ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റാണ്. ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ബജറ്റില്‍ ഓഹരി വിപണി കണ്ണുംനട്ട് നില്‍ക്കുകയാണ്. ബജറ്റ് ദിനം വിപണി ഉയരുമോ അതോ താഴേക്ക് വീഴുമോയെന്ന് കാത്തിരിക്കാം. ചാഞ്ചാട്ടം രൂക്ഷമായ ഇപ്പോഴത്തെ അവസ്ഥയില്‍ നിക്ഷേപകര്‍ വ്യവസ്ഥാപിത നിക്ഷേപ രീതി കൈക്കൊള്ളുന്നതാണ് സുരക്ഷിതം. ഇതിനിടെ ആഭ്യന്തര ബ്രോക്കറേജായ എച്ച്ഡിഎഫ്സി സെക്യുരിറ്റീസ് കെമിക്കല്‍ സ്റ്റോക്കുകളില്‍ ഒന്നില്‍ സധൈര്യം പച്ചക്കൊടി വീശുകയാണ്. സുദര്ശന് കെമിക്കലാണ് സംഭവം.

രണ്ടു പ്രധാന ആഗോള കമ്പനികള്‍ പിഗ്മന്റ് ബിസിനസില്‍ നിന്നും വഴിമാറുന്ന സാഹചര്യം സുദര്ശന് കെമിക്കലിന് ഗുണം ചെയ്യുമെന്ന് ബ്രോക്കറേജ് അറിയിക്കുന്നു. ആഗോള നിലവാരത്തില്‍ ഉത്പന്നങ്ങള്‍ ഇറക്കി പിഗ്മന്റ് ബിസിനസ് പിടിച്ചെടുക്കാനുള്ള അവസരമാണ് കമ്പനിക്ക് മുന്നിലുള്ളത്. സുദര്ശന് കെമിക്കലിന് മാത്രമല്ല, ഇന്ത്യയിലെ പിഗ്മന്റ് നിര്‍മാതാക്കള്‍ക്കെല്ലാം മുഖ്യധാരയിലേക്ക് കടന്നെത്താനുള്ള സാധ്യത ഇപ്പോഴുണ്ട്.
Also Read: ടാറ്റ ഗ്രൂപ്പ് സ്റ്റോക്കിനെ വിറ്റൊഴിവാക്കി എല്‍ഐസിയും വിദേശ നിക്ഷേപകരും

എന്തായാലും സുദര്ശന് കെമിക്കലിനാണ് എച്ച്ഡിഎഫ്സി 'ബൈ' റേറ്റിങ് കല്‍പ്പിക്കുന്നത്. സ്റ്റോക്കില്‍ 790 രൂപയുടെ ടാര്‍ഗറ്റ് വിലയും ബ്രോക്കറേജ് അറിയിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം എച്ച്ഡിഎഫ്സി സെക്യുരിറ്റീസ് അനുമാനിച്ചതിനെക്കാളും ഉയര്‍ന്ന ഇബിഐഡിടിഎ / പിഎടി പ്രകടനമാണ് സുദര്ശന് കെമിക്കല്‍ കാഴ്ച്ചവെച്ചത്.

8 ശതമാനമുള്ള വരുമാന വളര്‍ച്ച, അസംസ്കൃത വസ്തുക്കളുടെ വിലക്കുറവ്, മറ്റു ചെലവുകളുടെ കുറവ്, കരുതിയതിലും താഴെയുള്ള മൂല്യത്തകര്‍ച്ച, പ്രതീക്ഷിച്ചതിലും താഴെയുള്ള നികുതി ചെലവുകള്‍ എന്നിവ കമ്പനിയുടെ പ്രകടനത്തെ കാര്യമായി സ്വാധീനിച്ചു. 'ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് ഇപ്പോഴും ശക്തമായി തുടരുന്നു. സെഗ്മന്റിലെ ഇബിഐടി മാര്‍ജിന്‍ 10 ശതമാനമാണ്.
Also Read: വിപണി കൂപ്പുകുത്തുമ്പോഴും ലാഭം കൊയ്യുകയാണ് ഈ കുഞ്ഞന്‍ ഫാഷന്‍ സ്റ്റോക്ക്!

മൂന്നാം പാദം വിലവര്‍ധന നടപടികള്‍ കൈക്കൊണ്ടത് സുദര്ശന് കെമിക്കലിന്റെ മാര്‍ജിനുകള്‍ കൂട്ടി. പ്രവര്‍ത്തനശേഷിയുടെ 80 ശതമാനം വിനിയോഗിക്കാന്‍ ഡിസംബര്‍ പാദം കമ്പനിക്ക് സാധിച്ചു', എച്ച്ഡിഎഫ്സി സെക്യുരിറ്റീസിന്റെ റിപ്പോര്‍ട്ട് പറയുന്നു.
മൊത്തം വരുമാനത്തിന്റെ 45 ശതമാനം പിഗ്മന്റ് സെഗ്മന്റിലെ കയറ്റുമതിയില്‍ നിന്നാണ് സുദര്ശന് കെമിക്കല്‍ കണ്ടെത്തുന്നത്. രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനം കയറ്റുമതി വളര്‍ച്ച കമ്പനി രേഖപ്പെടുത്തുന്നുണ്ട്.

പിഗ്മന്റ് സെഗ്മന്റില്ത്തന്നെ സ്പെഷ്യാലിറ്റി പിഗ്മന്റുകളില് നിന്നാണ് സുദര്ശന് കെമിക്കല്‍സ് സിംഹഭാഗം ബിസിനസും നടത്തുന്നത് (67 ശതമാനം). നോണ്‍ സ്പെഷ്യാലിറ്റി പിഗ്മന്റുകളെ അപേക്ഷിച്ച് സെപ്ഷ്യാലിറ്റി പിഗ്മന്റുകള്‍ 1.5x മാര്‍ജിന്‍ കയ്യടക്കുന്നുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തേക്ക് 3 ബില്യണ്‍ രൂപയാണ് മാനേജ്മെന്റ് കാപെക്സ് ടാര്‍ഗറ്റ് നിശ്ചയിച്ചിരിക്കുന്നത്.

2022-24 സാമ്പത്തിക വര്‍ഷക്കാലയളവില്‍ സുദര്ശന് കെമിക്കലിന്റെ അറ്റാദായം 45 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച കുറിക്കുമെന്നാണ് എച്ച്ഡിഎഫ്സി സെക്യുരിറ്റീസിന്റെ പ്രതീക്ഷ. ഇക്കാലയളവില്‍ ഇബിഐടിഡിഎ 33 ശതമാനവും വളരും.
1951 -ല്‍ പ്രവര്‍ത്തനം ആരംഭിച്ച സുദര്ശന് കെമിക്കല്‍ രാസപദാര്‍ത്ഥങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വര്‍ണ്ണക്കൂട്ടുകളും കീടനാശിനികളും മറ്റു കൃത്രിമ ഉത്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന രാസപദാര്‍ത്ഥങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ്. കാര്‍ഷിക രംഗത്തുപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്.

വെള്ളിയാഴ്ച്ച 0.23 ശതമാനം നേട്ടത്തിലാണ് സുദര്ശന് കെമിക്കല്‍ ഓഹരിയിടപാടുകള്‍ നിര്‍ത്തിയത്. ചാഞ്ചാട്ടം നിറഞ്ഞ കഴിഞ്ഞുപോയവാരം 1.88 ശതമാനം ഉയര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നു. തിങ്കളാഴ്ച്ച 567 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി വെള്ളിയാഴ്ച്ച 578 രൂപയിലാണ് തിരശ്ശീലയിട്ടത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 794 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 486.06 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 29.17. ഡിവിഡന്റ് യീല്‍ഡ് 1.04 ശതമാനം.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.