ദില്ലി/കോഴിക്കോട്: കഴിഞ്ഞ 18 ദിവസം കൊണ്ട് രാജ്യത്ത് ഇന്ധന വിലയില്‍ ഉണ്ടായ വര്‍ദ്ധന ഞെട്ടിപ്പിക്കുന്നത്. സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുന്ന രാജ്യത്തെ ജനജീവിതം കൂടുതല്‍ ദു:സഹമാക്കുന്നതാണ് ഇന്ധന വിലവര്‍ദ്ധന.
18 ദിവസം കൊണ്ട് ഡീസല്‍ വിലയില്‍ മാത്രം രാജ്യത്തുണ്ടായത് 3.57 രൂപയുടെ വര്‍ദ്ധനയാണ്. പെട്രോള്‍ വിലയില്‍ 2.62 രൂപയും കൂടി. സാധാരണക്കാരന്റെ നടുവൊടിക്കുന്നതാണ് ഈ വിലവര്‍ദ്ധന. വിശദാംശങ്ങള്‍...

രണ്ടിനും വില കൂടി
ഡിസംബര്‍ 7 നും പെട്രോളിനും ഡീസലിനും വില കൂടിയിരിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 26 പൈസയും ആണ് കൂടിയിരിക്കുന്നത്. ഇതോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയില്‍ പെട്രോളും ഡീസലും എത്തി.

കേരളത്തില്‍ കുതിക്കുന്നു
കേരളത്തില്‍ പ്രധാന നഗരങ്ങളില്‍ എല്ലാം കഴിഞ്ഞ ദിവസം തന്നെ പെട്രോള്‍ വില 85 രൂപ കടന്നിരുന്നു. ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളിലും വില 85 കടന്നിട്ടുണ്ട്. പ്രധാന നഗരങ്ങളില്‍ പെട്രോളിന് ലിറ്ററിന് 85.41 രൂയാണിപ്പോള്. ഡീസലിന് 79.34 രൂപയും.

ദില്ലിയില്‍
ദില്ലിയില്‍ പെട്രോളിന് 83.71 രൂപയായി ഉയര്‍ന്നു. ഡീസലിന് 73.87 രൂപയും. മുംബൈയില്‍ കഴിഞ്ഞ ദിവസം തന്നെ പെട്രോള്‍ വില 90 രൂപ കടന്നിരുന്നു. ഇപ്പോഴത് 90.34 രൂപയായി. ഡീസലിന് എണ്‍പത് രൂപയും കഴിഞ്ഞ ദിവസം മറികടന്നിരുന്നു. പുതിയ വില 80.51 രൂപയാണ്.

തുടര്‍ച്ചയായ ആറാം ദിനം
കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ തുടര്‍ച്ചയായ ആറാം ദിനമാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടിയിരിക്കുന്നത്. 18 ദിവസത്തിനുള്ളില്‍ 15 തവണ ഇന്ധന വില കൂട്ടിയിരിക്കുകയാണ്. ചെറിയ വര്‍ദ്ധനയാണ് ഓരോ ദിവസവും വരുത്തുന്നത് എങ്കിലും മൊത്തം കണക്ക് കൂട്ടുമ്പോള്‍ അത് സാധാരണക്കാരുടെ നട്ടെല്ലൊടിക്കുകയാണ്.

വിലക്കയറ്റത്തിലേക്ക്
ഡീസല്‍ വില വര്‍ദ്ധന സ്വാഭാവികമായും ചരക്കുനീക്കത്തേയും ബാധിക്കും. അത് അവശ്യ വസ്തുക്കളുടെ വിലവര്ദ്ധനയിലാണ് അവസാനിക്കുക എന്ന് ഉറപ്പാണ്. കടുത്ത പ്രതിസന്ധിയില്‍ ഉള്ള ജനങ്ങള്‍ വിലക്കയറ്റം കൊണ്ട് കൂടുതല്‍ ദുരിതത്തിലേക്കാണ് നീങ്ങുന്നത്.

മാന്ദ്യത്തില്‍
രാജ്യം ഇപ്പോള്‍ ഔദ്യോഗികമായി തന്നെ സാമ്പത്തിക മാന്ദ്യത്തില്‍ ആണ്. കൊവിഡ് വ്യാപനം ഒരുപരിധി വരെ തടഞ്ഞുനിര്‍ത്തിയെങ്കിലും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്ന് ഇനിയും രാജ്യം മുക്തമായിട്ടില്ല. അടിക്കയ്ക്കടിയുള്ള ഇന്ധനവില വര്‍ദ്ധന വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്.

വില കൂടുന്നു
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ മൂല്യം കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ന് വിപണിയില്‍ ചെറിയ തിരിച്ചടിയും നേരിട്ടിട്ടുണ്ട്. എന്തായാലും കൊവിഡ് വാക്സിന് വാര്‍ത്തകള്‍ അസംസ്കൃത എണ്ണവിപണിയെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. അതിനനുസരിച്ച് ഇന്ത്യയില്‍ ഇന്ധന വില കൂടുമോ എന്നതാണ് സാധാരണക്കാരുടെ ആശങ്ക.