാതെ, 21,.45 കോടി ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴിയും കൈമാറ്റം ചെയ്യപ്പെടും. റീട്ടെയില്‍ അപേക്ഷകര്‍ക്ക് 35 ശതമാനം ഓഹരികളും മാറ്റിവച്ചിട്ടുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്നതില്‍ 225 കോടി രൂപ പുതിയ ഷോറൂമുകള്‍ തുറക്കാന്‍ ചിലവഴിക്കുമെന്നും കമ്പനി വ്യക്തമാക്കി.

4) റേറ്റ് ഗെയിന്‍ ട്രാവല്‍ ടെക്നോളജീസ്
ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. വിനോദ സഞ്ചാര, യാത്രാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് സോഫ്റ്റ്വയര് സേവനം നല്കുന്ന പ്രമുഖ കമ്പനികളിലൊന്നാണ്. ഡിസംബര്‍ 7 മുതല്‍ 9 വരെയാണ് ഓഹരികള്‍ക്ക് അപേക്ഷിക്കാനുള്ള സമയം. ഓഹരികളുടെ പ്രൈസ് ബാന്‍ഡ് 405- 425 രൂപ നിലവാരത്തിലാണ്. 375 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയില്‍ വഴി 2.2 കോടി ഓഹരികളും കൈമാറ്റം ചെയ്യപ്പെടും. 5 കോടി രൂപയുടെ ഓഹരികള്‍ ജീവനക്കര്‍ക്കായി മാറ്റിവയ്ക്കു. ഓഹരി വില്‍പ്പനയിലൂടെ 1,335.73 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കടബാധ്യത കുറയ്ക്കുന്നതിനും മറ്റൊരു കമ്പനിയെ ഏറ്റെടുക്കാനും സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിനുമായി ചിലവഴിക്കും.

വിദേശത്തു നിന്നും കോടികള്‍
പ്രാഥമിക ഓഹരി വില്പനയിലൂടെ കമ്പനികളിലെ ഓഹരി പങ്കാളിത്തം നേടാനായി വിദേശ ധനകാര്യ സ്ഥാപനങ്ങളും മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങളും വന്‍തോതില്‍ താല്‍പ്പര്യം കാണിക്കുന്നുവെന്നാണ സീമപകാലത്തെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ ഐപിഒകളിലായി വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 25,000 കോടിയിലേറെ രൂപയാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇത് 2020-ലെ കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ആറു മടങ്ങ് വര്‍ധനയാണ്. അതേപോലെ 2019 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 9 മടങ്ങും വര്ദ്ധിച്ചിരക്കുന്നു.
Also Read: 74% വരെ നേട്ടം ലഭിക്കും; ആകര്‍ഷക വിലയിലേക്കെത്തിയ 4 മിഡ്കാപ്പ് സ്റ്റോക്കുകള്‍ വാങ്ങാം

ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍
അതേസമയം മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഐപിഒകളില്‍ നിക്ഷേപിച്ച പണവും നാലു മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. 2,500 കോടിയിലേറെ രൂപയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ നാലു മടങ്ങും 2019 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തു മടങ്ങിലധികവും വര്‍ധനയാണ് സൂചിപ്പിക്കുന്നത്. പ്രാഥമിക വിപണിയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളും മ്യൂച്ചല്‍ ഫണ്ടുകളും ചേര്‍ന്നുള്ള തുക, കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് മടിലധികവും വര്‍ദ്ധിച്ചിട്ടുണ്ട്.
Also Read: താമസിയാതെ 1,000 തൊട്ടേക്കും; ഈ ധനകാര്യ ഓഹരിയില്‍ നിന്നും 30% ലാഭം നേടാം

കോടികള്‍ മറിയുന്നു
സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഏജന്‍സി 1,570 കോടി രൂപയും കാനഡ പെന്ഷന് പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് 1,197 കോടി രൂപയും ബ്ലാക്ക് റോക്ക് ഗ്ലോബല്‍ ഫണ്ട്സ് (വേള്‍ഡ് ടെക്നോളജി ഫണ്ട്) 868 കോടി രൂപയും മോര്ഗന് സ്റ്റാന്‍ലി ഏഷ്യ 648 കോടി രൂപയും നോമുറ ഇന്ത്യ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് 599 കോടി രൂപയും പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പങ്കെടുത്ത് പണം മുടക്കിയിട്ടുണ്ട്. അതേസമയം ആഭ്യന്തര മ്യൂച്ചല്‍ ഫണ്ടുകളില്‍ ആദിത്യ ബിര്‍ള സണ്‍ലൈഫ് 1,616 കോടി രൂപയും എച്ച്ഡിഎഫ്സി മ്യൂച്ചല്‍ ഫണ്ട് 1,317 കോടി രൂപയും എസ്ബിഐ മ്യൂച്ചല്‍ ഫണ്ട് 1,201 കോടി രൂപയും ആക്സിസ് മ്യൂച്ചല്‍ഫണ്ട് 1,196 കോടി രൂപയും മിറെ അസറ്റ് മ്യൂച്ചല്‍ ഫണ്ട് 1,178 കോടി രൂപയും പ്രാഥമിക ഓഹരി വില്‍പ്പനയില്‍ ചെലവഴിച്ചിട്ടുണ്ട്.
Also Read: കമ്പനി അടിമുടി പരിഷ്കരിക്കുന്നു; 30% വരെ ഓഹരി വില കുതിക്കാം; നോക്കിക്കോളൂ

ഐപിഒ ചരിത്രം
2014, 2018 വര്‍ഷങ്ങളിലാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളേക്കാള്‍ ഉയര്‍ന്ന തോതില്‍ ഐപിഒ വഴി നിക്ഷേപം നടത്തിയിട്ടുള്ളത്. 2009, 2010 കാലയളവില്‍ ഐപിഒകളില്‍ മുഖ്യമായും പണം മുടക്കിയിരുന്നത് വിദേശ നിക്ഷേപകര്‍ ആയിരുന്നു. അന്ന് ആഭ്യന്തര നിക്ഷേപകരുടെ പ്രാഥമിക വിപണിയിലെ പങ്കാളിത്തം 11 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി പ്രാഥമിക ഓഹരി വിപണിയില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം പതിന്മടങ്ങായി വര്‍ധിച്ചിട്ടുണ്ട്. 73,000 കോടിയിലേറെ രൂപയാണ് കഴിഞ്ഞ എട്ടു മാസങ്ങള്‍ക്കിടെ രാജ്യത്തെ വിവിധ മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് നിക്ഷേപമായി ഒഴുകിയെത്തിയത്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.