സ്വർണ്ണാഭരണങ്ങളുടെ രൂപത്തിൽ ഇന്ത്യയിൽ തലമുറകളിലേക്ക് സ്വർണം കൈമാറ്റം ചെയ്യപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് സ്വർണ്ണാഭരണങ്ങൾ പാരമ്പര്യമായി ലഭിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ആദായനികുതി റിട്ടേണിൽ ഇത് വെളിപ്പെടുത്തേണ്ടതില്ല. എന്നാൽ നിങ്ങളുടെ വാർഷിക വരുമാനം 50 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, നിങ്ങളുടെ ആസ്തികൾ വെളിപ്പെടുത്തേണ്ടതുണ്ട്. അതിൽ ഇത്തരത്തിൽ ലഭിച്ച ആഭരണങ്ങളും ഉൾപ്പെടും.
പാരമ്പര്യമായി ലഭിച്ച സ്വർണ്ണത്തിന്റെ കാര്യത്തിൽ, സ്വർണം വാങ്ങിയപ്പോൾ നൽകിയ വില നിങ്ങൾക്ക് വെളിപ്പെടുത്താൻ കഴിയും. എന്നിരുന്നാലും, പണമടച്ച യഥാർത്ഥ വിലയുടെ വിശദാംശങ്ങൾ നിങ്ങളുടെ പക്കലില്ലെങ്കിൽ, 2001 ഏപ്രിൽ 1 ലെ ന്യായമായ വിപണി മൂല്യം അനുസരിച്ച് നിങ്ങൾക്ക് വെളിപ്പെടുത്താം.
സ്വർണ്ണ കൈവശമുള്ളവരെ സംബന്ധിച്ചിടത്തോളം, ഒരാൾക്ക് കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന്റെ അളവിൽ പരിമിതികളില്ല. നികുതി വകുപ്പ് 2016 ൽ ഒരു സർക്കുലറിലൂടെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾക്ക് അവകാശപ്പെടാൻ കഴിയുന്ന സ്വർണ്ണാഭരണങ്ങൾക്ക് പരിധിയില്ല. വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം, അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം, പുരുഷമാർക്ക് 100 ഗ്രാം എന്നീ അളവിൽ കൈവശമുള്ള ആഭരണങ്ങൾ നികുതി വകുപ്പിന് പിടിച്ചെടുക്കാനാകില്ല.
കുടുംബ ആചാരങ്ങളും പാരമ്പര്യങ്ങളും ഉൾപ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി നികുതി ഉദ്യോഗസ്ഥർക്ക് ഉയർന്ന അളവിലുള്ള സ്വർണ്ണാഭരണങ്ങൾ പിടിച്ചെടുക്കാനാകില്ല. എന്നാൽ നികുതി വെട്ടിപ്പുകൾ നടത്തി പരിശോധിക്കാനിടയായാൽ സ്വർണ്ണത്തിന്റെ ഉറവിടം വിശദീകരിക്കേണ്ടതുണ്ട്. അതിനാൽ, വാങ്ങിയ സ്വർണ്ണത്തിന്റെ ബില്ലുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതാണ് നല്ലത്. തെളിവുകൾ ഇല്ലെങ്കിൽ, സ്വർണ്ണത്തിന്റെ ഉറവിടം നിർണ്ണയിക്കുന്നതിന് നികുതി അധികൃതർക്ക് കുടുംബ ആചാരങ്ങൾ, സാമൂഹിക നില തുടങ്ങിയവ പരിഗണിക്കാം.