വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലാണെങ്കിലും അടിസ്ഥാനപരമായി മികച്ച ഓഹരികളെ കണ്ടെത്തി നിക്ഷേപിക്കാമെന്നാണ് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ എഡല്‍വീസ് സെക്യൂരിറ്റീസ് സൂചിപ്പിക്കുന്നത്. സാമ്പത്തികാടിത്തറ ഭദ്രമായതും കൃത്യമായ ഇടവേളകളില്‍ ലാഭ വിഹിതവും നല്‍കാറുള്ള പൊതു മേഖലയിലെ ലാര്‍ജ്കാപ്പ് സ്റ്റോക്ക് ദീര്‍ഘകാലയളവ് കണക്കാക്കി നിക്ഷേപിക്കുന്നതിനായും നിര്‍ദേശിച്ചു. അവരുടെ ഏ്റ്റവും പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് മഹാരത്ന പദവിയുള്ള ഈ കമ്പനിയെ കുറിച്ച് പരാമര്‍ശമുളളത്.

കോള്‍ ഇന്ത്യ
കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള, മഹാരത്ന പദവിയുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് 1975-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2020-ലെ കണക്കുകള്‍ പ്രകാരം കോള്‍ ഇന്ത്യയുടെ ഉടമസ്ഥതയില്‍ 352 ഖനികളുണ്ട്. ഇന്ത്യയിലെ മൊത്തം കല്‍ക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്നതും കമ്പനിയാണ്. രാജ്യത്ത് കല്‍ക്കരി വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരെയൊരു കമ്പനിയാണ് കോള്‍ ഇന്ത്യ. കോക്കിംഗ് കല്‍ക്കരി, നോണ്‍- കോക്കിംഗ് കല്‍ക്കരി, മിഡ്ലിങ് തുടങ്ങി നിരവധി ഇനത്തിലുള്ള കല്ക്കരികള് കമ്പനി നിര്‍മിക്കുന്നു. വന്‍കിട താപ വൈദ്യുത നിലയങ്ങള്‍, സ്റ്റീല്‍, സിമന്റ് നിര്‍മാണ കമ്പനികളാണ് കോള്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍. കമ്പനിയുടെ സാമ്പത്തികാടിത്തറ ശക്തവും ഭദ്രവുമാണ്.
Also Read: ചാഞ്ചാട്ടമില്ല; കടബാധ്യതയുമില്ല; നിക്ഷേപകരെ സമ്പന്നരാക്കിയ 5 സ്റ്റോക്കുകൾ ഇതാ

ഇരട്ട നേട്ടം
നിലവില്‍ ഓഹരിയൊന്നിന് 9 രൂപയാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. ഡിസംബര്‍ 6-ന് എക്സ് ഡേറ്റും ഡിസംബര്‍ 7-ന് റെക്കോഡ് ഡേറ്റുമാണ്. നിലവില്‍ ബാങ്ക് നിക്ഷേപത്തിന് ലഭിക്കുന്ന 5.5 ശതമാനം പലിശയുമായി തട്ടിച്ചു നോക്കുമ്പോള്‍ മികച്ച ആദായമാണിത്. ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കോള്‍ ഇന്ത്യക്ക് (BSE:533278, NSE: COALINDIA) പണലഭ്യത കൂടുന്നതനുസരിച്ച് ലാഭവിഹിതവും നല്‍കാനുള്ള സാധ്യത വര്‍ധിക്കുന്നതേയുള്ളൂ. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍, ഓഹരി വിലയും ലാഭവിഹിതവും തമ്മിലുള്ള അനുപാതമായ ഡിവിഡന്റ് യീല്‍ഡ് 11 മുതല്‍ 13 ശതമാനം വരെയാകാം. ഇതിനോടൊപ്പം ഓഹരി വില കൂടി വര്‍ധിക്കുകയാണെങ്കില്‍ നിക്ഷേപകന് സംബന്ധിച്ച് അത് ഇരട്ട നേട്ടമാകും നല്‍കുക.

ഇനിയും ഡിവിഡന്റ്
ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുളളത് ഇടക്കാല ലാഭവിഹിതമാണ് എന്നതിനാല്‍, നടപ്പ് സാമ്പത്തിക വര്‍ഷം തീരുന്നതിനു മുമ്പ് വീണ്ടും ലാഭവിഹിതം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ധനകമ്മി പരിഹരിക്കുന്നത് ലക്ഷ്യമിട്ട് പൊതു മേഖല സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന ലാഭവിഹിതം ആവശ്യപ്പെടാറുണ്ട്. അങ്ങനെയെങ്കില്‍ രണ്ടാം ഘട്ട ലാഭവിഹിതവും കൂടി ചേരുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷം മികച്ച ലാഭവിഹിതം തന്നെ ലഭിക്കാം. ചുരുങ്ങിയത് ഓഹരിയൊന്നിന് 18 രൂപ വരെ ഡിവിഡന്റ് ലഭിച്ചേക്കാം. പ്രത്യേകിച്ചും ഇടക്കാല ലാഭവിഹിതം 9 രൂപ നല്കിയിട്ടുള്ളതിനാലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: 74% വരെ നേട്ടം ലഭിക്കും; ആകര്‍ഷക വിലയിലേക്കെത്തിയ 4 മിഡ്കാപ്പ് സ്റ്റോക്കുകള്‍ വാങ്ങാം

പ്രവര്‍ത്തന ഫലം
അടുത്തിടെ പ്രഖ്യാപിച്ച പ്രവര്‍ത്തന ഫലങ്ങള്‍ അത്ര മികച്ചതായിരുന്നില്ല. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 23,291 കോടി രൂപയാണ് വരുമാനം. ആദ്യ പാദത്തിലിത് 25,282 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം 2,937 കോടി രൂപയുമാണ്. എങ്കിലും ഇനി വരുന്ന സാമ്പത്തിക പാദങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനുള്ള സാധ്യതയുണ്ടെന്നും ബ്രോക്കറേജ് സ്ഥാപനം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
Also Read: ഇനിയും 50% കുതിക്കും, ഈ മള്‍ട്ടിബാഗര്‍ കെമിക്കല്‍ സ്റ്റോക്കിനെപ്പറ്റി അറിയേണ്ടതെല്ലാം

അനുകൂല ഘടകം
അടുത്തിടെ കമ്പനി കല്‍ക്കരി ഉത്പാദന ശേഷി വര്‍ധിപ്പിച്ചു. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കല്‍ക്കരിയുടെ ആവശ്യകതയും വര്‍ധിക്കുന്നുണ്ട്. ഉപകമ്പനികളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം. മഹാനദി കോള്‍ ഫീല്‍ഡ് (MCL), സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ് (SECL), നോര്‍ത്തേണ്‍ കോള്‍ ഫീല്‍ഡ് (NCL) എന്നിവയാണ് കോള്‍ ഇന്ത്യയുടെ കീഴില്‍ ഏറ്റവും ലാഭം സൃഷ്ടിക്കുന്ന ഉപകമ്പനികള്‍. കൂടാതെ, ഓണ്‍ലൈന്‍ ലേലത്തിലൂടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിലയും വര്‍ധിക്കുന്ന വിറ്റുവരവും എഡല്‍വീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തന മൂലധനവും ഉത്പന്നങ്ങള്‍ വേഗത്തില്‍ വിറ്റുതീരുന്നതും സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സ്ഥിതി കൂടുതല്‍ മെച്ചത്തിലാക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
Also Read: താമസിയാതെ 1,000 തൊട്ടേക്കും; ഈ ധനകാര്യ ഓഹരിയില്‍ നിന്നും 30% ലാഭം നേടാം

ലക്ഷ്യ വില 210
നിലവില്‍ 159 രൂപ നിലവാരത്തിലാണ് കോള്‍ ഇന്ത്യയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും സമീപ ഭാവിയിലേക്ക് 210 രൂപ കണക്കാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എഡല്‍വീസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഇതിലൂടെ 33 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്താമാക്കുന്നു. 203.80 രൂപയാണ് 52 ആഴ്ചയിലെ കോള്‍ ഇന്ത്യയുടെ ഉയര്‍ന്ന ഓഹരി വില. ഇക്കാലയളവിലെ കുറഞ്ഞ വില 123.40 രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Also Read: കമ്പനി അടിമുടി പരിഷ്കരിക്കുന്നു; 30% വരെ ഓഹരി വില കുതിക്കാം; നോക്കിക്കോളൂ

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.