ബിറ്റ്കോയിനും ഈഥറും. ക്രിപ്റ്റോ ലോകത്തെ അതികായരാണ് ഇരുവരും. വിപണി മൂല്യം അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഒന്നാം സ്ഥാനം ബിറ്റ്കോയിനാണ്; രണ്ടാം സ്ഥാനം ഈഥറിനും. എന്നാല്‍ ഈ വര്‍ഷം ബിറ്റ്കോയിനെയും ഈഥറിനെയും കാഴ്ച്ചക്കാരാക്കി ബൈനാന്‍സ് കോയിനാണ് (ബിഎന്‍ബി) തിളക്കം കൈവരിക്കുന്നത്. വിപണി മൂല്യം വെച്ച് മൂന്നാം സ്ഥാനത്തുള്ള ബൈനാന്‍സ് കോയിന് ഏകദേശം 1,300 ശതമാനം നേട്ടം നടപ്പു വര്‍ഷം നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുത്തുകഴിഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബൈനാന്സിലാണ് ബിഎന്‍ബി കോയിനുകള്‍ക്ക് പ്രചാരം. ബ്ലോക്ക്ചെയിന്‍ പ്ലാറ്റ്ഫോമായ 'ബൈനാന്‍സ് സ്മാര്‍ട്ട് ചെയിനിന്റെ' ഔദ്യോഗിക ടോക്കണും ബിഎന്‍ബി തന്നെ. വികേന്ദ്രീകൃത സാമ്പത്തിക ആപ്പുകള്‍ക്ക് ആവശ്യമായ സ്മാര്‍ട്ട് കോണ്‍ട്രാക്ടുകളെ ബൈനാന്‍സ് സ്മാര്‍ട്ട് ചെയിന്‍ പിന്തുണയ്ക്കുന്നുണ്ട്.

2021 -ല്‍ 62 ശതമാനം ഉയര്‍ച്ചയാണ് ബിറ്റ്കോയിന് രേഖപ്പെടുത്തുന്നത്. ലോകത്തെ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറന്‍സിയെന്ന് അറിയപ്പെടുന്ന ഈഥറാകട്ടെ, 400 ശതമാനം ഉയര്‍ച്ച ഇക്കാലയളവില്‍ അറിയിക്കുന്നുണ്ട്. നവംബര്‍ ആദ്യവാരം എക്കാലത്തേയും ഉയര്‍ന്ന വിലനിലവാരത്തില്‍ ചുവടുവെച്ച ബിറ്റ്കോയിന് സമീപകാലത്ത് 22,000 ഡോളറിന്റെ തകര്‍ച്ചയാണ് നേരിടുന്നത്. മറുഭാഗത്ത് എഥീറിയം നെറ്റ്വര്‍ക്കിന്റെ ഔദ്യോഗിക ടോക്കണായ ഈഥര്‍, ബിറ്റ്കോയിനെ പിന്നിലാക്കുന്ന പ്രകടനം തുടരുകയാണ്. സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട ടെക്നോളജി കമ്പനികള്‍ എഥീറിയം ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയില്‍ താത്പര്യം കാട്ടുന്നതും നോണ്‍ ഫംജിബിള്‍ ടോക്കണുകളുടെ വര്‍ധിച്ചുവരുന്ന പ്രചാരവുമാണ് ഈഥറിന് ഗുണം ചെയ്യുന്നത്.
ക്രിപ്റ്റോകറന്‍സികളെ സംബന്ധിച്ച് 'ബ്ലോക്ക്ബസ്റ്റര്‍' വര്‍ഷത്തിനാണ് തിരശ്ശീല വീഴുന്നത്. 2021 -ല്‍ ആള്‍ട്ട് കോയിനുകളെല്ലാം കാര്യമായ മുന്നേറ്റം കാഴ്ച്ചവെച്ചിട്ടുണ്ട്. നടപ്പു വര്‍ഷമാണ് ഡോജ്കോയിന്, കാര്‍ഡാനോ, ഷിബ ഇനു പോലുള്ള കുഞ്ഞന്‍ ക്രിപ്റ്റോകറന്‍സികള്‍ മാര്‍ക്കറ്റിലെ കൊമ്പന്മാര്ക്കൊപ്പം ലോകശ്രദ്ധ പിടിച്ചുപറ്റിയത്. പറഞ്ഞുവരുമ്പോള്‍ സോളാന, ഫാന്റം പോലുള്ള മറ്റു ബ്ലോക്ക്ചെയിന്‍ പ്ലാറ്റ്ഫോമുകളുടെ കോയിനുകള്‍ ബൈനാന്‍സ് കോയിനെക്കാളും ഉയര്‍ന്ന നേട്ടമാണ് നിക്ഷേപകര്‍ക്ക് ഈ വര്‍ഷം സമര്‍പ്പിച്ചത്. ഈ അവസരത്തില്‍ ലോകത്തെ പ്രമുഖ ക്രിപ്റ്റോകറന്‍സികളുടെ വില ചുവടെ കാണാം (വ്യാഴം വൈകീട്ട് 3:20 സമയം).
- ബിറ്റ്കോയിന് - 46,919.84 ഡോളര്‍ (1.51 ശതമാനം ഇടിവ്)
- ഈഥര്‍ - 3,697.07 ഡോളര്‍ (2.47 ശതമാനം ഇടിവ്)
- ബൈനാന്‍സ് കോയിന് - 520 ഡോളര്‍ (3.11 ശതമാനം ഇടിവ്)
- ടെതര്‍ യുഎസ് - 1.00 ഡോളര്‍ (0.05 ശതമാനം നേട്ടം)
- സോളാന - 172.80 ഡോളര്‍ (2.13 ശതമാനം ഇടിവ്)
- കാര്‍ഡാനോ - 1.34 ഡോളര്‍ (4.76 ശതമാനം ഇടിവ്)
- യുഎസ്ഡി കോയിന് - 0.99 ഡോളര്‍ (0.04 ശതമാനം ഇടിവ്)
- എക്സ്ആര്‍പി - 0.83 ഡോളര്‍ (2.13 ശതമാനം ഇടിവ്)
- ടെറ ലൂണ - 85.39 ഡോളര്‍ (1.13 ശതമാനം ഇടിവ്)
- പോള്‍ക്കഡോട്ട് - 27.40 ഡോളര്‍ (2.39 ശതമാനം ഇടിവ്)
- അവലാഞ്ചെ - 102.75 ഡോളര്‍ (3.78 ശതമാം ഇടിവ്)
- ഡോജ്കോയിന് - 0.17 ഡോളര്‍ (1.99 ശതമാനം ഇടിവ്)
- ഷിബ ഇനു - 0.00003405 ഡോളര്‍ (4.19 ശതമാനം ഇടിവ്)
- പോളിഗണ് മാറ്റിക് - 2.50 ഡോളര്‍ (0.87 ശതമാനം ഇടിവ്)
- ബിയുഎസ്ഡി - 0.99 ഡോളര്‍ (0.02 ശതമാനം ഇടിവ്)
- റാപ്പ്ഡ് ബിറ്റ്കോയിന് - 46,931.55 ഡോളര്‍ (0.04 ശതമാനം ഇടിവ്)
- യുണിസ്വാപ്പ് - 17.19 ഡോളര്‍ (8.22 ശതമാനം ഇടിവ്)
- അല്ഗോറന്ഡ് - 1.63 ഡോളര്‍ (10.64 ശതമാനം നേട്ടം)
- ലൈറ്റ്കോയിന് - 146.80 ഡോളര്‍ (1.41 ശതമാനം ഇടിവ്)
- ടെറയുഎസ്ഡി - 1.00 ഡോളര്‍ (0.09 ശതമാനം ഇടിവ്)