തിരുവനന്തപുരം: അടുത്ത സാമ്പത്തികവര്‍ഷം മത്സ്യമേഖലയ്ക്ക് 1,500 കോടി രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ടിഎം തോമസ് ഐസക്ക് മത്സ്യമേഖലയില്‍ 1,500 കോടി രൂപ ചിലവഴിക്കാനുള്ള തീരുമാനം അറിയിച്ചത്.
ഇതില്‍ 250 കോടി രൂപ വാര്‍ഷിക പദ്ധതിയില്‍ നിന്നും മത്സ്യമേഖലയില്‍ വകയിരുത്താനാണ് സര്‍ക്കാരിന്റെ നീക്കം. 150 കോടി രൂപ കടല്‍ഭിത്തിക്കായി നീക്കിവെയ്ക്കും. ആശുപത്രികള്‍ക്കും സ്കൂളുകള്‍ക്കുമായി 150 കോടിയാണ് സര്‍ക്കാര്‍ കണ്ടെത്തുക. ആഴക്കടല്‍ മത്സ്യബന്ധനത്തിന് 25 ശതമാനം സബ്സിഡിയില്‍ 100 നൗകകള്‍ക്ക് വായ്പ, പരമ്പരാഗത മത്സത്യത്തൊഴിലാളികള്ക്ക് ലീറ്ററിന് 25 രൂപ നിരക്കില്‍ മണ്ണെണ്ണ എന്നിവയും സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളിലുണ്ട്.
ഒപ്പം നിലവിലെ മണ്ണെണ്ണ എഞ്ചിനുകള്‍ പെട്രോള്‍ എഞ്ചിനുകളാക്കി മാറ്റാന്‍ പ്രത്യേക സാമ്പത്തിക സഹായവും സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഇ-ഓട്ടോ റിക്ഷ വാങ്ങാനായി 10 കോടി രൂപയും മത്സ്യഫെഡിന് സര്‍ക്കാര്‍ വകയിരുത്തി. സംസ്ഥാന ബജറ്റിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍ കൂടി ചുവടെ കാണാം.
- ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ 600 കോടി രൂപയുടെ വിവിധ പദ്ധതികള്‍.
- തദ്ദേശസ്ഥാപന ജനപ്രതിനിധികളുെട ഓണറേറിയം 1,000 രൂപ കൂട്ടി.
- മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാരുടെ ക്ഷേമത്തിന് 31 കോടി രൂപ നീക്കിവെച്ചു.
- 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി. നീല, വെള്ള റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി.
- ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് 2 കോടി രൂപ സബ്സിഡി.
- അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപ.
- ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കും; 20 കോടി രൂപ വകയിരുത്തി.
- കാരുണ്യപദ്ധതിയില്‍ വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീടുകളില്‍ എത്തിക്കും.
- കാര്‍ഷികമേഖലയില്‍ 2 ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പാക്കും. കാര്‍ഷികേതര മേഖലയില്‍ 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
- കശുവണ്ടി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്കാന് 60 കോടി; കയര്‍ മേഖലയില്‍ കുടിശ്ശിക ഒടുക്കാന്‍ 60 കോടി.
- പ്രവാസികള്‍ക്ക് 3,000 രൂപ പെന്ഷന്.
- തൊഴിലുറപ്പ് പദ്ധതിക്ക് ക്ഷേമനിധി നടപ്പാക്കും.
- സര്‍വകലാശാലകളില്‍ 1,000 പുതിയ തസ്തികകള്‍.
- സര്‍വകലാശാലകളുടെ നവീകരണത്തിന് 2,000 കോടി കിഫ്ബി വഴി.
- അഫിലിയേറ്റഡ് കോളേജുകള്‍ക്ക് 1,000 കോടി അനുവദിക്കും.
- ക്ഷേമപെന്ഷന് 1,600 രൂപയായി ഉയര്‍ത്തി.
- റബറിന്റെ തറവില 170 രൂപയായി വര്‍ധിപ്പിച്ചു.
- നെല്ലിന്റെ സംഭരണവില 28 രൂപയായും നാളികേരത്തിന്റെ സംഭരണവില 32 രൂപയായും കൂടി.
- 5 വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴിലവസരം.
- 8 ലക്ഷം അധിക തൊഴില്‍ സൃഷ്ടിക്കും.
- ആരോഗ്യവകുപ്പില്‍ 4,000 തസ്തിക സൃഷ്ടിക്കും
- തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1,000 കോടി രൂപ അനുവദിക്കും.
- 15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും.
- 14 ജില്ലകളില്‍ 600 ഓഫീസുകള്‍ ഉള്‍പ്പെടുന്ന കെ-ഫോണ്‍ പദ്ധതിക്ക് ഫെബ്രുവരിയില്‍ തുടക്കം.