5ജി ബിസിനസിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയിലെ ടെലികോം കമ്പനികള്‍. ഈ അവസരത്തില്‍ പ്രമുഖ ബ്രോക്കറേജായ ആക്സിസ് സെക്യുരിറ്റീസ് ഭാരതി എയര്‍ടെല്ലിന് 'ബൈ' റേറ്റിങ് നല്കി രംഗത്തുവരികയാണ്. 718.25 രൂപയുള്ള എയര്‍ടെല്ലിന്റെ ഓഹരി വില 820 രൂപ വരെയെത്തുമെന്ന് ഇവര്‍ പ്രവചിക്കുന്നു. അതായത് 14 ശതമാനം ഉയര്‍ച്ച. ഒരു വര്‍ഷത്തെ കാലയളവിലായിരിക്കും സ്റ്റോക്ക് ടാര്‍ഗറ്റ് വില കൈവരിക്കുക. ഭാരതി എയര്‍ടെല്ലില്‍ ആക്സിസ് സെക്യുരിറ്റീസ് പ്രതീക്ഷയര്‍പ്പിക്കാന്‍ ഒന്നു രണ്ടു കാരണങ്ങളുണ്ട്.

കമ്പനിയുടെ വിദേശ ബിസിനസ് വളരുന്നതാണ് ഇതില്‍ പ്രധാനം. ആഫ്രിക്കയില്‍ എയര്‍ടെല്ലിന്റെ ബിസിനസ് മുന്നേറുകയാണ്. ഓരോ പാദങ്ങളിലും പ്രവര്‍ത്തന ലാഭവും പണമൊഴുക്കും സ്ഥിരതയോടെ ഉയരുന്നു. കഴിഞ്ഞ ത്രൈമാസപാദം 7.6 ശതമാനം വളര്‍ച്ചയോടെ 8,177 കോടി രൂപയാണ് എയര്‍ടെല്‍ ആഫ്രിക്കന്‍ വിപണിയില്‍ നിന്ന് വരുമാനം കണ്ടെത്തിയത്. ഇക്കാലയളവില്‍ പ്രവര്‍ത്തന മാര്‍ജിന്‍ 30 ബേസിസ് പോയിന്റ് കൂടി 48 ശതമാനമായി.

ഇന്ത്യയിലും എയര്‍ടെല്ലിന് കാര്യങ്ങള്‍ ശോഭനമാണ്. റിലയന്‍സ് ജിയോയുമായുള്ള ശക്തമായ പോരിനിടയില്‍ ടെലികോം വ്യവസായത്തിലെ ഏറ്റവും ഉയര്‍ന്ന എആര്‍പിയു (ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി പ്രതിമാസ വരുമാനം) ഭാരതി എയര്‍ടെല്ലാണ് അവകാശപ്പെടുന്നത്. ശരാശരി ഡേറ്റ ഉപഭോഗത്തിലും എയര്‍ടെല്‍ തന്നെ മുന്നില്‍ (പ്രതിമാസം 16 ജിബി). നികുതിക്കും പലിശയ്ക്കും മുന്‍പുള്ള വരുമാനത്തിനൊപ്പം എആര്‍പിയുവും മെച്ചപ്പെടുന്നത് കമ്പനിക്ക് പ്രവര്‍ത്തന ലിവറേജിന്റെ ആനുകൂല്യം സമര്‍പ്പിക്കുമെന്നാണ് ബ്രോക്കറേജിന്റെ വിലയിരുത്തല്‍.
Also Read: വിദേശ സ്ഥാപനങ്ങള്‍ക്ക് വന്‍ നിക്ഷേപമുള്ള ഫിനാന്‍സ് സ്റ്റോക്ക് വാങ്ങാം; 21% ലാഭം നേടാം

നെറ്റ്വര്‍ക്ക് ശൃഖല വിപുലപ്പെടുത്താന്‍ എയര്‍ടെല്‍ കാണിക്കുന്ന ഉത്സാഹവും മുന്നോട്ടുള്ള പാദങ്ങളില്‍ ഗുണം ചെയ്യും. എയര്‍ടെല്ലിന്റെ ഡിജിറ്റല്‍ ടിവി ബിസിനസ് 5.5 ശതമാനം വളര്‍ച്ചയാണ് സെപ്തംബര്‍ പാദം രേഖപ്പെടുത്തിയത്. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ 2.82 ലക്ഷം ഉപയോക്താക്കളെ ഡിജിറ്റല്‍ ടിവിയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു.

ഗ്രാമീണ മേഖലകളില്‍ വര്‍ധിച്ചുവരുന്ന സാന്നിധ്യം, നെറ്റ്വര്ക്കുകളില് നടത്തുന്ന നിക്ഷേപം, 4ജി കവറേജിലുള്ള വര്‍ധനവ് എന്നിവ അടിസ്ഥാനമാക്കി ഭാരതി എയര്‍ടെല്ലിന്റെ വരുമാനവും ലാഭവും കാര്യമായി ഉയരുമെന്നാണ് ആക്സിസ് സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍. ടവര്‍ വില്‍പ്പന, മൊബൈല്‍ മണിയുടെ പ്രാഥമിക ഓഹരി വില്‍പ്പന അടക്കം ഒരുപിടി സാധ്യതകളും കമ്പനിക്ക് മുന്നിലുണ്ട്.
Also Read: 74% വരെ നേട്ടം ലഭിക്കും; ആകര്‍ഷക വിലയിലേക്കെത്തിയ 4 മിഡ്കാപ്പ് സ്റ്റോക്കുകള്‍ വാങ്ങാം

28,435.20 കോടി രൂപ സംയോജിത വരുമാനം കുറിച്ചുകൊണ്ടാണ് ഭാരതി എയര്‍ടെല്‍ സെപ്തംബര്‍ പാദം പിന്നിട്ടത്. മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോഴുള്ള വളര്‍ച്ച 5.07 ശതമാനം.
ജൂലായ് - സെപ്തംബര്‍ കാലയളവില്‍ നികുതിക്ക് ശേഷം 1,399.30 കോടി രൂപ ലാഭം കണ്ടെത്താനും കമ്പനിക്ക് സാധിച്ചു. 1995 -ലാണ് ഭാരതി എയര്‍ടെല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് ടെലികം മേഖലയിലെ ലാര്‍ജ് കാപ്പ് കമ്പനിയാണിത്.

നിലവില്‍ സ്പെക്ട്രം നിരക്കും എജിആര്‍ കുടിശ്ശികയും കാരണം നട്ടംതിരിയുന്ന ടെലികോം കമ്പനികള്‍ ഒന്നടങ്കം പ്രീപെയ്ഡ് പദ്ധതികളില്‍ താരിഫ് വര്‍ധനവ് നടപ്പിലാക്കി പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിലാണ്. വെള്ളിയാഴ്ച്ച 1.96 ശതമാനം ഇടിവിലാണ് ഭാരതി എയര്‍ടെല്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 730 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 718.20 രൂപയില്‍ തിരശ്ശീലയിട്ടു.
Also Read: ചാഞ്ചാട്ടമില്ല; കടബാധ്യതയുമില്ല; നിക്ഷേപകരെ സമ്പന്നരാക്കിയ 5 സ്റ്റോക്കുകളിതാ

പോയവാരം 3.17 ശതമാനം വിലയിടിവിന് സ്റ്റോക്ക് സാക്ഷിയായി. ഇതേസമയം, ഒരു മാസത്തെ ചിത്രത്തില്‍ 1.30 ശതമാനം ഉയര്‍ച്ച എയര്‍ടെല്‍ ഓഹരികള്‍ രേഖപ്പെടുത്തുന്നുണ്ട്. ആറു മാസം കൊണ്ട് 36.39 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. ഈ വര്‍ഷം ഇതുവരെ 42.03 ശതമാനം ഉയര്‍ച്ച ഭാരതി എയര്‍ടെല്‍ അറിയിക്കുന്നു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 781.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 465.26 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 132.04.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.