ആവേശം കൂട്ടാന്‍ മാത്രം! ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോൾ വില മാറ്റമില്ല...

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ആഗോള വിപണിയിലെ പ്രതിദിന വിലയ്ക്കനുസരിച്ചാണ് ഇന്ത്യയില്‍ പെട്രോളിന്റേയും ഡീസലിന്റേയും വില നിര്‍ണയിക്കുന്നത് എന്നാണ് പറയുന്നത്. എന്നാല്‍ ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നതിന് അനുസരിച്ച് ഇവിടെ വില കൂട്ടുമ്പോള്‍, കുറയുന്നതിന് അനുസരിച്ച് വില കുറയ്ക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

 

കൊവിഡിന്റെ ഒന്നാം തരംഗ കാലത്ത് ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണയില്‍ കുത്തനെ ഇടിഞ്ഞപ്പോള്‍ അതിന്റെ ഗുണഫലമൊന്നും ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ലഭിച്ചിരുന്നില്ല. ഇപ്പോള്‍ പെട്രോള്‍ വില 100 കവിഞ്ഞിരിക്കുന്ന ഈ സാഹചര്യത്തില്‍ എന്താണ് അന്താരാഷ്ട്ര വിപണിയിലെ സ്ഥിതി എന്നൊന്ന് പരിശോധിച്ച് നോക്കാം...

1

മെയ് മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിറകെ ആയിരുന്നു ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ കുതിപ്പുണ്ടായത്. ദിവസേന എന്നോണം ആയിരുന്നു വില കൂട്ടിക്കൊണ്ടിരുന്നത്. ഒടുവില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 100 കവിയുകയും ചെയ്തു. ഡീസല്‍ വില 90 ഉം കവിഞ്ഞു.

2

ഇപ്പോഴാണ് മറ്റൊരു കാര്യം ഓര്‍ക്കേണ്ടത്. കഴിഞ്ഞ 23 ദിവസങ്ങളായി പെട്രോള്‍, ഡീസല്‍ വിലയില്‍ ഒരു വര്‍ദ്ധനയും വന്നിട്ടില്ല. രാജ്യത്തെ ഇന്ധന വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലും കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിലും ജനങ്ങള്‍ക്ക് സഹായകമാകുന്ന ഒരു തീരുമാനം എണ്ണക്കമ്പനികള്‍ എടുത്തു എന്നൊന്നും തെറ്റിദ്ധരിക്കേണ്ടതില്ല. അതിന് കാരണം വേറെയാണ്.

3

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ബാരലിന് ഒമ്പത് ഡോളറോളം വില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ വിലക്കുറവ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളത്. അത് മറച്ചുവച്ചുകൊണ്ട് വിലവര്‍ദ്ധന ഒഴിവാക്കുന്ന തന്ത്രമാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ സ്വീകരിച്ചിരിക്കുന്നത്.

4

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് എത്ര വില ഉണ്ടായിരുന്നപ്പോഴാണ് ഇന്ത്യയിലെ ഇപ്പോഴത്തെ പെട്രോള്‍, ഡീസല്‍ വില എന്നത് കൂടി പരിശോധിക്കണം. ജൂലായ് 17 ന് ആണ് അവസാനമായി വില കൂട്ടിയത്. അപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരല്‍ ഒന്നിന് വില 77 ഡോളര്‍ ആയിരുന്നു. ഇപ്പോഴത് 67.88 ഡോളര്‍ വരെ ആയി കുറഞ്ഞു. പക്ഷേ, ഇന്ത്യയില്‍ മാത്രം പെട്രോളിനും ഡീസലിനും വില കുറച്ചിട്ടില്ല.

5

ക്രൂഡ് ഓയില്‍ വിലയില്‍ വരുന്ന വ്യത്യാസം സാധാരണ ഗതിയില്‍ ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ എങ്ങനെയാണ് പ്രതിഫലിക്കാറുള്ളത് എന്ന് കൂടി പരിശോധിക്കണം. ഒരു ഡോളര്‍ കൂടുകയോ കുറയുകയോ ചെയ്താല്‍ അതിനനുസരിച്ച് 45 പൈസ മുതല്‍ 50 വരെ ആണ് ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ വ്യത്യാസം വരേണ്ടത്. നിര്‍ഭാഗ്യവശാല്‍ അത് നമ്മുടെ രാജ്യത്ത് സംഭവിക്കുന്നേയില്ല.

6

ഇനി മറ്റൊരു കണക്കുകൂടി നോക്കാം. ജൂലായ് മാസത്തില്‍ ശരാശരി 73.54 ഡോളര്‍ നിരക്കിലാണ് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങിയത്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചകളില്‍ ഇത് ശരാശരി 71.5 ഡോളര്‍ ആണ്. രണ്ട് ഡോളറില്‍ അധികമാണ് വ്യത്യാസം. ന്യായമായി ചെയ്യുകയാണെങ്കില്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ഒരു രൂപയെങ്കിലും കുറയ്‌ക്കേണ്ടതാണ്. എന്നാല്‍ അതിന് അവര്‍ തയ്യാറാകുന്നില്ല, കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുന്നും ഇല്ല.

7

വിലയിങ്ങനെ കുറക്കാതെ നിര്‍ത്തുന്നതുകൊണ്ട് സാധാരണക്കാര്‍ക്ക് വേറേയും തിരിച്ചടിയുണ്ട്. ഇനി അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയാല്‍, ഇന്ത്യയില്‍ ഇപ്പോഴത്തെ നിരക്കിന് മേല്‍ ആയിരിക്കും കൂടിയ വിലയുടെ ബാധ്യത കൂടി അടിച്ചേല്‍പ്പിക്കുക. എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം എടുക്കാനുള്ള സാഹചര്യവും ഒരുങ്ങും.

English summary

Crude Oil price decreased up to 9 dollars in international market, but why petrol and diesel price in India still stagnant for last e weeks?

Crude Oil price decreased up to 9 dollars in international market, but why petrol and diesel price in India still stagnant for last e weeks? There should be a price cut of minimum 1 rupee per litre.
Story first published: Tuesday, August 10, 2021, 14:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X