കൊവിഡ്-19 ആരംഭിച്ചതിന് ശേഷം ഏറ്റവും മികച്ച നിക്ഷേപ മാർഗമായി മാറി ബിറ്റ്കോയിൻ. ഏപ്രിൽ മുതൽ ഏകദേശം 160 ശതമാനം വരുമാനം ലഭിച്ച ക്രിപ്റ്റോകറൻസിയായി ബിറ്റ്കോയിൻ മാറി. ഓഹരികളിൽ നിന്നും സ്വർണത്തിൽ നിന്നുമുള്ള നേട്ടത്തെ മറികടന്നാണ് ബിറ്റ്കോയിൻ കുതിക്കുന്നത്. ക്രിപ്റ്റോകമ്പെയർ ഡാറ്റ പ്രകാരം വ്യാഴാഴ്ച ബിറ്റ്കോയിൻ 16,000 ഡോളറിലെത്തി. നിലവിലെ സാമ്പത്തിക മാന്ദ്യകാലത്തും ക്രിപ്റ്റോകറൻസിയിൽ വിശ്വസിക്കുന്ന നിരവധി നിക്ഷേപകരുണ്ട് എന്നതിന്റെ സൂചനയാണിത്.

സ്വർണ വില വർദ്ധനവ്
കൊവിഡ് 19ന്റെ അനിശ്ചിതത്വവും, യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങളുമൊക്കെ നിക്ഷേപകരെ സുരക്ഷിത നിക്ഷേപ മാർഗങ്ങളിലേയ്ക്ക് നീങ്ങാൻ പ്രേരിപ്പിച്ചു. യുഎസ് ഡോളറിനുപുറമേ പരമ്പരാഗത സുരക്ഷിത താവളമായ സ്വർണം ഈ വർഷം 30 ശതമാനം നേട്ടമുണ്ടാക്കുകയും അന്താരാഷ്ട്ര, ആഭ്യന്തര വിപണികളിൽ ഓഗസ്റ്റിൽ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തുകയും ചെയ്തിരുന്നു.
ബിറ്റ്കോയിന് കുതിക്കുന്നു; 15 മാസത്തിനിടെ ഇതാദ്യമായി ബിറ്റ് കോയിന്റെ മൂല്യം 11,000 ഡോളറിലേക്കെത്തി

ക്രിപ്റ്റോകറൻസി
സ്വർണ്ണത്തിനും ബിറ്റ്കോയിനും പൊതുവായ ഒന്ന് അവ ഏതെങ്കിലും സർക്കാരുമായോ അല്ലെങ്കിൽ സമ്പദ്വ്യവസ്ഥയുമായോ ബന്ധപ്പെട്ടിട്ടില്ല എന്നതാണ്. ഇത് സ്വർണത്തെ പോലെ തന്നെ ക്രിപ്റ്റോകറൻസിയുടെയും വില ഉയരാൻ കാരണമായി. എന്നിരുന്നാലും, സ്വർണ്ണത്തിൽ നിന്ന് വ്യത്യസ്തമായി, ക്രിപ്റ്റോകറൻസികൾ ഇന്ത്യയുൾപ്പെടെ ലോകത്തെ ഒരു പ്രധാന സമ്പദ്വ്യവസ്ഥകളും അംഗീകരിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല.
കാശിന് പകരം ഇനി ക്രിപ്റ്റോകറൻസി; ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറന്സി ലിബ്ര ഉടൻ പുറത്തിറക്കും

ഉയർന്ന അപകടസാധ്യത
2017 ഡിസംബറിലാണ് ബിറ്റ്കോയിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ബിറ്റ്കോയിൻ മൂല്യം 20,000 ഡോളറിലെത്തിയപ്പോഴായിരുന്നു ഇത്. ക്രിപ്റ്റോകറൻസികൾക്ക് വ്യക്തമായ നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഇപ്പോഴും ഏർപ്പെടുത്തിയിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോൾ ഇത് തീർച്ചയായും ഒരു ശരാശരി ഇന്ത്യൻ ഉപഭോക്താവിന് പറ്റിയ നിക്ഷേപമല്ല. എന്നിരുന്നാലും, ക്രിപ്റ്റോ കറൻസി ഇടപാടുകൾക്കുള്ള റിസർവ് ബാങ്കിന്റെ വിലക്ക് നീക്കുന്നതിനുള്ള മാർച്ച് 4 ലെ സുപ്രീം കോടതി വിധിക്ക് ശേഷം ഇന്ത്യയിലെ നിക്ഷേപകർക്ക് ക്രിപ്റ്റോകറൻസിയിൽ പണം നിക്ഷേപിക്കാം.

സ്വർണം സുരക്ഷിതം
വാക്സിൻ ഉടൻ ലഭ്യമായാൽ തന്നെ സാമ്പത്തിക ദുരിതങ്ങൾ ലോകമെമ്പാടും 2-3 വർഷം കൂടി നിലനിൽക്കാൻ സാധ്യതയുണ്ട്. ഇത് മഞ്ഞ ലോഹത്തെ കൂടുതൽ ആകർഷകമാക്കുന്നു. കൂടാതെ, ബിറ്റ്കോയിൻ പോലെ ദിവസങ്ങൾക്കുള്ളിൽ സ്വർണ്ണ വില 40 ശതമാനമോ അതിൽ കൂടുതലോ കുറയാനോ കൂടാനോ സാധ്യതയില്ല. ഉദാഹരണത്തിന്, ബിറ്റ്കോയിൻ ഒക്ടോബർ 14 ന് 11,427.70 ഡോളറിൽ നിന്ന് നവംബർ 14 ന് 16,178.60 ഡോളറായി ഉയർന്നു. ഇന്ത്യൻ രൂപയുടെ അടിസ്ഥാനത്തിൽ ഇത് ഒരു മാസത്തിനുള്ളിൽ ഏകദേശം 4 ലക്ഷം രൂപയാണ് വർദ്ധിച്ചത്.

താരതമ്യം
ബിറ്റ്കോയിനെ സ്വർണവുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്വർണ്ണ വില ഒക്ടോബർ 14 ന് 10 ഗ്രാമിന് 52,285 രൂപയിൽ നിന്ന് നവംബർ 14 ന് 52,650 രൂപയായി ആണ് ഉയർന്നത്. വളരെ സ്ഥിരതയുള്ള ഒരു വില വർദ്ധനവാണിത്. ഒരു അസറ്റിന്റെ വില പെട്ടെന്നു ഉയരുമ്പോൾ, അത് പോലെ തന്നെ കുറയാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് തന്നെ വിലകളുടെ ട്രാക്ക് സൂക്ഷിക്കാൻ കഴിയാത്തവർക്ക് ബിറ്റ്കോയിൻ വളരെ അപകടകരമായ ഒരു നിക്ഷേപമാണ്.
ഇനി ഇന്ത്യയിലും ക്രിപ്റ്റോ കറന്സി ഇടപാട് നടത്താം, ആർബിഐയുടെ നിരോധനം സുപ്രീം കോടതി നീക്കി