വ്യാപാരികള്‍ക്ക് പെന്‍ഷന്‍... ആശ്രിതര്‍ക്ക് സഹായം; അറിയാം സര്‍ക്കാര്‍ ആനുകൂല്യങ്ങളെ കുറിച്ച്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: സംസ്ഥാന വ്യാപാരി ക്ഷേമ നിധിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പടെ നിരവധി ആനൂകൂല്യങ്ങള്‍ക്ക് അവസരം. അംഗങ്ങളുടെ ആശ്രിതര്‍ക്ക് മരണാനന്തര സഹായവും വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരിടുന്ന നാശനഷ്ടങ്ങള്‍ക്കുള്ള പ്രത്യേകം സഹായവും ഇതോടൊപ്പം ലഭ്യമാകും. അംഗത്വമെടുത്ത് ആറ് മാസം പൂര്‍ത്തിയാക്കിയാല്‍ മരണാനന്തര ആനുകൂല്യം, എക്സ്ഗ്രേഷ്യാ ആനുകൂല്യം എന്നിവയ്ക്ക് അര്‍ഹരാകും. പത്ത് ലക്ഷത്തോളം വ്യാപാരികളുള്ള സംസ്ഥാനത്ത് ഒരു ലക്ഷത്തോളം മാത്രമാണ് ക്ഷേമനിധിയില്‍ അംഗത്വമെടുത്തിട്ടുള്ളത്.

 

പ്രളയത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ നേരിട്ട ക്ഷേമനിധി അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി രൂപയില്‍ അതത് വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് അര്‍ഹമായ തുക നല്‍കി വരുന്നുണ്ട്. കൂടാതെ ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത 10,800 വ്യാപാരികള്‍ക്ക് 5,000 രൂപ വീതം ആശ്വാസധനവും നല്‍കി വരുന്നുണ്ട്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5.4 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

വ്യാപാരികള്‍ക്ക് പെന്‍ഷന്‍... ആശ്രിതര്‍ക്ക് സഹായം; അറിയാം സര്‍ക്കാര്‍ ആനുകൂല്യങ്ങളെ കുറിച്ച്

വ്യാപാര സ്ഥാപനത്തില്‍ നിന്നുള്ള വരുമാനത്തിനെ അടിസ്ഥാനപ്പെടുത്തി അംഗത്വം എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗമാക്കിയാണ് തരംതിരിച്ചിട്ടുള്ളത്. 50 ലക്ഷത്തിന് മുകളിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ എ വിഭാഗത്തിലും 25 ലക്ഷത്തിനും 50 നും ഇടയിലുള്ളവര്‍ ബി വിഭാഗത്തിലും 10 ലക്ഷം മുതല്‍ 25 ലക്ഷം വരെയുള്ളവര്‍ സി വിഭാഗത്തിലും 10 ലക്ഷം വരെ ഡി വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. എ ക്ലാസ് വിഭാഗത്തിന് അംഗത്വ ഫീസായി 4,000 രൂപയാണ് അടക്കേണ്ടത്. ബി, സി, ഡി വിഭാഗങ്ങള്‍ക്ക് യഥാക്രമം 2,750 രൂപ, 2,000 രൂപ, 700 രൂപ എന്നിങ്ങനെയാണ് അംഗത്വമെടുക്കാനായി നല്‍കേണ്ടത്.

ആശ്രിതര്‍ക്ക് മരണാനന്തര ആനുകൂല്യം

സംസ്ഥാന വ്യാപാരീ ക്ഷേമനിധിയില്‍ അംഗമായി ആറുമാസം കഴിഞ്ഞു മരണം സംഭവിച്ചാല്‍ അവകാശിക്കു ലഭിക്കുന്ന ആനുകൂല്യമാണിത്. ഇത് പ്രകാരം എ വിഭാഗത്തില്‍പ്പെട്ട വ്യാപാരികളുടെ അവകാശിക്ക് 1,25,000 രൂപയാണ് ലഭിക്കുക. ബി, സി, ഡി വിഭാഗത്തിലുള്ളവര്‍ക്ക് യഥാക്രമം 75,000, 60,000, 40,000 എന്നിങ്ങനെയാണ് ധനസഹായം ലഭിക്കുക.

 

ആനുകൂല്യം ലഭിക്കാന്‍

അംഗത്വകാര്‍ഡ് (ഒറിജിനല്‍), ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വില്ലേജ് ഓഫീസര്‍ നല്‍കുന്ന കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റ്, കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റിലെ അംഗങ്ങളെല്ലാം കൂടി അവരിലൊരാളെ തുക കൈപ്പറ്റാന്‍ ചുമതലപ്പെടുത്തുന്ന സമ്മതപത്രം, അവകാശിയുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, അവകാശിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവകാശിയുടെ അപേക്ഷ അംഗത്തിന്റെ മരണശേഷം 90 ദിവസത്തിനുള്ളില്‍ സംസ്ഥാന വ്യാപാരി ക്ഷേമനിധി ബോര്‍ഡില്‍ നല്‍കണം.

നഷ്ടപരിഹാരത്തിനായി എക്സ്ഗ്രേഷ്യാ ക്ലെയിമുകള്‍

സംസ്ഥാന വ്യാപാരി ക്ഷേമബോര്‍ഡില്‍ നിന്ന് അംഗങ്ങള്‍ക്ക് തീപിടുത്തം, അക്രമം, ലഹള, വെള്ളപ്പൊക്കം, മറ്റു പ്രകൃതിക്ഷോഭങ്ങള്‍ എന്നിവയിലൂടെ വ്യാപാര സ്ഥാപനത്തിനും സാധനങ്ങള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിവരുന്നു. ഇതനുസരിച്ച് എ വിഭാഗത്തില്‍പ്പെട്ട വ്യാപാരികള്‍ക്ക് 1,25,000 രൂപയും ബി, സി, ഡി വിഭാഗത്തിലുള്ളവര്‍ക്ക് യഥാക്രമം 75,000, 60,000, 40,000 എന്നിങ്ങനെയുമാണ് ധനസഹായമായി ലഭിക്കുക.

എങ്ങനെ അപേക്ഷിക്കാം

അംഗത്വ കാര്‍ഡിന്റെ കോപ്പി, വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്, തീപിടുത്തമെങ്കില്‍ ഫയര്‍ ഫോഴ്സ് റിപ്പോര്‍ട്ട്, അക്രമത്തിന് പൊലീസ് റിപ്പോര്‍ട്ട്, അംഗത്വമുള്ളയാളുടെ ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സഹിതമുള്ള അപേക്ഷ കേരള സംസ്ഥാന വ്യാപാരി ക്ഷേമബോര്‍ഡില്‍ നല്‍കണം.

വ്യാപാരികള്‍ക്ക് പെന്‍ഷന്‍

പത്തുവര്‍ഷം തുടര്‍ച്ചയായി ക്ഷേമനിധി അംഗത്വമുള്ളവര്‍ക്ക് 60 വയസ് പൂര്‍ത്തിയായതിന്റെ അടുത്തമാസം മുതല്‍ പ്രതിമാസ പെന്‍ഷന്‍ ലഭിച്ച് തുടങ്ങും. എ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് 1,650 രൂപയും ബി, സി, ഡി വിഭാഗക്കാര്‍ക്ക് യഥാക്രമം 1,450, 1,350, 1,300 രൂപയുമാണ് നിലവില്‍ നല്‍കി വരുന്നത്. പൂര്‍ണമായും സര്‍ക്കാര്‍ ഗ്രാന്റോട് കൂടിയുള്ള പെന്‍ഷന്‍ പദ്ധതി പ്രതിമാസം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്.

പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍

60 വയസ് പൂര്‍ത്തിയായതിന്റെ അല്ലെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനത്തീയതി സംബന്ധിച്ച രേഖ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തില്‍ നിന്നുള്ള ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കച്ചവട ലൈസന്‍സിന്റെ പകര്‍പ്പ്, അംഗത്വകാര്‍ഡിന്റെ പകര്‍പ്പ്, അംഗത്വമുള്ളയാളുടെ ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സഹിതം ബോര്‍ഡില്‍ അപേക്ഷ നല്‍കണം.

ഇതിന് പുറമെ വിദ്യാഭ്യാസ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി, വിവാഹ സഹായ പദ്ധതി, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്നിവ നടപ്പാക്കുന്നതിനുള്ള നടപടികളും ബോര്‍ഡിന്റെ പരിഗണനയിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന വ്യാപാരിക്ഷേമ ബോര്‍ഡുമായി നേരിട്ട് ബന്ധപ്പെടാം. സംസ്ഥാന വ്യാപാരീക്ഷേമനിധി ബോര്‍ഡ്, പവര്‍ഹൗസ് റോഡ്, ചാല പി.ഒ, തിരുവനന്തപുരം -695036. ഫോണ്‍: 0471-2474049, 2474054.

English summary

Kerala State Government Special scheme for Traders Pension

State Government Special scheme for Traders Pension
Story first published: Tuesday, January 12, 2021, 22:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X