മുംബൈ: വന്‍ തുക ഒരു ബാങ്കില്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധി എന്ന് സമീപകാല ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. ഒന്നിന് പിറകെ ഒന്നായി ബാങ്കുകള്‍ പൊട്ടിപൊളിയുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പൊളിഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ തലയില്‍ കൈവെക്കുന്നതിന് പകരം നേരത്തെ ചില സുപ്രധാനമായ തീരുമാനം എടുക്കുന്നതാകും ബുദ്ധി. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേകങ്ങള്ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് മൂല്യമുള്ളത്. അതില്‍ കൂടുതല്‍ തുക ബാങ്ക് അക്കൗണ്ടിലുണ്ടെങ്കില്‍ നഷ്ടമാകുമെന്ന് ചുരുക്കം.
ബാങ്കുകള്‍ പൊളിഞ്ഞാല്‍ റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിക്കും. പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കപ്പെടും. കോടികള്‍ അക്കൗണ്ടിലുണ്ടെങ്കിലും ഏതാനും ആയിരങ്ങള്‍ മാത്രമാകും പിന്‍വലിക്കാന്‍ സാധിക്കുക. ഇതോടെ നിക്ഷേകര്‍ ആശങ്കയിലാകും. പലര്‍ക്കും മാനസിക പ്രശ്നങ്ങള്‍ വരെ നേരിട്ടേക്കാം.
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ്, 12 ബാങ്കുകളില്‍ നിന്ന് 1200 കോടി
എന്നാല്‍ അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ തുക ഒരു ബാങ്കില്‍ നിക്ഷേപിക്കാതിരിക്കാം. വലിയ തുക കൈവശമുണ്ടെങ്കില്‍ വ്യത്യസ്ത ബാങ്കുകളില്‍ നിക്ഷേപിക്കാം. ഓരോ ബാങ്കിലെയും നിക്ഷേപത്തിന് അഞ്ച് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭിക്കും. അതുകൊണ്ടുതന്നെ ആശങ്കയും ഒഴിവാക്കാം. നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടായിരുന്നത്. പിഎംസി ബാങ്കിന്റെ തകര്‍ച്ചയോടെയാണ് ഇത് അഞ്ച് ലക്ഷമാക്കി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്.
ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പറേഷനാണ് ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക. വലിയ തുക ബാങ്കില്‍ നിക്ഷേപിച്ചാലും ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ച് ലക്ഷം രൂപയ്ക്ക് മാത്രമാണുള്ളത്. ബാങ്ക് പൊളിഞ്ഞാല്‍ ബാക്കി തുക നഷ്ടമാകും.