ഇന്ത്യന്‍ സമ്പദ്രംഗം വലിയ പ്രതിസന്ധിയിലേക്ക്. സാമ്പത്തിക മാന്ദ്യവും കൊറോണ മഹാമാരിയും നടമാടുന്ന പശ്ചാത്തലത്തില്‍ രൂപയുടെ മൂല്യം കൂപ്പുകുത്തുമെന്ന് സൂചന. ഡോളറിനെതിരെ 77 എന്ന ശരാശരി നിരക്കിലായിരിക്കും ഇന്ത്യന്‍ രൂപ ഈ വര്‍ഷം നിലകൊള്ളുക.
അടുത്തവര്‍ഷവും കാര്യങ്ങള്‍ ശുഭകരമാവില്ല. 2020 -ലും കൊറോണ ഭീതിയുടെ ആഘാതം വിപണികളെ വേട്ടയാടും. ഈ സ്ഥിതിവിശേഷത്തില്‍ ഡോളറിന് 80 എന്ന നിരക്കിലേക്ക് ഇന്ത്യന്‍ രൂപ 'അധഃപതിക്കാന്‍' സാധ്യത ഏറെയെന്ന് രാജ്യാന്തര സാമ്പത്തിക പഠന ഏജന്‍സി --- ഫിച്ച് സൊല്യൂഷന്‍സ് വെളിപ്പെടുത്തി. ഡോളറിനെതിരെ 76.32 എന്ന വിനിമയനിരക്കിലാണ് ഇന്ത്യന്‍ രൂപ ബുധനാഴ്ച്ച തുടരുന്നത്.

നേരത്തെ, പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ പ്രകാരം 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര വളര്‍ച്ച (ജിഡിപി) 5.4 ശതമാനം തൊടുമെന്നാണ് പ്രചവനം. 2021-22 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 5.8 ശതമാനത്തിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമാവുമെന്നാണ് ഫിച്ചിന്റെ നിരീക്ഷണം.

ഹ്രസ്വകാലാടിസ്ഥാനത്തിലും ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ വക കുറവാണ്. കൊറോണ മഹാമാരിയില്‍ ആഗോള വിപണികളെല്ലാം നട്ടംതിരിയുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപയും 'നിലയില്ലാക്കയത്തില്‍' തുടരും. എന്നാല്‍ എണ്ണവിലയിലെ ഇടിവ് മുന്‍നിര്‍ത്തി കളംതിരിച്ചുപിടിക്കാന്‍ ഒരുപരിധിവരെ ഇന്ത്യയ്ക്ക് കഴിയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നുണ്ട്.

ആഗോള വിപണിയില്‍ മാര്‍ച്ച് ആദ്യവാരം മുതല്ക്കാണ് എണ്ണവില ഇടിയാന്‍ തുടങ്ങിയത്. സൗദി അറേബ്യയും റഷ്യയും തമ്മിലെ പോരാണ് ഇതിന് കാരണവും. ഇരു രാജ്യങ്ങളും വിലയുദ്ധത്തില്‍ സജീവമായതോടെ എണ്ണവില ബാരലിന് 30 ഡോളര്‍ എന്ന നിലവാരം കണ്ടു. ബാരലിന് 50 ഡോളര്‍ എന്ന കണക്കില്‍ നിന്നാണ് ഈ അപ്രതീക്ഷിത വീഴ്ച്ച.

എണ്ണവിലയില്‍ സംഭവിച്ചിരിക്കുന്ന കുറവ് ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാവും. കാരണം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. ആവശ്യമായ എണ്ണയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. എണ്ണവിലയിലെ കുറവ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഒരുപരിധിവരെ പിടിച്ചുനിര്‍ത്തും, ഫിച്ച് വ്യക്തമാക്കി.
Most Read: ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൗൺ ആരംഭിച്ചു; എന്തൊക്കെ തുറക്കും? എന്തൊക്കെ അടയ്ക്കും?

ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഡോളറിനെതിരെ ഏഴു ശതമാനത്തോളം ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞത് കാണാം. 2020 ജനുവരിയില്‍ ഒരു ഡോളറിന് 72.10 എന്ന നിലയ്ക്കാണ് രൂപ നിലയുറപ്പിച്ചിരുന്നത്. നേരിട്ടുകൊണ്ടിരിക്കുന്ന ആഗോള പ്രതിസന്ധി മുന്‍നിര്‍ത്തി യുഎഇ ദിര്‍ഹത്തിന് എതിരെയും രൂപയ്ക്ക് കാലിടറുന്നുണ്ട്.
Most Read: ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കൾക്ക് സ്വകാര്യ ആശുപത്രികളിലും കോവിഡ് -19 ചികിത്സ സൗജന്യം

ഇപ്പോള്‍ 20.75 എന്ന നിലയ്ക്കാണ് ദിര്‍ഹത്തിന് എതിരെ രൂപയുടെ നില്‍പ്പുവശം. ഇന്ത്യന്‍ വിപണിയില്‍ നിന്നും നിക്ഷേപങ്ങള്‍ വ്യാപകമായി പിന്‍വലിക്കപ്പെടുന്നത് രൂപയ്ക്ക് മേലുള്ള സമ്മര്‍ദ്ദം കൂട്ടുന്നു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഓഹരികളും ബോണ്ടുകളും വിറ്റഴിക്കാനുള്ള പ്രവണത നിക്ഷേപകര്‍ കൂടുതലായി കാട്ടിവരികയാണ്. ഈ സ്ഥിതിവിശേഷം രൂപയുടെ നില പരുങ്ങലിലാക്കുകയാണ്.