ആദ്യനിമിഷങ്ങളിലെ വമ്പന്‍ തകര്‍ച്ചയ്ക്കു ശേഷം വിപണിയില്‍ പ്രതീക്ഷ നിലനിര്‍ത്തുന്ന തിരിച്ചുവരവ്. പ്രധാനമായും ബാങ്കിംഗ് ഓഹരികളിലെ മുന്നേറ്റമാണ് പ്രധാന സൂചികകള്‍ക്ക് ജീവശ്വാസം പകര്‍ന്നത്. ആദ്യനിമിഷങ്ങളിലെ തകര്‍ച്ചയില്‍ 3.8 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഒരു ഘട്ടത്തില്‍ 1500-ലേറെ പോയിന്റ് നഷ്ടത്തിലായിരുന്ന സെന്‍സെക്സിന് 900-ഓളം പോയിന്റും നിര്‍ണായകമായ 57,000 നിലവാരവും തിരികെ പിടിക്കാനായി. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 167 പോയിന്റ് നഷ്ടത്തില്‍ 17,110-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 581 പോയിന്റ് ഇടിഞ്ഞ് 57,276-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 275 പോയിന്റ് നേട്ടത്തോടെ 37,982-ലും വ്യാപാരം അവസാനിപ്പിച്ചു.

5 ഘടകങ്ങള്‍
>> പണപ്പെരുപ്പം ആശങ്കയുളവാക്കു്ന്നു എന്ന യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ പ്രസ്താവന. കൂടാതെ മാര്‍ച്ച് മാസത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന സൂചനയും
>> 2014-ന് ശേഷം ക്രൂഡ് ഓയില്‍ വില 90 ഡോളര്‍ നിരക്ക് പിന്നിടുന്നത്, ആഭ്യന്തര വിപണികളിലും പണപ്പെരുപ്പം സംബന്ധിച്ച ആശങ്കയേറ്റുന്നു
>> ഉക്രൈന്- റഷ്യ സംഘര്‍ഷം അയവില്ലാതെ തുടരുന്നത്.
>> ബജറ്റിന് മുന്നോടിയായുള്ള ലാഭമെടുപ്പ്.
>> കോര്‍പ്പറേറ്റ് കമ്പനികളുടെ മൂന്നാം പാദഫലങ്ങള്‍ക്ക് വിപണിയില്‍ ആവേശം സൃഷ്ടിക്കാന്‍ കഴിയാതെ പോകുന്നത്.

നേട്ടവും കോട്ടവും
ബജറ്റ് അടുത്തത്തോടെ പൊതുമേഖല ബാങ്കുകളുടെ ഓഹരിയില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. ഇതിന്റെ പ്രതിഫലനമെന്നോണം പി.എസ്.യു ബാങ്ക് സൂചിക 4 ശതമാനത്തോളം ഉയര്‍ന്നു. സാമനമായി ബാങ്ക്-നിഫ്റ്റിയും 0.75 ശതമാനം നേട്ടത്തിലവസാനിച്ചു. ഓട്ടോ വിഭാഗം ഓഹരിളും മുന്നേറി. അതേസമയം, എഫ്എംസിജി, റിയാല്‍റ്റി, ഫാര്‍മ, ഐടി വിഭാഗം സൂചികകള്‍ 1 മുതല്‍ 3 ശതമാനം വരെ നഷ്ടം നേരിട്ടു. ബിഎസ്ഇയിലെ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികകളും 0.7 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി മൂവ്മെന്റ്
ബുധനാഴ്ച റിപ്പബ്ളിക് ദിനത്തിലെ അവധിക്ക് ശേഷം ഇ്ന്ന് വ്യാപാരം പുനരാരംഭിച്ചത് 200-ലേറെ പോയിന്റ് നഷ്ടത്തോടെയായിരുന്നു. 17,062-ലാണ് തുടക്കം. തൊട്ടുപിന്നാലെ തന്നെ അതിശക്തമായ വില്‍പ്പന സമ്മര്‍ദം നേരിട്ടു. സൂചികകള്‍ 16,800-നും താഴേക്ക് പതിച്ചു. ഇതിനിടെ, 16,866-ല്‍ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. ഇവിടെ ചൊവ്വാഴ്ചത്തെ താഴ്ന്ന നിലവാരം തകര്‍ന്നില്ലെന്നത് ശ്രദ്ധേയമാണ്. തുടര്‍ന്ന് സൂചികകള്‍ താളം കണ്ടെത്തുകയും ക്രമാനുഗതമായി മുകളിലേക്ക് ഉയരുകയും ചെയ്തു. ഉച്ചയ്ക്കു ശേഷം 17,182-ലെത്തി ഇന്നത്തെ ഉയര്‍ന്ന നിലവാരവും കുറിച്ചു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX), 1.36 ശതമാനം ഇടിഞ്ഞ് 21.07-ലേക്കെത്തി. ഇത്രയധികം ചാഞ്ചാട്ടം ഉണ്ടായിട്ടും വിക്സ് താഴുന്നത് വിപണിക്ക് ഗുണകരമാണ്.

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,108 ഓഹരികളില്‍ 829 ഓഹരികള്‍ വില വര്‍ധന രേഖപ്പെടുത്തി. അതേസമയം, 1,231 ഓഹരികള്‍ വിലയിടിവും 40 എണ്ണം വില വ്യതിയാനം ഇല്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ ഇന്ന് 0.67-ലേക്ക് വീണു. ചൊവ്വാഴ്ച എഡി റേഷ്യോ 1.83 ആയിരുന്നു ഇന്ന് സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികളില്‍ ഭൂരിഭാഗവും നഷ്ടത്തില്‍ കലാശിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതിനിടെ, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 181 എണ്ണം നേട്ടത്തിലും 317 കമ്പനികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു.

പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 15 എണ്ണം നേട്ടത്തില്‍ അവസാനിച്ചു. ആക്സിസ് ബാങ്ക്, എസ്ബിഐ, മാരുതി സുസൂക്കി, സിപ്ല എന്നീ ഓഹരികള്‍ 2 ശതമാനത്തിലേറെ മുന്നേറി. കൊട്ടക് മഹീന്ദ്ര, ഐഒസി എന്നീ ഓഹരികള്‍ 1 ശതമാനത്തിലേറെയും ഉയര്‍ന്നു.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 35 എണ്ണം വിലയിടിവ് രേഖപ്പെടുത്തി. ഐടി കമ്പനിയായ എച്ച്സിഎല്‍ ടെക് 4 ശതമാനത്തിലേറെ ഇടിഞ്ഞു. ടെക് മഹീന്ദ്ര, ഡോ. റെഡ്ഡീസ്, ടിസിഎസ്, വിപ്രോ എന്നീ ഓഹരികള്‍ 3 ശതമാനത്തിലേറെയും താഴ്ന്നു.