ദില്ലി; ലോകമെമ്പാടും ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യുന്ന തൊഴിലാളികളികളാണെങ്കിലും ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും കുറഞ്ഞ മിനിമം സ്റ്റാറ്റ്യൂട്ടറി വേതനം നേടുന്നവര്‍ ഇന്ത്യക്കാര്‍ ആണെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐഎൽഒ) റിപ്പോർട്ട്. ബംഗ്ലാദേശിനെ ഒഴിച്ച് നിര്‍ത്തിയുള്ള റിപ്പോര്‍ട്ടാണ് ഇത്. ആഗോള വേതന റിപ്പോർട്ട് 2020-21: കോവിഡ് സമയത്തെ വേതനവും മിനിമം വേതനവും എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യുന്ന രാജ്യക്കാരില്‍ അഞ്ചാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.
ഇന്ത്യൻ തൊഴിലാളികളിൽ, കൂടുതൽ ശമ്പളമുള്ള ജോലിയുള്ളുവരും സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമാണ് ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. നഗരപ്രദേശങ്ങളിലെ ശമ്പളമുള്ള തൊഴിലാളികൾ ഗ്രാമീണ മേഖലയില്‍ ഉള്ളവരേക്കാള്‍ കൂടുതൽ ജോലി ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തർ, മംഗോളിയ, ഗാംബിയ, മാലിദ്വീപ് എന്നിവിടങ്ങളിൽ മാത്രമേ ഇന്ത്യയേക്കാള്‍ ശരാശരി ജോലി ദൈർഘ്യമുള്ളൂവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, നഗരങ്ങളിലെ മികച്ച വേതനം ലഭിക്കുന്ന തൊഴിലാളികൾ ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ഉള്ളവരേക്കാള്‍ കൂടുതൽ സമയം ജോലി ചെയ്യുന്നുവെന്ന് 2018-19 പീരിയോഡിക് ലേബർ ഫോഴ്സ് സർവേയുടെ (പിഎൽഎഫ്എസ്) ഡാറ്റയും വ്യക്തമാക്കുന്നു.ഗ്രാമീണ, നഗര പ്രദേശങ്ങളിലെ സ്ത്രീകളേക്കാൾ കൂടുതൽ സമയം പുരുഷന്മാരാണ് കൂടുതല്‍ സമയം ജോലി ചെയ്യുന്നത്. അതേസമയം രണ്ടുപേർക്കും നഗരപ്രദേശങ്ങളിൽ ജോലി സമയം കൂടുതലാണ്.
അതേസമയം, ചൈനയിലെ ഒരു ശരാശരി തൊഴിലാളി ആഴ്ചയിൽ 46 മണിക്കൂറും യുഎസിൽ 37 മണിക്കൂറും യുകെയിലും ഇസ്രായേലിലും 36 മണിക്കൂറും ജോലി ചെയ്യുന്നുണ്ടെന്നാണ് ഐഎൽഒ റിപ്പോർട്ട് വിലയിരുത്തുന്നത്.