ദില്ലി: ആദായനികുതി റിട്ടേണ്‍ പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി. ഇനി മുതല്‍ റിട്ടേണ്‍ അധികനികുതി നല്കി മാറ്റങ്ങളോടെ ഫയല്‍ ചെയ്യാനാവും. തെറ്റുകള്‍ തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ രണ്ട് വര്‍ഷം സമയവും അനുവദിച്ചിട്ടുണ്ട്. അതേസമയം 80 സിയില്‍ ഇത്തവണ പുതിയ ഇളവുകളുമില്ല. സര്‍ക്കാരിന് സാമ്പത്തികമായി കരുത്തേകുന്ന രാജ്യത്തെ നികുതി ദായകര്‍ക്ക് നന്ദി പറഞ്ഞാണ് പ്രത്യക്ഷ നികുതിയെ കുറിച്ച് പറയുന്ന പ്രസംഗത്തിലെ പാര്‍ട്ടി ബി ധനമന്ത്രി വായിച്ചത്. മഹാഭാരതത്തിലെ ശാന്തിപര്‍വം അധ്യായം പരാമര്‍ശിച്ച് കൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം. അതേസമയം നികുതി സ്ലാബുകളില്‍ മാറ്റം വരുമെന്ന് കരുതിയെങ്കിലും അത് ഇത്തവണ ഉണ്ടായില്ല.

നിര്‍ണായകമായ പല പ്രഖ്യാപനങ്ങള്‍ വേറെയും ബജറ്റിലുണ്ടായിട്ടുണ്ട്. ദേശീയ ടെലി മാനസികാരോഗ്യ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് മാനസികാരോഗ്യത്തിന് പല പ്രശ്നങ്ങളും ആളുകള്‍ നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ പൗരന്മാര്ക്കും മികച്ച ഗുണനിലവാരമുള്ള മാനസികാരോഗ്യ സേവനങ്ങളും കൗണ്‍സിലിംഗും ലഭ്യമാക്കുകയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. അസേമയം കേരളം ഈ പദ്ധതി നേരത്തെ തന്നെ നടപ്പിലാക്കി കഴിഞ്ഞതാണ്. കേരളത്തിലെ പതിനാല് ജില്ലകളിലും ജില്ലാ മാനസികാരോഗ്യ പരിപാടി നേരത്തെ തന്നെ നടപ്പിലാക്കിയാണ്. ടെലി ഹെല്‍പ്പ് ലൈനുകളും ഇതിന്റെ ഭാഗമായി ലഭ്യമാണ്. കേരളത്തിന് ഈ പദ്ധതി ഗുണം ചെയ്യാന്‍ സാധ്യതയില്ല.
3.8 കോടി വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 2023ന് മുമ്പ് 80 ലക്ഷം പേര്‍ക്ക് വീട് നിര്‍മിച്ച് കൊടുക്കും. ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കോര്‍ ബാങ്കിംഗ്, മൊബൈല്‍, എടി സേവനങ്ങളും ഉറപ്പാക്കും. അതേസമയം കോര്‍പ്പറേറ്റ് സര്‍ചാര്‍ജില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പന്ത്രണ്ട് ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമാക്കിയിട്ടാണ് കുറച്ചത്. സഹകരണ സംഘങ്ങള്‍ക്ക് മിനിമം നികുതി പതിനഞ്ച് ശതമാനമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍പിഎസ് നിക്ഷേപങ്ങളില്‍ 14 ശതമാനം വരെ നികുതിയിളവ്. ഭവനപദ്ധതികള്‍ക്കായി 48000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പിഎം ആവാസ് യോജനയുടെ ഭാഗമായി നിര്‍മിക്കുന്ന 80 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ ഇത് സഹായകരമാകും.