ഒരു സാമ്പത്തിക വര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ വരവു ചെലവു കണക്കുകളാണ് ബജറ്റ്. അടുത്ത ഒരു വര്‍ഷത്തെ പദ്ധതികള്‍, അവ നടപ്പാക്കാനാവശ്യമായ തുക, സര്‍ക്കാരിന് ലഭിക്കാവുന്ന വരുമാനം, വികസന പദ്ധതികള്‍ക്കാവശ്യമായ തുക എന്നിവയുടെ എസ്റ്റിമേറ്റ് ആണ് ബജറ്റിലൂടെ അവതരിപ്പിക്കുന്നത്. 2022-2023 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പൊതുബജറ്റ് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുക. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ശക്തമാകുന്നതിനിടെ, പ്രതീക്ഷകളുടെ ഭാരവും ചെലവുകളുടെ സമ്മര്‍ദവും പേറി ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. ഈ വര്‍ഷത്തെ ബജറ്റുമായി ബന്ധപ്പെട്ട് ചില മേഖലകളും അതിന്റെ പ്രയോജന ലഭിക്കാവുന്ന ചില ഓഹരികളും അടുത്ത കുതിപ്പിന് തയ്യാറെടുക്കുയാണെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

നികുതി ഇളവ്
റൈറ്റ് റിസര്‍ച്ചിന്റെ സ്ഥാപക സോനം ശ്രീവാസ്തവയുടെ അഭിപ്രായത്തില്‍ അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കായിരിക്കും ഈ വര്‍ഷത്തെ ബജറ്റില്‍ ഏറ്റവും കൂടുതല്‍ പരിഗണന ലഭിക്കാവുന്നത്. ധനമന്ത്രി ഇതിനോടകം നടത്തിയ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയാണ് അവരുടെ നിരീക്ഷണം. കുറഞ്ഞ പലിശ നിരക്കും നികുതി ഇളവുകളും പിഎല്‍ഐ പദ്ധതികളും ഉള്ളതിനാല്‍ കോര്‍പ്പറേറ്റ് മേഖല പൊതുവില്‍ മികച്ച രീതിയില്‍ പോകുന്നു. അതിനാല്‍ ഗ്രാമീണ, എംഎസ്എംഇ വ്യവസായ മേഖലയ്ക്കും ഊന്നല്‍ ലഭിച്ചേക്കാം. അതുപോലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കാര്‍ഷിക മേഖലയ്ക്കും സഹായം കിട്ടാം. അതുപോലെ കോവിഡ് പ്രതിസന്ധി ബാധിച്ച വിനോദസഞ്ചാരം, സുസ്ഥിര ഊര്‍ജം, വൈദ്യുത വാഹനം എന്നിവയ്ക്ക് നികുതി ഇളവുകളും ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സോനം ശ്രീവാസ്തവ പറഞ്ഞു.

ഉത്തേജന പാക്കേജ്
എയുഎം കാപിറ്റല്‍ മാര്‍ക്കറ്റിന്റെ റിസര്‍ച്ച് മേധാവി രാജേഷ് അഗര്‍വാളിന്റെ അഭിപ്രായത്തില്‍ പുനരുപയോഗ ഊര്‍ജം, വൈദ്യുത വാഹനം എന്നിവയ്ക്ക് ശ്രദ്ധ ലഭിക്കാം. കോവിഡ് പ്രതിസന്ധിയില്‍ ഏറ്റവും അടിപതറിയ ഹോട്ടല്‍ മേഖലയ്ക്ക് ഇളവ് ലഭിക്കാനുള്ള സാധ്യത ഏറെയാണ്. വിനോദ സഞ്ചാര മേഖലയ്ക്കുള്ള പാക്കേജുകള്‍, നികുതി ഇളവ് തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ഹോട്ടല്‍ ഓഹരികള്‍ക്ക് ഉത്തേജനം പകരാം. ഇതിനോടൊപ്പം ഗ്രാമീണ, അടിസ്ഥാന സൗകര്യ വികസനം, ഉത്പാദനം, ആരോഗ്യ മേഖലയ്ക്കും ബജറ്റില്‍ ഊന്നല്‍ ലഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

മിതമായ പ്രതീക്ഷ
പിക്റൈറ്റ് ടെക്നോളജീസിന്റെ ആശിഷ് സാരംഗിയുടെ അഭിപ്രായത്തില്‍ എംഎസ്എംഇ മേഖലയ്ക്ക് കാര്യമായ പരിഗണന ലഭിക്കാം. രണ്ട ദശകങ്ങളില്‍ ഇടത്തരം, ചെറുകിട വ്യവസായ മേഖലയെ ശ്രദ്ധിച്ചതിനാലാണ് ചൈനയ്ക്ക് ഇന്ന വന്‍ സാമ്പത്തിക ശക്തിയാകാന്‍ സാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തവണ പണപ്പെരുപ്പത്തിന്റെ ഭീഷണി ഒരു വശത്തുള്ളതിനാല് മിതമായ പ്രതീക്ഷകളെ ബജറ്റിലുള്ളൂ. എങ്കിലും ബാങ്കിംഗ്, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, റിയല്‍ എസ്റ്റേറ്റ്, കാര്‍ഷിക, വാഹന മേഖലകളില്‍ അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാമെന്നും ആശിഷ് സാരംഗി സൂചിപ്പിച്ചു.

ഓഹരികള്‍
ഷെയര്‍ ഇന്ത്യയുടെ റിസര്‍ച്ച് വിഭാഗം തലവന്‍ രവി സിംഗിന്റെ അഭിപ്രായത്തില്‍ ബാങ്കിംഗ്, വാഹനം, അടിസ്ഥാന സൗകര്യം, വളം, പഞ്ചസാര മേഖലയ്ക്ക് പരിഗണന കിട്ടാം. എസ്ബിഐ, എക്സൈഡ് ഇന്‍ഡസ്ട്രീസ്, ടാറ്റ പവര്‍, ദീപക് ഫെര്‍ട്ടിലൈസര്‍, ബല്റാംപൂര് ചീനി എന്നിവയില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രോഫിഷ്യന്റ് ഇക്വിറ്റീസിന്റെ സ്ഥാപക ഡയറക്ടര്‍ മനോജ് ഡാല്‍മിയ, പഞ്ചസാര, വളം, റിയാല്‍റ്റി, ഇന്‍ഫ്രാ, പുനരുപയോഗ ഊര്‍ജം എന്നീ മേഖലയ്ക്ക് പരിഗണന ലഭിക്കാമെന്ന് പറഞ്ഞു. ഇത് പ്രകാരം പ്രാജ് ഇന്‍ഡസ്ട്രീസ്, ഭാരത് ഡൈനാമിക്സ്, വാരോക് എന്‍ജിനീയറിംഗ്, ഇഎല്‍ജിഐ എക്വിപ്മെന്റ്സ്, ആനന്ദ് രാജ് എന്നീ ഓഹരികളില്‍ മുന്നേറ്റത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.