1 ലക്ഷം രൂപയിട്ടവര്‍ക്ക് കിട്ടിയത് 1 കോടി; അറിയണം ഈ 5 സ്‌റ്റോക്കുകള്‍!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ വിപണിയിലെ അടുത്ത വലിയ 'മള്‍ട്ടിബാഗര്‍' സ്റ്റോക്കുകള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം നിക്ഷേപകര്‍ തുടരുകയാണ്. നിക്ഷേപിച്ച തുകയുടെ പതിന്മടങ്ങ് ലാഭം നിക്ഷേപകന് തിരിച്ചുകൊടുക്കുമ്പോഴാണ് ഓഹരികള്‍ക്ക് 'മള്‍ട്ടിബാഗര്‍' പട്ടം ലഭിക്കാറ്.

 

എന്നാല്‍ മള്‍ട്ടിബാഗര്‍ സ്റ്റോക്കുകള്‍ തിരിച്ചറിഞ്ഞ് കൈവശം വെയ്ക്കുക എളുപ്പമുള്ള കാര്യമല്ല. വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, ഓഹരികള്‍ ഹോള്‍ഡ് ചെയ്യുന്നതിലാണ് 'ഗുട്ടന്‍സ്' മുഴുവന്‍.

വിഖ്യാത നിക്ഷേപകനും കോടീശ്വരനുമായ വാരന്‍ ബഫെറ്റ് ഒരിക്കല്‍ പറയുകയുണ്ടായി, 'ഒരു ഓഹരി 10 വര്‍ഷം കൈവശം വെയ്ക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ 10 മിനിറ്റു നേരത്തേക്കുപോലും അതു സ്വന്തമാക്കാന്‍ ചിന്തിക്കരുത്'.

ക്ഷമ പ്രധാനം

കോമ്പൗണ്ടിങ് രീതിയിലുള്ള നിക്ഷേപങ്ങളോടാണ് വാരന്‍ ബഫെറ്റിന് താത്പര്യം. അല്‍പ്പം ക്ഷമയുണ്ടെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഭീമന്‍ തുക സ്വന്തമാക്കാനുള്ള അവസരമാണ് കോമ്പൗണ്ടിങ് നിക്ഷേപ മാര്‍ഗം മുന്നോട്ടുവെയ്ക്കുന്നത്.

കഴിഞ്ഞ 11 വര്‍ഷംകൊണ്ട് കോടിപതികളാകാനുള്ള നിരവധി അവസരങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രതിസന്ധിഘട്ടത്തിലും ഉയര്‍ന്ന നിലവാരമുള്ള സ്റ്റോക്കുകള്‍ വില്‍ക്കാതെ സൂക്ഷിച്ചവര്‍ പില്‍ക്കാലത്ത് വമ്പന്‍ നേട്ടങ്ങള്‍ കൊയ്തു. ഈ അവസരത്തില്‍ 11 വര്‍ഷം കൊണ്ട് 1 ലക്ഷം രൂപ നിക്ഷേപം 1 കോടി രൂപയാക്കി മാറ്റിയ മള്‍ട്ടിബാഗര്‍ ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.

1. അവന്തി ഫീഡ്‌സ്

1. അവന്തി ഫീഡ്‌സ്

രാജ്യത്തെ ജലക്കൃഷി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കമ്പനികളില്‍ ഒന്നാണ് അവന്തി ഫീഡ്‌സ് (എഎഫ്എല്‍). ചെമ്മീന്‍ സംസ്‌കരണവും കയറ്റുമതിയുമാണ് കമ്പനിയുടെ പ്രധാന ബിസിനസ് മേഖല. 2010 ഏപ്രിലില്‍ 1.6 രൂപയായിരുന്നു അവന്തി ഫീഡ്‌സിന്റെ ഓഹരി വില. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഓഹരി വില 555 രൂപയില്‍ എത്തിനില്‍ക്കുകയാണ് (സെപ്തംബര്‍ 8). അതായത് കഴിഞ്ഞ 11 വര്‍ഷം കൊണ്ട് അവന്തി ഫീഡ്‌സ് വളര്‍ന്നത് 35,000 ശതമാനത്തിലേറെ! 2010 കാലത്ത് കമ്പനിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നവര്‍ ഓഹരികള്‍ ഇപ്പോഴും ഹോള്‍ഡ് ചെയ്യുകയാണെങ്കില്‍ ആസ്തി മൂല്യം 3.5 കോടി രൂപയിലേറെ വര്‍ധിച്ചിട്ടുണ്ടാവണം.

സാമ്പത്തിക ഫലം

കഴിഞ്ഞ മൂന്നു മാസത്തിനിടെ കമ്പനിയിലെ മ്യൂച്വല്‍ ഫണ്ട് ഹോള്‍ഡിങ് 1.28 ശതമാനത്തില്‍ നിന്നും 4.28 ശതമാനമായി കൂടിയത് കാണാം. ഇക്കാലയളവില്‍ വിദേശ സ്ഥാപന നിക്ഷേപകരുടെ ഓഹരി പങ്കാളിത്തത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടില്ല. പറഞ്ഞുവരുമ്പോള്‍ കമ്പനിയുടെ ജൂണിലെ സാമ്പത്തിക ഫലത്തില്‍ ഒരല്‍പ്പം നിരാശ നിഴലിക്കുന്നുണ്ട്. ലാഭത്തില്‍ സംഭവിച്ച ഇടിവാണ് കഴിഞ്ഞ പാദത്തിലെ പ്രധാന പോരായ്മ.

ചെമ്മീന്‍ തീറ്റ നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്ക് ചെലവ് കൂടിയത് അവന്തി ഫീഡ്‌സിന്റെ ലാഭമികവിനെ ബാധിച്ചു. എന്തായാലും കോവിഡ് ഭീതിയെ തുടര്‍ന്ന് നടപ്പിലായ ലോക്ക്ഡൗണിലും മാര്‍ക്കറ്റ് വിഹിതം 48-50 ശതമാനം നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിച്ചെന്ന കാര്യം പ്രശംസനീയമാണ്. 76.4 ബില്യണ്‍ രൂപ വിപണി മൂല്യമുള്ള അവന്തി ഫീഡ്‌സ് സ്‌മോള്‍ക്യാപ് കമ്പനികളുടെ ഗണത്തിലാണ് പെടുന്നത്.

2. ബജാജ് ഫൈനാന്‍സ്

2. ബജാജ് ഫൈനാന്‍സ്

ഇന്ത്യയിലെ മുന്‍നിര വായ്പാ കമ്പനികളില്‍ ഒന്നാണ് ബജാജ് ഫൈനാന്‍സ്. ചില്ലറ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന വായ്പാ പദ്ധതികള്‍ കമ്പനി മുന്നോട്ടുവെയ്ക്കുന്നുണ്ട്. രാജ്യത്തെ നാഗരിക, പ്രാദേശിക മേഖലകളിലെ ജനങ്ങള്‍ക്കും ബജാജ് ഫൈനാന്‍സ് സ്വകാര്യ വായ്പകള്‍ നല്‍കിവരുന്നുണ്ട്. പബ്ലിക്, കോര്‍പ്പറേറ്റ് ഡിപ്പോസിറ്റുകള്‍ സ്വീകരിക്കുന്ന കമ്പനി ഉപഭോക്താക്കള്‍ക്ക് നിരവധി സാമ്പത്തികകാര്യ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നത് കാണാം. കഴിഞ്ഞ 11 വര്‍ഷം കൊണ്ട് ബജാജ് ഫൈനാന്‍സിന്റെ ഓഹരി വില 33 രൂപയില്‍ നിന്നും 7,452 രൂപയിലേക്കാണ് ഉയര്‍ന്നത്. അതായത് വളര്‍ച്ച 22,652 ശതമാനം!

നിഷ്ക്രിയാസ്തി കൂടി

2010 -ല്‍ ബജാജ് ഫൈനാന്‍സില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചവരുടെ ഇപ്പോഴത്തെ ആസ്തി 2.3 കോടി രൂപ തൊട്ടിട്ടുണ്ടാകണം (ഓഹരികള്‍ വില്‍ക്കാതെ സൂക്ഷിച്ചെങ്കില്‍ മാത്രം). കഴിഞ്ഞ 1 വര്‍ഷം കൊണ്ടുമാത്രം 108 ശതമാനം വളര്‍ച്ച കുറിക്കാന്‍ ബജാജ് ഫൈനാന്‍സിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 61 ശതമാനമാണ് കമ്പനിയുടെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കും (സിഎജിആര്‍).

2021 ജൂണ്‍ പാദത്തില്‍ ബജാജ് ഫൈനാന്‍സ് അറ്റാദായത്തില്‍ 4 ശതമാനം വാര്‍ഷിക വളര്‍ച്ച കണ്ടെത്തി. ഇതേസമയം, നിഷ്‌ക്രിയാസ്തികളുടെ എണ്ണം കൂടിയത് കാരണം കമ്പനിയുടെ ആസ്തി നിലവാരത്തില്‍ നേരിയ സമ്മര്‍ദം രൂപംകൊള്ളുന്നുണ്ട്. 4 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ബജാജ് ഫൈനാന്‍സ് ലാര്‍ജ്ക്യാപ് കമ്പനികളുടെ ഗണത്തിലാണ് പെടുന്നത്.

3. അതുല്‍ ലിമിറ്റഡ്

3. അതുല്‍ ലിമിറ്റഡ്

ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാല്‍ബായി ഗ്രൂപ്പിന്റെ ഭാഗമായ കെമിക്കല്‍ കമ്പനിയാണ് അതുല്‍ ലിമിറ്റഡ്. രാജ്യത്തെ വിവിധ വ്യവസായ മേഖലകളില്‍ അതുല്‍ ലിമിറ്റഡിന്റെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ലൈഫ് സയന്‍സ് കെമിക്കല്‍സ്, പെര്‍ഫോര്‍മന്‍സ് കെമിക്കല്‍സ് എന്നിങ്ങനെ രണ്ടു പ്രധാന സെഗ്മന്റുകള്‍ക്ക് കീഴിലാണ് അതുല്‍ ലിമിറ്റഡ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞ 11 വര്‍ഷം കൊണ്ട് 10,097 ശതമാനം വളര്‍ച്ച അതുല്‍ ലിമിറ്റഡ് ഓഹരികള്‍ക്ക് കുറിക്കാന്‍ കഴിഞ്ഞു. 2010 കാലത്ത് 91.3 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ഇപ്പോഴാകട്ടെ അതുല്‍ ലിമിറ്റഡിന്റെ സ്‌റ്റോക്കൊന്നിന് വില 9,279.40 രൂപയാണ്.

വളർച്ചാ നിരക്ക്

2009 -ലെ മാന്ദ്യകാലത്ത് 1 ലക്ഷം രൂപ കമ്പനിയില്‍ നിക്ഷേപിച്ചവരുടെ ഇപ്പോഴത്തെ ആസ്തി 1 കോടി രൂപ തൊട്ടിരിക്കണം (ഓഹരികള്‍ വില്‍ക്കാതെ സൂക്ഷിച്ചെങ്കില്‍ മാത്രം). കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 45 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) രേഖപ്പെടുത്തിയാണ് അതുല്‍ ലിമിറ്റഡ് മുന്നേറുന്നത്.

ആഗോള കെമിക്കല്‍ കമ്പനികള്‍ ഇന്ത്യയില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ കൂടുതലായി കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചതും ആഭ്യന്തര കെമിക്കല്‍ വ്യവസായം ദൃഢപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചതും അതുല്‍ ലിമിറ്റഡിന്റെ വളര്‍ച്ചയ്ക്ക് വേഗം പകരുന്നുണ്ട്. 272.7 ബില്യണ്‍ രൂപ വിപണി മൂല്യമുള്ള അതുല്‍ ലിമിറ്റഡ് മിഡ്ക്യാപ് കമ്പനികളുടെ ഗണത്തിലാണ് പെടുന്നത്.

4. പിഐ ഇന്‍ഡസ്ട്രീസ്

4. പിഐ ഇന്‍ഡസ്ട്രീസ്

രാജ്യത്തെ അഗ്രോ-കെമിക്കല്‍ മേഖലയിലെ പ്രധാനിയാണ് പിഐ ഇന്‍ഡസ്ട്രീസ്. ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. കഴിഞ്ഞ 11 വര്‍ഷം കൊണ്ട് 10,900 ശതമാനത്തിലേറെയാണ് പിഐ ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില കുതിച്ചുയര്‍ന്നത്. 2010 ഏപ്രിലില്‍ 31 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. 11 വര്‍ഷങ്ങള്‍ക്കിപ്പുറം പിഐ ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 3,387.95 രൂപയിലേക്ക് കടന്നെത്തി. 2010 കാലഘട്ടത്തില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചവര്‍ ഇപ്പോഴും ഓഹരികള്‍ വില്‍ക്കാതെ തുടരുന്നുണ്ടെങ്കില്‍ ആസ്തി മൂല്യം 1.1 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ടാകണം.

ഓഹരി പങ്കാളിത്തം

പോയവര്‍ഷം ഭേദപ്പെട്ട പ്രകടനമാണ് പിഐ ഇന്‍ഡസ്ട്രീസ് നടത്തിയത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 82 ശതമാനം ഉയരാന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് സാധിച്ചു. ഇക്കാലയളവില്‍ ബോംബെ സൂചിക പോലും 51 ശതമാനം മാത്രമാണ് നേട്ടം കൊയ്തത്. എന്തായാലും കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനിയിലെ മ്യൂച്വല്‍ ഫണ്ട്, വിദേശ സ്ഥാപന നിക്ഷേപകരുടെ ഓഹരി പങ്കാളിത്തത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. നിലവില്‍ 519 ബില്യണ്‍ രൂപയാണ് പിഐ ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം. ലാര്‍ജ്ക്യാപ് ഗണത്തിലാണ് കമ്പനി പെടുന്നതും.

5. ആസ്ട്രല്‍ പോളി ടെക്‌നിക്ക്

5. ആസ്ട്രല്‍ പോളി ടെക്‌നിക്ക്

പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലാണ് ആസ്ട്രല്‍ പോളി ടെക്‌നിക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൈപ്പുകള്‍, ഫിറ്റിങ്ങുകള്‍, അഡസീവ് ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണവും വില്‍പ്പനയും കമ്പനിയുടെ പ്രധാന വരുമാനമാര്‍ഗമാണ്. കഴിഞ്ഞ 11 വര്‍ഷം കൊണ്ട് 16,701 ശതമാനത്തോളം വളര്‍ച്ച കുറിക്കാന്‍ ആസ്ട്രല്‍ പോളി ടെക്‌നിക്കിന് സാധിച്ചിട്ടുണ്ട്. 2010 ഏപ്രിലില്‍ 12.6 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 2,076 രൂപയിലാണ് വന്നുനില്‍ക്കുന്നത്.

മാർക്കറ്റ് വിഹിതം

അതായത്, 2010 കാലഘട്ടത്തില്‍ കമ്പനിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചവരുടെ ഇപ്പോഴത്തെ ആസ്തി 1.7 കോടി രൂപയായിട്ടുണ്ടാകണം (ഓഹരികള്‍ ഹോള്‍ഡ് ചെയ്‌തെങ്കില്‍ മാത്രം). കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ആസ്ട്രല്‍ പോളി ടെക്‌നിക്കിന്റെ മാര്‍ക്കറ്റ് വിഹിതം 5.1 ശതമാനത്തില്‍ നിന്നും 6.39 ശതമാനമായാണ് കൂടിയത്. 2021 ജൂണ്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 199 മില്യണ്‍ രൂപയില്‍ നിന്നും 739 മില്യണ്‍ രൂപയായി ഉയര്‍ന്നു; 271.4 ശതമാനം വളര്‍ച്ച. 422 ബില്യണ്‍ വിപണി മൂല്യമുള്ള ആസ്ട്രല്‍ പോളി ടെക്‌നിക്ക് മിഡ്ക്യാപ് കമ്പനികളുടെ ഗണത്തിലാണ് പെടുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Avanti Feeds To Astral Poly Technik; Know These 5 Stocks That Turned Rs 1 Lakh Into Rs 1 Crore In 11 Years

Avanti Feeds To Astral Poly Technik; Know These 5 Stocks That Turned Rs 1 Lakh Into Rs 1 Crore In 11 Years. Read in Malayalam.
Story first published: Wednesday, September 8, 2021, 20:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X