പിഎല്‍ഐ പദ്ധതി; ഈ 8 ഓട്ടോ സ്റ്റോക്കുകള്‍ നേട്ടം കൊയ്യുമെന്ന് വിപണി വിദഗ്ധര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

26,058 കോടി രൂപയുടെ പിഎല്‍ഐ (ഉത്പാദനവുമായി ബന്ധപ്പെടുത്തിയ ഇന്‍സെന്റീവ്) സ്‌കീമിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. അതായത് ഇന്ത്യയില്‍ ഉത്പാദനം നടത്തുന്ന കമ്പനികള്‍ക്ക് കേന്ദ്രം പ്രത്യേക പ്രോത്സാഹനം ഉറപ്പുവരുത്തും. ഇന്ത്യയെ ആഗോളതലത്തിലുള്ള ഉത്പാദന കേന്ദ്രമാക്കി മാറ്റുകയാണ് ഈ നീക്കത്തിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യം. ഇതുവഴി കൂടുതല്‍ തൊഴില്‍ അവസരങ്ങളും രാജ്യത്ത് സൃഷ്ടിക്കപ്പെടും.

 

പുതിയ തീരുമാനം വാഹന മേഖലയിലുള്ള സ്‌റ്റോക്കുകള്‍ക്ക് കാര്യമായ ഗുണം ചെയ്യുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ ബജറ്റില്‍ മൂന്നു വ്യവസായ മേഖലകളിലാണ് ധനമന്ത്രാലയം പിഎല്‍ഐ സ്‌കീം പ്രഖ്യാപിച്ചത്. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം വാഹന, വാഹനഘടക, ഡ്രോണ്‍ വ്യവസായ മേഖലകളിലെ പിഎല്‍ഐ സ്‌കീമിന് അംഗീകാരം നല്‍കുകയും ചെയ്തു.

പിഎൽഐ സ്കീം

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 25,938 കോടി രൂപ വാഹന, വാഹനഘടക മേഖലകളില്‍ കേന്ദ്രം ഇന്‍സെന്റീവായി കൈമാറും. അടുത്ത മൂന്നു സാമ്പത്തിക വര്‍ഷം കൊണ്ട് 120 കോടി രൂപ ഡ്രോണ്‍ വ്യവസായത്തിനും സര്‍ക്കാര്‍ വകയിരുത്തി.

'കേന്ദ്രം തീരുമാനിച്ച പിഎല്‍ഐ സ്‌കീമുകള്‍ ടെലികോം, വാഹന വ്യവസായങ്ങള്‍ക്ക് വലിയ സാധ്യതകളാണ് തുറന്നുനല്‍കുന്നത്. വാഹന, വാഹനഘടക, ഡ്രോണ്‍ വ്യവസായ മേഖലകള്‍ക്കായുള്ള 26,058 കോടി രൂപയുടെ പിഎല്‍ഐ സ്‌കീം ഇന്ത്യയിലേക്ക് അത്യാധുനിക ഓട്ടോ ടെക്‌നോളജിയും സപ്ലൈ ചെയിനുകളും ക്ഷണിക്കും', ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു.

ലക്ഷ്യം

കേന്ദ്ര സര്‍ക്കാരിന്റേത് സമയോചിത നടപടിയാണ്. ആഗോള സപ്ലൈ ചൈയിനുകള്‍ക്ക് ചൈനയ്ക്ക് പുറത്തുള്ള വിപണികളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ ആലോചനയുണ്ട്. എന്തായാലും വാഹന, വാഹനഘടക വ്യവസായ മേഖലകളില്‍ 42,500 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനുള്ള പിഎല്‍ഐ സ്‌കീമിന്റെ ലക്ഷ്യം കയ്യെത്തിപ്പിടിക്കാവുന്നതാണ്, വിജയകുമാര്‍ അറിയിച്ചു.

വാഹന, വാഹനഘടക മേഖലകളില്‍ 42,500 കോടി രൂപയിലധികം നിക്ഷേപം ആകര്‍ഷിക്കാന്‍ പിഎല്‍ഐ സ്‌കീം സഹായിക്കുമെന്നാണ് ഇക്വിറ്റി 99 സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മയുടെയും പക്ഷം. 2.3 ലക്ഷം കോടിയിലധികം രൂപയുടെ ഉത്പാദന വര്‍ധനവും 7.5 ലക്ഷത്തിലധികം തൊഴിലവസരങ്ങളും ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടുമെന്ന് ഇദ്ദേഹം പറയുന്നു.

അർഹത

ഇന്‍വെസ്റ്റ്‌മെന്റ്, റവന്യു മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന കമ്പനികള്‍ക്ക് മാത്രമേ പിഎല്‍ഇ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. വാഹന മേഖലയില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് നാലുചക്ര വാഹനങ്ങളുടെ ഉത്പാദനത്തിനായി 2,000 കോടി രൂപയും ഇരുചക്ര വാഹനങ്ങളുടെ ഉത്പാദനത്തിനായി 1,000 കോടി രൂപയും നിക്ഷേപം നടത്തുന്ന കമ്പനികള്‍ മാത്രമായിരിക്കും പിഎല്‍ഐ സ്‌കീമിന് യോഗ്യത നേടുക. സമാനമായി മറ്റു മേഖലകളില്‍ 80 കോടിയിലധികം രൂപ നിക്ഷേപം നടത്തുന്ന കമ്പനികളും സര്‍ക്കാരിന്റെ പിഎല്‍ഐ സ്‌കീമിന് അര്‍ഹരാണ്.

Also Read: ഷെയര്‍ഖാന്‍ പറയുന്നു ഈ 4 ഓട്ടോ സ്‌റ്റോക്കുകള്‍ വാങ്ങാം; ടാര്‍ഗറ്റ് വില ഇങ്ങനെ

കുതിപ്പ് തുടങ്ങി

പിഎല്‍ഐ സ്‌കീമില്‍ രണ്ടു ഘടകങ്ങളുണ്ട്. ചാംപ്യന്‍ ഒഇഎം ഇന്‍സെന്റീവ് സ്‌കീമും കംപോണന്റ് ചാംപ്യന്‍ ഇന്‍സെന്റീവ് സ്‌കീമും. ഇന്‍ഡസ്ട്രിയില്‍ ഇപ്പോഴുള്ള നിക്ഷേപകര്‍ക്കും പുതിയ നിക്ഷേപകര്‍ക്കും ഇവ ലഭ്യമാകും. വാഹന മേഖലയില്‍ പുതിയ കമ്പനികള്‍ കടന്നുവരുന്നതിന് ഈ നടപടി സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്തായാലും പിഎല്‍ഐ സ്‌കീമിന് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഒട്ടുമിക്ക വാഹന, വാഹനഘടക സ്റ്റോക്കുകള്‍ ഓഹരി വിപണിയില്‍ കുതിപ്പ് ആരംഭിച്ചുകഴിഞ്ഞു.

പ്രകടനം

ബുധനാഴ്ച്ച നിഫ്റ്റി ഓട്ടോ സൂചിക 0.86 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, അശോക് ലെയ്‌ലാന്‍ഡ്, ടാറ്റ മോട്ടോര്‍സ്, ഭാരത് ഫോര്‍ജ്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ ഓഹരികളില്‍ 1 മുതല്‍ 3.6 ശതമാനം വരെ ഉണര്‍വ് വിപണി കണ്ടു.

ഇന്നലെ മതര്‍സണ്‍ സുമി സിസ്റ്റംസ് 2.84 ശതമാനവും ജമ്‌ന ഓട്ടോ 6.25 ശതമാനവും വര്‍ധനവാണ് കയ്യടക്കിയത്. വാറോക്ക് എഞ്ചിനീയറിങ്ങാകട്ടെ 20 ശതമാനം വരെയും ഉയര്‍ന്നു. വാഹനഘടക മേഖലയിലെ മറ്റൊരു സ്‌റ്റോക്കായ മിന്‍ഡ ഇന്‍ഡസ്ട്രീസ് 0.26 ശതമാനവും മുന്നേറി.

ശരിയായ ദിശയിൽ

'ഇന്ത്യയെ ആഗോള ഉത്പാദന ഹബ്ബാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ ആലോചന ശരിയായ ദിശയിലാണ്. ഇതുവഴി രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കപ്പെടും. അടിസ്ഥാനസൗകര്യ വികസനങ്ങള്‍ വേഗത്തിലാവും. ഒപ്പം പുതിയ ക്യാപ്പെക്‌സുകളും രൂപംകൊള്ളും', മോട്ടിലാല്‍ ഓസ്‌വാള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് റീടെയില്‍ റിസര്‍ച്ച് മേധാവി സിദ്ധാര്‍ത്ഥ ഖേംക പറയുന്നു.

Also Read: 60 ശതമാനം വരെ ഉയരാന്‍ സാധ്യതയുള്ള 5 സ്റ്റോക്കുകള്‍; അറിയാം ബ്രോക്കറേജുകളുടെ ടാര്‍ഗറ്റ് വില

ഏതൊക്കെ സ്റ്റോക്കുകള്‍ മുന്നേറും?

ഏതൊക്കെ സ്റ്റോക്കുകള്‍ മുന്നേറും?

കഴിഞ്ഞ മൂന്നു മാസമായി ഡിമാന്‍ഡ്-സപ്ലൈ പ്രതിസന്ധി കാരണം വാഹന വ്യവസായം നിറംമങ്ങി നില്‍ക്കുകയാണ്. ഇടയ്ക്കിടെ വിവിധ സംസ്ഥാനങ്ങളില്‍ സംഭവിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും വാഹന മേഖലയിലെ കമ്പനികള്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ മൂന്നു മാസം കൊണ്ട് നിഫ്റ്റി ഓട്ടോ സൂചിക 1.5 ശതമാനമാണ് താഴേക്ക് പോയത്. നിരവധി ഓട്ടോ സ്‌റ്റോക്കുകള്‍ ഇരട്ട അക്കത്തില്‍ തകര്‍ച്ച കുറിച്ചു. എന്തായാലും വാഹന മേഖലയിലെ സ്‌റ്റോക്കുകള്‍ വാങ്ങാന്‍ പറ്റിയ അവസരമാണ് ഇപ്പോഴെന്ന് പറയുന്നു ഈ രംഗത്തുള്ള വിദഗ്ധര്‍.

അത്യാധുനിക ടെക്നോളജി

'പിഎല്‍ഐ സ്‌കീമിന് കീഴില്‍ 22 ഘടകങ്ങള്‍ ഉള്‍പ്പെടും. വൈദ്യുത ബാറ്ററി വാഹനങ്ങള്‍, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങള്‍, അത്യാധുനിക ഓട്ടോമോട്ടീവ് ടെക്‌നോളജി, പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, ട്രാക്ടറുകള്‍ തുടങ്ങിയ ഇതിലുണ്ട്. ഇതേസമയം, സാമ്പ്രദായികമായി പ്രവര്‍ത്തനം തുടരുന്ന വാഹന നിര്‍മാതാക്കള്‍ക്ക് പിഎല്‍ഐ സ്‌കീമിന്റെ ഗുണം ലഭിക്കില്ല. അത്യാധുനിക ടെക്‌നോളജിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികളെ മാത്രമായിരിക്കും പിഎല്‍ഐ സ്‌കീമിന് സര്‍ക്കാര്‍ പരിഗണിക്കുക', സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് റിസര്‍ച്ച് മേധാവി സന്തോഷ് മീണ പറയുന്നു.

പട്ടികയിൽ ഇവരും

ഇക്കാരണത്താല്‍ ജമ്‌ന ഓട്ടോ, വാറോക്ക് എഞ്ചിനീയറിങ്, ജിഎന്‍എ അക്സ്ലസ്, പ്രൈക്കോള്‍, സോന ബിഎല്‍ഡബ്ല്യു, മതര്‍സണ്‍ സുമി, മിന്‍ഡ ഇന്‍ഡസ്ട്രീസ് സ്‌റ്റോക്കുകളായിരിക്കും വിപണിയില്‍ കുതിച്ചുച്ചാടുകയെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ട്രസ്റ്റ്‌ലൈന്‍ സെക്യുരിറ്റീസിലെ റിസര്‍ച്ച് അനലിസ്റ്റ് അപ്രജിത സക്‌സേനയുടെ അഭിപ്രായത്തില്‍ മതര്‍സണ്‍ സുമി, മിന്‍ഡ ഇന്‍ഡസ്ട്രീസ്, ല്യുമാക്‌സ് ഇന്‍ഡസ്ട്രീസ് സ്റ്റോക്കുകള്‍ പുതിയ സാഹചര്യത്തില്‍ വിപണിയില്‍ മുന്നേറും. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോര്‍സ്, ഹീറോ മോട്ടോകോര്‍പ്പ് സ്റ്റോക്കുകളാണ് ഇക്വിറ്റി 99 സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ തിരഞ്ഞെടുക്കുന്ന ടോപ്പ് പിക്കുകള്‍. ഹീറോ മോട്ടോകോര്‍പ്പ്, ഭാരത് ഫോര്‍ജ്, ബോഷ് സ്‌റ്റോക്കുകളില്‍ ഐഐഎഫ്എല്‍ സെക്യുരിറ്റീസ് ഡയറക്ടര്‍ സഞ്ജീവ് ഭാസിനും ബുള്ളിഷ് പ്രവചനം നടത്തുന്നുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Jamna Auto To Minda Industries: Market Experts List 8 Auto Stocks To Benefit From Government's PLI Scheme

Jamna Auto To Minda Industries: Market Experts List 8 Auto Stocks To Benefit From Government's PLI Scheme. Read in Malayalam.
Story first published: Thursday, September 16, 2021, 8:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X