ഓഗസ്റ്റ് മുതൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ വിഹിതം പഴതുപോലെ 24 ശതമാനമാക്കാൻ (12% ജീവനക്കാരും 12% തൊഴിലുടമയും) തീരുമാനം. കോവിഡ് പശ്ചാത്തലത്തിലാണ് തൊഴിലുടമകളുടെയും ജീവനക്കാരുടെയും ഇപിഎഫ് വിഹിതം മെയ് മുതൽ ജൂലൈ വരെ 3 മാസത്തേക്ക് കുറയ്ക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയത്. നിലവിലെ 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായിട്ടാണ് കുറച്ചത്.
പിഎഫ് രണ്ട് ശതമാനം കുറയ്ക്കുന്നതിലൂടെ കോവിഡ് പശ്ചാത്തലത്തിൽ ജീവനക്കാർക്ക് കൂടുതൽ തുക ശമ്പളമായി ലഭിക്കാനും തൊഴിലുടമകളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനും ഉപകരിക്കും. ഇത് കണക്കിലെടുത്താണ് മെയ് 13-ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇപിഎഫ്ഒയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും തൊഴിലുടമകളുടെയും നിയമാനുസൃത പിഎഫ് സംഭാവനയിൽ ഇളവ് വരുത്താൻ തീരുമാനിച്ചത്.
പ്രതിമാസ ഇപിഎഫ് വിഹിതം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ഒരു നിക്ഷേപ ഫണ്ട് പദ്ധതിയാണ്. ഇപിഎഫ് സ്കീം നിയമങ്ങൾ അനുസരിച്ച്, ജീവനക്കാരും തൊഴിലുടമകളും ഓരോ മാസവും ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നു. അതായത് മൊത്തത്തിൽ, ജീവനക്കാരുടെ ശമ്പളത്തിന്റെ 24 ശതമാനം അവരുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് പോകുന്നു. മൊത്തം 24 ശതമാനം സംഭാവനയിൽ, ജീവനക്കാരുടെ വിഹിതവും (അതായത് 12 ശതമാനം), തൊഴിലുടമയുടെ 3.67 ശതമാനവും ഇപിഎഫ് അക്കൗണ്ടിലേക്ക് പോകുന്നു, തൊഴിലുടമയുടെ വിഹിതമായ ബാക്കി വരുന്ന 8.33 ശതമാനം ജീവനക്കാരുടെ പെൻഷൻ പദ്ധതിയിലേക്ക് (ഇപിഎസ്) പോകുന്നു.
എന്തുകൊണ്ടാണ് ഇപിഎഫ് സംഭാവന തുക കുറച്ചത്
കോറോണ വൈറസ് പകർച്ചവ്യാധി കാരണമുണ്ടായ സാമ്പത്തിക പ്രശ്നങ്ങളിൽ തൊഴിലുടമകളെയും ജീവനക്കാരെയും സഹായിക്കുന്നതിനായാണ് ഇപിഎഫ് സംഭാവന നിരക്ക് കുറച്ചത്. സംഭാവന തുക കുറച്ചതിലൂടെ ജീവനക്കാരുടെ ടേക്ക് ഹോം ശമ്പളം വർദ്ധിച്ചിരുന്നു. അതേപോലെ തന്നെ തൊഴിലുടമകൾക്ക് ചെറിയ തോതിൽ സാമ്പത്തിക ലാഭവും ഉണ്ടായി. ഇപിഎഫ് സംഭാവനയിലെ ജൂലൈ വരെയുള്ള ഇളവ് ഇപിഎഫ്ഒയ്ക്കു കീഴിലെ 6.5 ലക്ഷം സ്ഥാപനങ്ങൾക്കും 4.3 കോടി ജീവനക്കാർക്കും ആശ്വാസമാകുമെന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.