ഇന്ത്യയില്‍ മുന്‍ഗണന കുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ആമസോണ്‍. ഒരു ഇ-കൊമേഴ്സ് പ്ളെയര്‍ എന്ന നിലയില്‍ ഗാര്‍ഹിക, ഹെല്‍ത്ത് കെയര്‍, പേഴ്സണല്‍ സേഫ്റ്റി ഉല്‍പ്പന്നങ്ങള്‍ പോലുള്ള അടിയന്തിര ഇനങ്ങള്ക്കാവും സേവനങ്ങളില്‍ മുന്‍ഗണന നല്‍കുകയെന്ന് ചൊവ്വാഴ്ച ആമസോണ്‍ അറിയിച്ചു. മറ്റൊരു ഇ-കൊമേഴ്സ് വമ്പനായ ഫ്ളിപ്പ്കാര്‍ട്ട്, നിലവില്‍ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ഏറ്റവും അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം കമ്പനി ജീവനക്കാരുടെ സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. നിലവില്‍ കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് അത്യാവശ്യമായ ഗാര്‍ഹിക സ്റ്റേപ്പിള്‍സ്, പാക്കേജ് ചെയ്ത ഭക്ഷണം, ആരോഗ്യ പരിരക്ഷ, ശുചിത്വ, വ്യക്തിഗത സുരക്ഷ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു നല്കുന്നതിലാണ് ലക്ഷ്യമെന്ന് ആമസോണ്‍ അറിയിച്ചു.
ഇറ്റലിയിലും യുഎസിലും സമാനമായ സമീപനമാണ് ആമസോണ്‍ സ്വീകരിച്ചത്. ഈ നിലപാട് എത്ര നാള് വരെയുണ്ടാവുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. കൊവിഡ് 19 വ്യാപനം തടയാന്‍ എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാലാണ് ആമസോണിന്റെ പുതിയ നടപടി. ഫ്ളിപ്പ്കാര്‍ട്ട്, ഗ്രോസേഴ്സ് ഗ്രോഫേഴ്സ്, ബിഗ് ബാസ്ക്കറ്റ് എന്നിവയുള്‍പ്പടെ നിരവധി ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് അവരുടെ സേവനങ്ങളില്‍ കടുത്ത തടസ്സങ്ങള്‍ നേരിടുന്നുണ്ട്. മാര്‍ച്ച് 25 അര്‍ദ്ധരാത്രി 12 മണി തൊട്ട് രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അറിയിച്ചിരുന്നു. ഹൈദരാബാദ്, മുംബൈ, ദില്ലി എന്‍സിആര്‍ തുടങ്ങിയ നഗരങ്ങളിലെ കമ്പനിയുടെ വെയര്‍ഹൗസുകളില്‍ ലോക്ക് ഡൗണ്‍ നിര്‍ബന്ധിതമാക്കിയെന്നും, പ്രദേശിക സ്റ്റോറുകളില്‍ നിന്നുള്ള ഡെലിവറി പങ്കാളികളെ കമ്പനി തിരിച്ചയക്കുകയാണെന്നും ഉപഭോക്താക്കള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനാണ് നിലവില്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും, ഗ്രോഫേഴ്സ് സഹ സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവുമായ അല്‍ബിന്ദര്‍ ധിന്ദ്സ വ്യക്തമാക്കി.
മുന്‍ഗണന കുറഞ്ഞ ഒരു ഇനത്തിനായി ഇതിനകം ഓര്‍ഡര്‍ നല്കിയ ഉപഭോക്താക്കള്‍ക്ക് വിഷമിക്കേണ്ടതില്ലെന്നും, ഇവര്‍ക്ക് മുഴുവന്‍ റീഫണ്ട് ലഭിക്കുന്നതിനുള്ള ഓപ്ഷന് നല്‍കുമെന്നും ആമസോണ്‍ പറഞ്ഞു. അതേസമയം, ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ എല്ലാ പുതിയ ഓര്‍ഡറുകളും ഫ്ളിപ്പ്കാര്‍ട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അവശ്യ സാധങ്ങള്‍ നല്കാന് ആമസോണിന് കഴിഞ്ഞിട്ടില്ല. ഇ-കൊമേഴ്സ് ഡെലിവറികള്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രാദേശിക അധികാരികള്‍ ഈ ഉപദേശം പാലിക്കാത്തതാണ് ഇതിന് കാരണം. ഇ-കൊമേഴ്സ് ഡെലിവറികള്‍ അനുവദിക്കണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വിവിധ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 515 -ഉം, മരണനിരക്ക് 10 -ഉം ആയി ഉയര്‍ന്നു.