വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രധാന സൂചികകള്‍ നേട്ടത്തിലേക്ക് മടങ്ങിയെത്തി. കഴിഞ്ഞ ദിവസം വിശാല വിപണിയിലെ പ്രകടനം പരിശോധിച്ചാല്‍ 'ബെയറുകള്‍'ക്കെതിരെ 'ബുള്ളുകള്‍' പൊരുതുന്ന ചിത്രം വ്യക്തമാണ്. ഈ മുന്നേറ്റത്തിൽ നിര്‍ണായകമായത് ഓട്ടോമൊബീല്‍ വിഭാഗം ഓഹരികളിലെ കുതിപ്പാണ്. ഓട്ടോ വിഭാഗത്തിലെ മുന്‍നിര ഓഹരികളെല്ലാം 3-7 ശതമാനത്തോളം കുതിപ്പ് നടത്തി.

ബിഎസ്ഇയുടെ ഓട്ടോ സൂചിക 4.4 ശതമാനമാണ് ഇന്നലെ മുന്നേറിയത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കിയുടെ ഓഹരികള്‍ 7 ശതമാനത്തോളം കുതിച്ചു. സമാനമായി ഐഷര്‍ മോട്ടോര്‍സ്, ഹീറോ മോട്ടോര്‍ കോര്‍പ്, അശോക് ലെയ്ലാന്‍ഡ്, മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഓട്ടോ, ടിവിസ് മോട്ടോര്‍, ടാറ്റ മോട്ടോര്‍സ് തുടങ്ങിയ മുന്‍നിര വാഹന നിര്‍മാതാക്കളുടെ ഓഹരികള്‍ 3.6 ശതമാനം മുതല്‍ 6 ശതമാനം വരെ മുന്നേറി.

അതേസമയം രാജ്യാന്തര വിപണിയില്‍ മെറ്റല്‍ ഉള്‍പ്പെടെയുള്ള കമ്മോഡിറ്റികളിലെ വിലയിടിവാണ് ഓട്ടോ വിഭാഗം ഓഹരികളിലെ കുതിപ്പിന് ഇടയാക്കുന്നതെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. ഇത് കമ്പനികളുടെ ഉത്പാദന ചെലവ് കുറയ്ക്കുന്ന ഘടകമാണ്. ''ലോഹങ്ങളുടെ വില ഇടിയുകയും അതേപോലെ യാത്രാ വാഹന വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതും ശക്തമായ തിരുത്തല്‍ നേരിട്ട ഓട്ടോ വിഭാഗം ഓഹരികളില്‍ നിക്ഷേപ താത്പര്യം ജനിപ്പിച്ചുവെന്ന്'' ഇന്‍വസ്റ്റ്മെന്റ്- ഇല്ലിട്രസി.കോം സിഐഒ ആയ കുഞ്ച് ബന്‍സാല്‍ ചൂണ്ടിക്കാട്ടി.
Also Read: 60% റീട്രേസ്മെന്റ് കഴിഞ്ഞ 5 ഷുഗര്‍ ഓഹരികള്‍; ലാഭം നുണയാന്‍ ഇവയില്‍ ഏത് വാങ്ങണം?

വിപണിയിലെ ശക്തമായ തിരുത്തലിന് മുന്നേ തന്നെ വില്പന സമ്മര്‍ദം നേരിട്ട മേഖലയായിരുന്നു വാഹന വിഭാഗം ഓഹരികള്‍. അടുത്തിടെ വിപണിയിലു തിരിച്ചടി നേരിട്ടതോടെ അതിനോടകം ആകര്‍ഷകമായ നിലവാരത്തിലേക്ക് താണിറങ്ങി നിന്നിരുന്ന വാഹന വിഭാഗം ഓഹരികളില്‍ നിക്ഷേപകരുടെ ശ്രദ്ധ പതിഞ്ഞു. ഇത്തരത്തില്‍ 'വാല്യൂ ഇന്‍വസ്റ്റിങ്' മുന്‍നിര്‍ത്തിയുള്ള നിക്ഷേപ പ്രവാഹം ഓട്ടോ വിഭാഗം ഓഹരികളെയും വേറിട്ടു നിര്‍ത്തുന്നു. ഈ വിഭാഗത്തിലെ പ്രധാന 10 ഓഹരികളില്‍ ഏഴെണ്ണവും 2022-ല്‍ ഇതുവരെയുള്ള കാലഘട്ടത്തില്‍ പോസിറ്റീവ് നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. 3.65 ശതമാനം മുതല്‍ 23.91 ശതമാനം നേട്ടം ഈ വര്‍ഷം നല്കി കഴിഞ്ഞു.

ഇതിനടോകം ഉയര്‍ന്നെങ്കിലും ഇനിയും മുന്നേറ്റത്തിനുള്ള അവസരം ഓട്ടോ വിഭാഗം ഓഹരികളില്‍ അവശേഷിക്കുന്നുവെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. ഓട്ടോ വിഭാഗം ഓഹരികളിലെ ചാക്രിക റാലികള്‍ 24-30 മാസം വരെ നീണ്ടു നില്‍ക്കാറുണ്ട്. കഴിഞ്ഞ ആറ് മാസമായി വിപണിയിലെ തിരിച്ചടികളെ പ്രതിരോധിച്ച ഓട്ടോ സ്റ്റോക്കുകള്‍ക്ക് ഇനിയും രണ്ട് വര്‍ഷത്തോളം അനുകൂല കാലഘട്ടമാണെന്നും ബനസാല് ചൂണ്ടിക്കാട്ടി. സ്്റ്റീല്‍ കയറ്റുമതിക്ക് അധിക ചുങ്കം ഏര്‍പ്പെടുത്തിയതും ഇറക്കുമതി തീരുവ കുറച്ചതും വിപണിയില്‍ ഉരുക്കിന്റെ വില കുറയക്കാന്‍ സഹായിച്ചു. അതുപോലെ ഇന്ധന നികുതി കുറച്ചതും അനുകൂല ഘടകമാണെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.

നിലവിലെ സാഹചര്യത്തില്‍ ഇടക്കാലയളവിലേക്ക് നിക്ഷേപത്തിന് പരഗണിക്കാവുന്ന ഓഹരികളായി വിപണി വിദഗ്ധര്‍ നിര്‍ദേശിച്ചത് ചുവടെ ചേര്‍ക്കുന്നു.
- ഐസിഐസിഐ ഡയറക്ട്- ടാറ്റ മോട്ടോര്‍സ്, അശോക് ലെയ്ലാന്‍ഡ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ ഓഹരികളില്‍ ബുള്ളിഷാണ്. ഇരട്ടയക്ക നേട്ടം പ്രതീക്ഷിക്കുന്നു.
- ഷേര്ഖാന് ബിഎന്‍പി പരിബാസ്- മഹീന്ദ്ര & മഹീന്ദ്ര, മാരുതി സുസൂക്കി, ഹീറോ മോട്ടോ കോര്‍പ് തുടങ്ങിയ ഓഹരികളില്‍ ബുള്ളിഷാണ്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.