ലോക്ക്ഡൌൺ സമയത്ത് ഇ-കൊമേഴ്സ് കമ്പനികൾക്ക് നൽകാനിരുന്ന ഇളവുകൾ പിൻവലിച്ചു. അവശ്യ വസ്തുക്കൾ അല്ലാത്തവയും ഏപ്രിൽ 20 മുതൽ വിൽക്കാമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സർക്കാർ നിലപാട് പരിഷ്കരിച്ചത്. അവശ്യവസ്തുക്കൾ", " അവശ്യവസ്തുക്കൾ അല്ലാത്തവ" എന്നിങ്ങനെ മന്ത്രാലയം വ്യക്തമായി നിർവ്വച്ചിട്ടില്ലെങ്കിലും ഇന്നത്തെ ഉത്തരവ് അനുസരിച്ച് ലോക്ക്ഡൌൺ അവസാനിക്കുന്നതുവരെ മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, റഫ്രിജറേറ്ററുകൾ, എയർകണ്ടീഷണറുകൾ തുടങ്ങിയവ നിങ്ങൾക്ക് ഓൺലൈനിൽ വാങ്ങാൻ കഴിയില്ല. മെയ് 3നാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൌൺ അവസാനിക്കുക.
സാധുവായ പാസുള്ള ഇ- കൊമേഴ്സ് കമ്പനികളുടെ ഡെലിവറി വാഹനങ്ങൾക്ക് ഏപ്രിൽ 20 മുതൽ നിരത്തിലിറങ്ങാമെന്ന് വ്യക്തമാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവശ്യ വസ്തുക്കളല്ലാത്തവയും ഡെലിവറി നടത്താമെന്ന് അറിയിച്ചിരുന്നു. ഏപ്രിൽ 15നാണ് കേന്ദ്രം ഇത് സംബന്ധിച്ച വിശദമായ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയത്.
ലോക്ക്ഡൌൺ പ്രാബല്യത്തിൽ വന്നതോടെ ഇ - കൊമേഴ്സ് വെബ്സൈറ്റുകൾ പൂർണമായി സർവീസ് നിർത്തിവെച്ചിരുന്നു. എന്നാൽ ആദ്യ ആഴ്ച്ചയിൽ തന്നെ ഭക്ഷണം, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ മാത്രം വിൽക്കാൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് അനുമതി ലഭിച്ചു. തുടക്കത്തിൽ രാജ്യവ്യാപകമായി ലോക്ക്ഡൌൺ ഏർപ്പെടുത്തിയ സമയത്ത്, അധികാരികൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ഡെലിവറി ജീവനക്കാർ ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.
വൈറസ് പടർന്നുപിടിക്കുന്നതിനിടയിൽ ഡെലിവറി ജീവനക്കാർ ജോലിയിൽ പ്രവേശിക്കാത്തതിനാൽ ഇ-കൊമേഴ്സ് കമ്പനികൾക്ക് ജോലിക്കാരുടെ ക്ഷാമവും നേരിടുന്നുണ്ട്. വെയർഹൌസ് ജീവനക്കാർ, കോൾ സെന്റർ എക്സിക്യൂട്ടീവുകൾ എന്നിവരുടെ അഭാവം 75-80% വരെ ഉയർന്നിട്ടുണ്ട്. മാർച്ച് 23 ന് ഇന്ത്യയിലുടനീളമുള്ള ഇ-കൊമേഴ്സ് ഡെലിവറികളുടെ എണ്ണത്തിൽ 40% കുറവുണ്ടായിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടും ആമസോണും കാലതാമസം നേരിടുന്ന ഡെലിവറികളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിച്ചു കഴിഞ്ഞു.
ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളുടെ വിതരണം ആദ്യം ഉറപ്പാക്കുന്നതിന് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യ അവശ്യ വസ്തുക്കളല്ലാത്തവയെ സൈറ്റിൽ നിന്ന് നീക്കം ചെയ്തു. റദ്ദാക്കലും ചില പ്രദേശങ്ങളിലെ ഡെലിവറികളുടെ കാലതാമസവും കമ്പനി ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലചരക്ക് വസ്തുക്കൾ, ആരോഗ്യം, ശുചിത്വ ഉൽപ്പന്നങ്ങൾ, സാനിറ്റൈസറുകൾ, ബേബി ഫോർമുല, മെഡിക്കൽ സപ്ലൈസ് എന്നിവ പോലുള്ള ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും മുൻഗണന നൽകുന്നതായി ആമസോൺ പ്രസ്താവനയിൽ അറിയിച്ചു.
ആമസോൺ വഴിയുള്ള വിൽപ്പനയ്ക്ക് നികുതി വരുന്നൂ: അറിയണം ഇക്കാര്യങ്ങൾ