തുടര്‍ച്ചയായ കുതിപ്പിന് ഒടുവില്‍ വിപണിയില്‍ ലാഭമെടുപ്പിന് നിക്ഷേപകര്‍ മുതിര്‍ന്നതോടെ ബുധനാഴ്ച സൂചികകള്‍ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ദുര്‍ബലമായ ആഗോള സൂചനകളാണ് ഒരിടവേളയ്ക്കു ശേഷം ദലാല്‍ സ്ട്രീറ്റില്‍ കരടികള്‍ക്ക് പിന്‍ബലമേകിയത്. റെക്കോഡ് പണപ്പെരുപ്പത്തിന് പിന്നാലെ, അമേരിക്കയില്‍ ട്രഷറി ബോണ്ട് യീല്‍ഡ് രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയതാണ് രാജ്യാന്തര വിപണികളെ പ്രതികൂലമായി ബാധിച്ചത്. നിലവില്‍, 17,950 മുതല്‍ 17,800 വരെയുള്ള മേഖല നിഫ്റ്റിക്ക് പിന്തുണയേകുമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്. ഇതിനിടെ ബുള്ളിഷ് ട്രെന്‍ഡിലുളള ഒരു സ്മോള്‍ കാപ് കെമിക്കല്‍ സ്റ്റോക്കില്‍ 3 മാസത്തേക്ക് നിക്ഷേപത്തിനായി നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.

വിനൈല്‍ കെമിക്കല്‍സ്
പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് പ്രമോട്ടറായ പരേഖ് ഗ്രൂപ്പ് കമ്പനിയുടെ കീഴില്‍ 1986-ല്‍ സ്ഥാപിതമായാണ് വിനൈല്‍ കെമിക്കല്‍സ് ലിമറ്റഡ്. വിവിധ സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങളാണ് നിര്‍മിക്കുന്നത്. പ്രധാനമായും ടെക്സ്റ്റൈല്‍, പെയിന്റ്, പശ നിര്‍മാണത്തിനുള്ള രാസ അസംസ്കൃത വസ്തുക്കളാണ് വിതരണം ചെയ്യുന്നത്. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള നിര്‍മാണ ശാലയില്‍ നിന്നും വിനൈല്‍ അസറ്റേറ്റ് മോണോമെര്‍ (വിഎഎം) ഉത്പാദിപ്പിക്കുന്നു. 2007-ല്‍ പിഡിലൈറ്റില് നിന്നും വേര്‍പെട്ട് സ്വതന്ത്ര കമ്പനിയായപ്പോഴും വിഎഎം നിര്‍മാണത്തിലും വ്യാപരത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

എന്തുകൊണ്ട് ?
ടെക്നിക്കല്‍ സൂചകങ്ങളെ അടിസ്ഥാനപ്പെടുത്തി വിലയിരുത്തുമ്പോള്‍, വിനൈല്‍ കെമിക്കല്‍സ് ഓഹരികളില്‍ ബുള്ളിഷ് ട്രെന്‍ഡ് ദൃശ്യമാണ്. ഓഹരിയുടെ ചാര്‍ട്ട് പരിശോധിച്ചാലും അടുത്തിടെയായി 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ വ്യക്തമാണ്. മാത്രവുമല്ല, കുതിപ്പിന്റെ സൂചന നല്കുന്ന ആര്‍എസ്ഐ സൂചകം 70-ന് മുകളിലാണെന്നതും മുകളിലേക്ക് ഉയരുന്നതും പോസീറ്റിവ് ഘടകമാണ്. കൂടാതെ ഓഹരികള്‍ 20, 50 എസ്എംഎ നിലവാരങ്ങള്‍ക്ക് മുകളിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. 20-ഡേ ബോളിഞ്ചര്‍ ബാന്‍ഡ് വലുതാകുന്നത്, ഓഹരി മുകളിലേക്ക് കയറാന്‍ പോകുന്നതിനോടൊപ്പം വരാന്‍ പോകുന്ന ചാഞ്ചാട്ടത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്.

സാമ്പത്തികം
കോവിഡിന് മുമ്പ് വിനൈല്‍ കെമിക്കല്‍സ് (BSE: 524129, NSE: VINYLINDIA) ക്രമാനുഗത വളര്‍ച്ച വരുമാനത്തില്‍ കാണിച്ചിരുന്നു. പ്രതിസന്ധി പിടികൂടിയെങ്കിലും അവസാന 5 സാമ്പത്തിക പാദങ്ങളിലും വരുമാനത്തില്‍ പുരോഗതി കാണിക്കുന്നുണ്ട്. സെപ്റ്റംബറില്‍ അവസാനച്ച രണ്ടാം പാദത്തില്‍ 262 കോടി രൂപ വരുമാനവും 3 കോടി രൂപ അറ്റാദായവും നേടി. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 1.37 ശതമാനമാണ്.
Also Read: ഇവിയിലാണ് ഭാവി; ഈ 5 ഇവി ഇന്‍ഫ്രാ സ്റ്റോക്കുകള്‍ പരിഗണിക്കാം; വെറുതെയാകില്ല

കുതിച്ചുച്ചാട്ടം
കഴിഞ്ഞ ഒരാഴാഴ്ചയ്ക്കിടെ 10 ശതമാനത്തോളവും ഒരു മാസത്തിനിടെ 19 ശതമാനത്തോളവും ഓഹരികളുടെ വില വര്‍ധിച്ചു. ഒരു വര്‍ഷ കാലയളവില്‍ 131 ശതമാനം നേട്ടവും വിനൈല്‍ കെമിക്കല്‍സ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. വിനൈല്‍ കെമിക്കല്‍സില്‍ പ്രമോട്ടര്‍മാര്‍ 50.62 ശതമാനം ഓഹരികള്‍ കൈവശം വച്ചിരിക്കുന്നു. വമ്പന്‍ നിക്ഷേപ സ്ഥാപനങ്ങളുടെ അസാന്നിധ്യത്തില്‍ ബാക്കിയുള്ള 49.3 ശതമാനം ഓഹരികളും റീട്ടെയില്‍, വ്യക്തിഗത നിക്ഷേപകരുടെ പക്കലാണുള്ളത്.

ലക്ഷ്യവില 290- 345
ബുധനാഴ്ച രാവിലെ 270 രൂപ നിലവാരത്തിലാണ് വിനൈല്‍ കെമിക്കല്‍സ് ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. ഓഹരികള്‍ 258- 267.3 നിലവാരത്തിലാണ് വാങ്ങേണ്ടത്. ഇതിനുള്ള സ്റ്റോപ് ലോസ് 245 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. അടുത്ത 1 മുതല്‍ 3 മാസത്തിനുള്ളില്‍ ഓഹരികള്‍ 290 മുതല്‍ 345 രൂപ വരെയെത്താമെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഇതിലൂടെ 30 ശതമാനം നേട്ടം വരെ ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 331 രൂപയും കുറഞ്ഞ വില 111.55 രൂപയുമാണ്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.