തിരുവനന്തപുരം; ഗെയ്ല് വാതക ലൈന്‍ പദ്ധതി വിജയകരമായി നടപ്പാക്കിയ കേരള മാതൃക രാജ്യത്താകെ വ്യാപിപ്പിക്കാന്‍ ഗെയ്ല് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് മന്ത്രി ഇപി ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. പ്രതിഷേധക്കാരെ പദ്ധതിക്ക് അനുകൂലമാക്കിയതും ചുരുങ്ങിയ സ്ഥലമെടുപ്പിന് വലിയ നഷ്ടപരിഹാരത്തുക നല്കിയതും, പ്രളയവും കാലവര്‍ഷക്കെടുതിയും കൊവിഡും അതിജീവിച്ച് സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കിയതുമാണ് കേരള മോഡലിനെ പ്രസക്തമാക്കിയതെന്ന് മന്ത്രി പറഞ്ഞു.
പദ്ധതിയുടെ പ്രത്യേകതകൾ സംബന്ധിച്ച് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം- മറ്റു സംസ്ഥാനങ്ങളില്‍ 30 മീറ്റര്‍ സ്ഥലമാണ് പദ്ധതിയ്ക്ക് എടുക്കുന്നത്. എന്നാല്‍ കേരളത്തില്‍ അത് 10 മീറ്ററായി പരിമിതപ്പെടുത്തി. ഭൂവുടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കി.
നിര്‍മാണസമയത്ത് 20 മീറ്റര്‍ ആവശ്യമായതിനാല്‍ 20 മീറ്റര്‍ കണക്കാക്കി വിളകള്‍ക്കുള്ള നഷ്ടപരിഹാരം നല്കി. 10 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് അതില്‍ വീടുവെക്കാനുള്ള സ്ഥലം തിട്ടപ്പെടുത്തി ഗെയ്ലിന്റെ ഉപയോഗാവകാശം രണ്ട്് മീറ്ററായി ചുരുക്കി. ഒപ്പം ആശ്വാസധനമായി അഞ്ച് ലക്ഷം രൂപയും നല്കി. കുറച്ചുസ്ഥലം മാത്രമുള്ളവര്‍ക്ക് നഷ്ടപരിഹാരം ഇരട്ടിയാക്കി. വിളകള്‍ക്കുള്ള നഷ്ടപരിഹാരവും ഉയര്‍ത്തി. ഈ നടപടികള്‍ ജനങ്ങളെ പദ്ധതിക്ക് അനുകൂലമാക്കി.
ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുള്ള ആശങ്കകള്‍ ദുരീകരിക്കാന്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പോലീസ് കര്‍മസേന രൂപവത്കരിച്ചു. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ജലാശയങ്ങളിലും ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കി പൈപ്പ് വലിച്ചെടുക്കുന്ന ഹൊറിസോണ്ടല്‍ ഡയറക്ഷണല്‍ ഡ്രില്ലിങ്ങിലൂടെ കുഴല്‍ സ്ഥാപിച്ചു. ഇത്തരത്തില്‍ 96 ഹൊറിസോണ്ടല്‍ ഡയറക്ഷണല്‍ ഡ്രില്ലിങ്ങാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചത്.
തണ്ണീര്‍ത്തടത്തില്‍ നിര്‍മാണതടസ്സം ഒഴിവാക്കാന്‍ കേരള പാഡി ആന്‍ഡ് വെറ്റ്ലാന്‍ഡ് കണ്‍സര്‍വേഷന്‍ നിയമം ഭേദഗതി ചെയ്തു. വ്യവസായ കുതിപ്പിനും സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടാകുന്ന ഗെയ്ല് പദ്ധതി ഇന്നലെയാണ് കേരളത്തില്‍ കമ്മീഷന് ചെയ്തത്.
അന്താരാഷ്ട്ര വിമാന സർവീസ് നിരോധനം വീണ്ടും നീട്ടി, ഈ രാജ്യങ്ങളിലേയ്ക്ക് മാത്രം പറക്കാം
കുട്ടിയുടുപ്പുമായി ആലിയ ഭട്ട്, ബോളിവുഡ് നായികയുടെ പുതിയ ബിസിനസ് സംരംഭം
ഇന്ത്യൻ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിൽ, പ്രതീക്ഷിച്ചതിലും ശക്തമെന്ന് റിസർവ് ബാങ്ക് ഗവർണർ
ബിപിസിഎല്‍ സ്വകാര്യവത്ക്കരണം: ഭാരത് ഗ്യാസ് സബ്സിഡി ഉപഭോക്താക്കളെ മറ്റ് കമ്പനികളിലേക്ക് മാറ്റും