ദില്ലി: കൊവിഡിന് ശേഷം ഇന്ത്യ സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇന്ത്യ പഴയ രീതിയിലേക്ക് തിരിച്ചുവരണമെങ്കില്‍ നഗരങ്ങളിലെ വളര്‍ച്ച വളരെ നിര്‍ണായകമാകുമെന്ന് സര്‍വേ. കൊവിഡില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത് നഗരമേഖലകളാണ്. കച്ചവടത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന നഗരങ്ങള്‍ പലതും ലോക്ഡൗണ്‍ വന്നതോടെ പ്രതിസന്ധിയിലായി. രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 70 ശതമാനം നഗരങ്ങളില്‍ നിന്ന് വന്നാണ് വരുന്നത്.
നഗരമേഖലകളിലേക്കാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്നത്. ശരാശരി 25 മുതല്‍ 30 പേര് വരെ ഗ്രാമീണ മേഖലയില്‍ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്നുണ്ടെന്നാ ണ് കണക്ക്. ഇത് ഓരോ മിനുട്ടിലെയും കണക്കാണ്. ജനീവ ആസ്ഥാനമായുള്ള വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊവിഡ് നഗരങ്ങളെ സംബന്ധിച്ച് വലിയ ദുരന്തമായിരുന്നുവെന്ന് ഇക്കണോമിക് ഫോറം പഠനം വെളിപ്പെടുത്തുന്നു.
ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പലതും ദാരിദ്ര്യത്തിലാണ്. ജനസംഖ്യ കൊണ്ട് നിറഞ്ഞ ചേരികളും വലിയ പ്രതിസന്ധിയാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ 25 മില്യണ്‍ വീടുകള്‍ക്ക് താമസ സൗകര്യം മാര്‍ക്കറ്റ് വില പ്രകാരം താങ്ങാനാവുന്നില്ലെന്ന് പഠനത്തില്‍ പറയുന്നു. ഇത് നഗരമേഖലയിലെ മൊത്തം വീടുകളുടെ 35 ശതമാനം വരും. നഗരമേഖലകളില്‍ കൂടുതല്‍ ശുചിത്വവും കൂടുതല്‍ ആരോഗ്യകരവുമായ ഇടമായി മാറ്റാനുള്ള സമയമാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരമേഖലയില്‍ വെല്ലുവിളികള്‍ വര്‍ധിച്ച് വരികയാണെന്ന് ഈ പഠനത്തില്‍ വ്യക്തമാണ്.
നഗരമേഖലകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് പഠനത്തില്‍ പറയുന്നു. പല വിഭാഗങ്ങളില്‍ പല തരത്തിലാണ് ഈ കൊവിഡ് ദുരിതമേല്പ്പിച്ചത്. വളരെ തുച്ഛമായ വരുമാനമുള്ള കുടിയേറ്റ തൊഴിലാളികള്‍, രോഗം വരാന്‍ സാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ എന്നിവര്‍ കൊവിഡ് കാലത്ത് കൂടുതല്‍ ദുരിതം അനുഭവിച്ചിട്ടുണ്ട്. ഇവര്‍ക്ക് വരുമാനമില്ലാതായി. സാമൂഹിക സുരക്ഷയും ഇവര്‍ക്ക് ദുര്‍ബലമായിട്ടാണ് കിട്ടിയത്. സ്വകാര്യ ജീവിതത്തിലും വലിയ താളപിഴകള് ഉണ്ടാക്കിയിട്ടുണ്ടെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.