തൃശൂര്‍: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഉയര്‍ന്നുവന്ന പ്രതിസന്ധിയില്‍ പല മേഖലകളും ഇന്ന് കരകയറിയിട്ടില്ല. ചില മേഖലകളൊക്കെ പൂര്‍ണമായും തകര്‍ന്നപ്പോള്‍ മറ്റ് ചിലര്‍ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന്റെ തിരക്കിലാണ്. കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതലായി ബാധിച്ച മേഖലകളില്‍ ഒന്നാണ് ഹോട്ടല്‍-ലോഡ്ജ് ബിസ്നസ് മേഖല. ഇന്ന് കേരളത്തിലെ പല സ്ഥലങ്ങളിലെയും ലോഡ്ജ്, ഹോട്ടല്‍ ഉടമകള്‍ കനത്ത പ്രതിസന്ധിയിലാണ്. പലരും വിറ്റൊഴിവാകേണ്ട തിരക്കിലാണ്.
ഗുരുവായൂര്‍ പോലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ ലോഡ്ജ് ഉടമകള്‍ കനത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇവിടെയുള്ള പലരും ലോഡ്ജ് വില്‍ക്കാനുള്ള പരസ്യം നല്‍കിയിരിക്കുകയാണ്. ഗുരുവായൂരില്‍ മാത്രം പത്തോളം ലോഡ്ജുകളാണ് ഇപ്പോള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതെന്ന് ലോഡ്ജ് ഭാരവാഹി ആഅസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. തൃശൂര്‍ ജില്ലയില്‍ മാത്രം 3000ഓളം ലോഡ്ജുകളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതില്‍ 70 ശതമാനം മാത്രമാണ് ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുള്ളൂ. ചുരുക്കി പറഞ്ഞാല്‍ 900ഓളം ലോഡ്ജുകള്‍ ഇനിയും തുറന്നുപ്രവര്‍ത്തിച്ചിട്ടില്ല.
ഗുരുവായൂരില്‍ മാത്രം 142 ലോഡ്ജുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പലതിന്റെയും പ്രവര്‍ത്തനം നാമമാത്രമാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ കുറവാണ് ഇവിടെ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കൂടാതെ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് എത്തുന്നവര്‍ ഭൂരിഭാഗം പേരും വാഹനങ്ങളില്‍ എത്തി ദര്‍ശനം നടത്തി അന്നു തന്നെ മടങ്ങിപ്പോകുന്ന അവസ്ഥയിലാണ്. കല്യാണങ്ങളിലാവട്ടെ താലി കെട്ട് മാത്രമാണ് ഗുരുവായൂരില്‍ നടക്കുന്നുള്ളൂ. റിസപ്ഷന് മറ്റ് പരിപാടികളും നാട്ടില്‍ നിന്ന് നടത്തുന്നതുകൊണ്ട് തന്നെ അത് വഴി വരുന്ന വരുമാനവും കുറവാണ്.