രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയാണ് ഭാരതി എയര്‍ടെല്‍. എതിരാളികളേക്കാള്‍ വരിക്കാരില്‍ നിന്നുള്ള വരുമാനം (അര്‍പു- ARPU) ഉയര്‍ന്നു നില്ക്കുന്നതും പുതിയ വരിക്കാരെ ആകര്‍ഷിക്കാന്‍ കഴിയുന്നതുമൊക്കെ എയര്‍ടെല്ലിനെ വേറിട്ടു നിര്‍ത്തുന്നു. വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ നിക്ഷേപകര്‍ക്ക് 32 ശതമാനം നേട്ടം നല്‍കിയിട്ടുണ്ട്. ഇതിനിടെ പുറത്തുവിട്ട മാര്‍ച്ച് പാദ പ്രവര്‍ത്തന ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ഓഹരിയെ കുറിച്ച് വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നല്കിയ അവലോകനമാണ് ചുവടെ ചേര്‍ക്കുന്നത്.

നാലാം പാദഫലം
ജനുവരി- മാര്‍ച്ച് മാസക്കാലയളവിലെ ഭാരതി എയര്‍ടെല്ലിന്റെ പ്രവര്‍ത്തനഫലം വിപണി പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. നാലാം പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 31,500 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 22 ശതമാനവും പാദാനുപാദത്തില്‍ 5.5 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തുന്നു. മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ അറ്റാദായം 2,008 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 165 ശതമാനവും ഡിസംബര്‍ പാദത്തേക്കാള്‍ 142 ശതമാനവും വര്‍ധനയാണ് കാണിച്ചത്. പ്രധാനമായും 906 കോടിയുടെ വിശേഷാല്‍ ലാഭം കിട്ടിയതാണ് ആകെ അറ്റാദായം വര്‍ധിക്കാന്‍ ഇടയാക്കിയത്.
Also Read: സെല്‍ റേറ്റിങ്! ഈ മിഡ് കാപ് ഓഹരിയുടെ വില ഇനിയും 17% ഇടിയാം; ജാഗ്രതൈ

ജെഫറീസ്
അമേരിക്കന്‍ ബഹുരാഷ്ട്ര ഇന്‍വസ്റ്റിങ് ബാങ്കിംഗ് സ്ഥാപനമായ ജെഫറീസ്, ഭാരതി എയര്‍ടെല്‍ ഓഹരിക്ക് 'ബൈ' (BUY) റേറ്റിങ് നിലനിര്‍ത്തി. മികച്ച പാദഫലത്തിന്റെ പശ്ചാത്തലത്തില്‍ സമീപ ഭാവിയിലേക്ക് എയര്‍ടെല്‍ ഓഹരിക്ക് നല്കുന്ന ലക്ഷ്യവില 880 രൂപ നിലവാരത്തിലാണെന്നും വിദേശ ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. നെറ്റ്വര്‍ക്ക് ശൃംഖല മെച്ചപ്പെടുത്തുന്നതിനായി നിക്ഷേപമിറക്കിയതോടെ വരിക്കാരെ നേടുന്നതില്‍ മികവ് പുലര്‍ത്തുന്നു. ഡിടിഎച്ച് സര്‍വീസ് വിഭാഗവും ആഫ്രിക്കന്‍ രാജ്യങ്ങളിലെ ബിസിനസും നിരാശപ്പെടുത്തി. എങ്കിലും കമ്പനിയുടെ പ്രവര്‍ത്തന വരുമാനം ശക്തമാണ്. അതിനാല്‍ കടബാധ്യതകളും കൈകാര്യം ചെയ്യാവുന്ന നിലയിലാണ്. 2022- 25 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 20 ശതമാനം വര്‍ധിക്കുമെന്നാണ് അനുമാനം.

നോമൂറ
ജപ്പാനീസ് ബഹുരാഷ്ട്ര ധനകാര്യ സേവന സ്ഥാപനമായ നോമൂറയും, ഭാരതി എയര്‍ടെല്‍ (BSE: 532454, NSE: BHARTIARTL) ഓഹരിക്ക് 'ബൈ' റേറ്റിങ് നിലനിര്‍ത്തി. പ്രതീക്ഷിച്ച നിലവാരത്തില്‍ മാര്‍ച്ച് പാദഫലം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സമീപ ഭാവിയിലേക്ക് എയര്‍ടെല്‍ ഓഹരിക്ക് നല്കുന്ന ലക്ഷ്യവില 885 രൂപയാണെന്നും വിദേശ ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. ഇന്ത്യയിലെ മൊബൈല്‍ വിഭാഗം മെച്ചപ്പെട്ടപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ബിസിനസ് നിരാശപ്പെടുത്തി. എങ്കിലും വിപണി വിഹിതം മെച്ചപ്പെടുത്തുന്നതിനാലും വരിക്കാരില്‍ നിന്നുള്ള വരുമാനം ഉയരുന്നതും ഇന്ത്യയിലെ മൊബൈല്‍ വിഭാഗം ശക്തിപ്പെടുന്നതും ശുഭസൂചനയാണ്.
Also Read: എല്‍ഐസിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 42,500 കോടി! ഓഹരി ഇനി വാങ്ങണോ ഒഴിവാക്കണോ?

ഭാരതി എയര്‍ടെല്‍
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം സേവന ദാതാവാണ് ഭാരതി എയര്‍ടെല്‍. 1995ലാണ് കമ്പനിയുടെ ആരംഭം. ഇന്ന് ഏഷ്യയിലും ആഫ്രിക്കന്‍ വന്‍കരയിലുമായി 18 രാജ്യങ്ങളില്‍ ടെലികോം സേവനങ്ങള്‍ നല്കുന്ന വമ്പന്‍ കമ്പനിയായി വളര്‍ന്നു. 2-ജി, 4-ജി എല്‍ടിഇ, 4-ജി++ മൊബൈല്‍ സേവനങ്ങള്‍, ബ്രോന്‍ഡ് ബാന്‍ഡ് എന്നിവയിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. ഇതിനോടൊപ്പം ഡിഷ് ടിവി, പേയ്മെന്റ് ബാങ്ക് തുടങ്ങിയ രംഗങ്ങളിലും കമ്പനിക്ക് ബിസിനസ് സംരംഭങ്ങളുണ്ട്. ഇന്ത്യയില്‍ ആദ്യമായി 5-ജി പരീക്ഷണം നടത്തിയതും എയര്‍ടെല്ലാണ്. എന്‍ക്സ്ട്രാ, ഇന്‍ഡസ് ടവേഴ്സ്, ഭാരതി ഹെക്സാകോം എന്നിവ പ്രധാന ഉപകമ്പനികളാണ്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.