അടുത്ത മൂന്ന് മാസത്തേക്ക് തൊഴിലുടമയുടെയും ജീവനക്കാരുടെയും 12 ശതമാനം വീതം ഇപിഎഫ് വിഹിതം ഇന്ത്യൻ സർക്കാർ നൽകും. നൂറിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഇത് ബാധകമാകുന്നത്. ഇതിൽ 90 ശതമാനവും പ്രതിമാസ വരുമാനം 15,000 രൂപയിൽ താഴെയായിരിക്കണം. ഇപിഎഫ്ഒ സ്കീമിലെ ചില ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. അക്കൗണ്ടിലെ 75 ശതമാനം തുക അല്ലെങ്കിൽ 3 മാസത്തെ വേതനം - ഏതാണ് കുറവോ അത് മടക്കി നൽകാത്ത അഡ്വാൻസ് അനുവദിക്കുന്നതിന് പിഎഫ് സ്കീം ചട്ടങ്ങൾ ഭേദഗതി ചെയ്യും. ഇപിഎഫിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 4.8 കോടി തൊഴിലാളികൾക്ക് ഇത് ഗുണം ചെയ്യും.
കെട്ടിട നിർമ്മാണത്തിനും മറ്റ് നിർമാണ തൊഴിലാളികൾക്കുമായി ഒരു ക്ഷേമനിധി ഉണ്ട്. 3.5 കോടി രജിസ്റ്റർ ചെയ്ത തൊഴിലാളികളും 31,000 കോടി രൂപയുമുണ്ട് ഈ ക്ഷേമനിധിയിൽ. ഈ തൊഴിലാളികളെ സാമ്പത്തിക നാശത്തിൽ നിന്ന് സംരക്ഷിക്കാൻ ഈ ഫണ്ട് വിനിയോഗിക്കാൻ സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകുമെന്നും സീതാരാമൻ പറഞ്ഞു.
ഇപിഎഫ് വിഹിതത്തിലെ ആദായനികുതി ഇളവുകള്‍; പഴയ - പുതിയ നികുതി നിരക്കുകള്‍
കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ പോരാടുന്നതിന് ആവശ്യമായ എല്ലാത്തരം മെഡിക്കൽ, സ്ക്രീനിംഗ് പ്രവർത്തനങ്ങൾക്കും അനുബന്ധമായി മിനറൽ ഫണ്ട് വിനിയോഗിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. ജൻ ധൻ ബാങ്ക് അക്കൗണ്ടില്ലാത്ത ദരിദ്രരെ സഹായിക്കാൻ ശ്രമിക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി കൂട്ടിച്ചേർത്തു.
ഈ പദ്ധതികൾ ഉടനടി പ്രാബല്യത്തിൽ വരും. ഏപ്രിൽ 1 മുതൽ ആളുകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുമെന്നും സീതാരാമൻ പറഞ്ഞു. 1,000 രൂപ വീതം 3 കോടി ദരിദ്രരായ മുതിർന്ന പൗരന്മാർ, പാവപ്പെട്ട വിധവകൾ, പാവപ്പെട്ട വികലാംഗർ എന്നിവർക്ക് എക്സ് ഗ്രേഷ്യ ഇനത്തിൽ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ബ്രിട്ടീഷ് ബ്രോക്കറേജ് ബാർക്ലേസിന്റെ റിപ്പോർട്ടിൽ കൊവിഡ്-19 ലോക്ക്ഡൌണിന്റെ സർക്കാരിന്റെ ചെലവ് 9 ലക്ഷം കോടി രൂപ അല്ലെങ്കിൽ ജിഡിപിയുടെ 4% ആണെന്ന് പറയുന്നു. 100 ദശലക്ഷത്തിലധികം ദരിദ്രരുടെ അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് നിക്ഷേപിക്കുന്നതിനും ലോക്ക്ഡൌൺ ബാധിച്ച ബിസിനസ്സുകളെ പിന്തുണയ്ക്കുന്നതിനും സാമ്പത്തിക പാക്കേജ് ഉപയോഗിച്ചേക്കാമെന്ന് റോയിട്ടേഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.