ജെറ്റ് എയർവേസിന്റെ മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള (ബികെസി) കെട്ടിടം കനേഡിയൻ ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ബ്രൂക്ക് ഫീൽഡ് അസറ്റ് മാനേജ്മെൻറ് കമ്പനി വാങ്ങുന്നു. വായ്പ കുടിശ്ശികയായതിനെ തുടർന്ന് രാജ്യത്തെ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ലേലം ചെയ്തതാണ് ജെറ്റ് എയർവേസിന്റെ മുംബൈയിലുള്ള ഈ കെട്ടിടം. ബ്രൂക്ക്ഫീൽഡ് ഏകദേശം 490 കോടി രൂപ ചെലവിട്ടാണ് ഈ രണ്ടു നിലകളിലായുള്ള ഓഫീസ് സമുച്ചയം ലേലത്തിൽ പിടിച്ചത്. ബികെസിയിലെ ഗോദ്റെജ് ബിൽഡിങ്ങിൽ 1.7 ലക്ഷം ചതുരശ്രയടിയിലാണ് ഈ ഓഫീസ് സമുച്ചയം നിലകൊള്ളുന്നത്.
ജെറ്റ് എയർവേയ്സിന്റെ ഇൻസോൾവെൻസി നടപടികൾ കൈകാര്യം ചെയ്യുന്ന റെസല്യൂഷൻ പ്രൊഫഷണൽ, കമ്പനിയുടെ 'ജെറ്റ് എയർവേസ് ഗോദ്റെജ് ബികെസി' എന്നറിയപ്പെടുന്ന കെട്ടിടത്തിന്റെ രണ്ട് നിലകൾ (മൂന്നാമത്തെയും നാലാമത്തെയും) പൊതു ലേലത്തിലൂടെ വിൽക്കുന്നനായി ജൂൺ 13 ന് ഒരു പൊതു അറിയിപ്പ് നൽകിയിരുന്നു. ജൂൺ 26-ന് നടന്ന ഇ-പബ്ലിക് ലേലത്തിൽ വ്രിഹസ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് ഈ ബിഡ് നേടുകയായിരുന്നു. ബ്രൂക്ക് ഫീൽഡ് അസറ്റ് മാനേജുമെന്റ് നിയന്ത്രിക്കുന്ന ഒരു സ്ഥാപനമാണ് വ്രിഹസ് പ്രോപ്പർട്ടീസ്. ലേലത്തിൽ പങ്കെടുത്ത ഏക കമ്പനിയും ബ്രൂക്ക് ഫീൽഡ് ആയിരുന്നു. വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം ജൂൺ 11-ലെ എൻസിഎൽടിയുടെ പ്രിൻസിപ്പൽ ബെഞ്ചിന്റെ നിർദേശപ്രകാരം വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.
എയർ ഇന്ത്യ വിൽപ്പന നീളുന്നു; താൽപ്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തിയതി വീണ്ടും നീട്ടി
ചതുരശ്രയടിക്ക് ഏകദേശം 29,000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്. നിലവിലെ വിപണി സാഹചര്യത്തിൽ മികച്ച വിലയാണിതെങ്കിലും അനുകൂല വിപണി സാഹചര്യമായിരുന്നെങ്കിൽ പത്തു ശതമാനം അധിക തുക ലഭിക്കുമായിരുന്നെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധർ പറയുന്നത്. കഴിഞ്ഞ വർഷം ബികെസിയിൽ അമേരിക്കൻ നിക്ഷേപക കമ്പനിയായ ബ്ലാക്ക് സ്റ്റോൺ ചതുരശ്രയടിക്ക് 40,000 രൂപ എന്ന കണക്കിലാണ് 6.5 ലക്ഷം ചതുരശ്രയടി വരുന്ന ഓഫീസ് സമുച്ചയം വാങ്ങിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടപാടു നടന്നത് തന്നെ വലിയ കാര്യമാണെന്നും പൊതുവെ വിലയിരുത്തലുണ്ട് കെട്ടിടം വിറ്റുകിട്ടുന്നതിൽ 360 കോടി രൂപ എച്ച്ഡിഎഫ്സിയ്ക്ക് ലഭിക്കും. ബാക്കി തുകയിൽ ഒരു ഭാഗം യു.എസ്. എക്സിം ബാങ്കിൽ ജെറ്റിനുള്ള വായ്പ തിരിച്ചടക്കാൻ ഉപയോഗിക്കും.