കിറ്റെക്‌സ് ഇന്നും മുകളിലേക്ക്; സാബു ജേക്കബിന്റെ 7 ദിവസത്തെ സമ്പാദ്യം 222 കോടി!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: തുടര്‍ച്ചയായ അഞ്ചാം ദിനവും കിറ്റെക്‌സ് ഓഹരികള്‍ വിപണിയില്‍ കുതിക്കുകയാണ്. കേരള സര്‍ക്കാരുമായുള്ള തര്‍ക്കവും തെലങ്കാനയിലേക്കുള്ള ചുവടുമാറ്റവും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന് പുത്തനുണര്‍വ് സമ്മാനിച്ചിരിക്കുന്നു. ചൊവാഴ്ച്ച രാവിലെത്തന്നെ ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിറ്റെക്‌സ് ഓഹരികള്‍ 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു.

 

കിറ്റെക്സ് മുകളിലേക്ക്

രാവിലെ 9.15 -ന് 177.80 രൂപയില്‍ വ്യാപാരം തുടങ്ങിയ കിറ്റെക്‌സ് 9.16 -ന് 185.50 രൂപയിലെത്തി. ഓഹരി വിലയില്‍ ഇന്നുണ്ടായ മാറ്റം 16.85 രൂപ (9.99 ശതമാനം നേട്ടം). കഴിഞ്ഞ 52 ആഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് കിറ്റെക്‌സ് ഓഹരികള്‍ ഇപ്പോഴുള്ളത്. ഇന്നലെ 168.65 രൂപയില്‍ കമ്പനി വ്യാപാരം പൂര്‍ത്തിയാക്കുകയായിരുന്നു.

വിൽപ്പന വർധനവ്

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 69.25 ശതമാനം നേട്ടമാണ് കിറ്റെക്‌സ് ഓഹരികള്‍ കയ്യടക്കിയത്. ജൂലായ് ഏഴിന് 109 രൂപയുണ്ടായിരുന്ന കിറ്റെക്‌സ് ഓഹരി വില 75.90 രൂപ വര്‍ധിച്ച് 185.50 രൂപയിലേക്ക് ഇന്നെത്തി. വിപണിയില്‍ വില്‍ക്കപ്പെടുന്ന കിറ്റെക്‌സ് ഓഹരികളുടെ എണ്ണത്തിലും രണ്ടിരട്ടിയിലേറെ വര്‍ധനവ് സംഭവിച്ചിട്ടുണ്ട്.

സമ്പാദ്യം

ഒരുഭാഗത്ത് കിറ്റെക്‌സ് ഓഹരികളുടെ വില കുതിച്ചുയരുമ്പോള്‍ കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സാബു ജേക്കബിന്റെ സമ്പത്തും ക്രമാനുഗതമായി വര്‍ധിക്കുകയാണ്. കഴിഞ്ഞ ഏഴു ദിവസം കൊണ്ട് സാബു ജേക്കബ് 222 കോടിയോളം രൂപ സമ്പാദിച്ചതായാണ് സൂചന. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ 55 ശതമാനം ഓഹരി പങ്കാളിത്തം സാബു ജേക്കബിനുണ്ട്.

തെലങ്കാനയിലേക്ക്

കേരളത്തില്‍ സൗഹാര്‍ദപരമായ വ്യവസായ അന്തരീക്ഷമില്ലെന്ന ആക്ഷേപം ഉയര്‍ത്തിയാണ് കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു ജേക്കബ് തെലങ്കാനയിലേക്ക് കളം മാറ്റുന്നത്. തെലങ്കാനയിലെ വാറങ്കല്‍ കാകതിയ മെഗാ ടെക്സ്‌റ്റൈല്‍ പാര്‍ക്കില്‍ 1,000 കോടി രൂപയുടെ തുണിത്തര ഫാക്ടറി സ്ഥാപിക്കാന്‍ തെലങ്കാന സര്‍ക്കാരും കിറ്റെക്സ് ഗ്രൂപ്പും ധാരണയിലെത്തിയിട്ടുണ്ട്.

പ്രഖ്യാപനം

തെലങ്കാനയില്‍ 1,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന സാബു ജേക്കബ് പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില വെള്ളിയാഴ്ച്ച 20 ശതമാനം ഉയര്‍ന്നു. തിങ്കളാഴ്ച്ചയും 20 ശതമാനം വര്‍ധനവോടെയാണ് കിറ്റെക്‌സ് വിപണിയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റെക്‌സ് മേധാവി മാധ്യമങ്ങളോട് ഇന്നലെ പറഞ്ഞിരുന്നു. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറും കിറ്റെക്സ് ഗ്രൂപ്പിനെ കര്‍ണാടകത്തില്‍ വ്യവസായം തുടങ്ങാന്‍ ക്ഷണിച്ചിട്ടുണ്ട്.

വിപണി മൂല്യം

നിലവില്‍ കിറ്റെക്‌സിന്റെ വിപണി മൂല്യം 1,121.52 കോടി രൂപയിലാണ് എത്തിനില്‍ക്കുന്നത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് കമ്പനിയുടെ വിപണി മൂല്യം 408.32 കോടി രൂപയാണ് വര്‍ധിച്ചത്. ഇതേസമയം, ലാഭത്തില്‍ സാരമായ ഇടിവ് നേരിടവെയാണ് കിറ്റെക്‌സ് ഓഹരി വില വിപണിയില്‍ കുതിക്കുന്നതെന്ന കാര്യം ഇവിടെ പ്രത്യേകം ഓര്‍മിക്കണം. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ അറ്റാദായം 19.22 കോടിയില്‍ നിന്നും 9.73 കോടി രൂപയായി ചുരുങ്ങിയിരുന്നു. ഇടിവ് 49.3 ശതമാനം.

ലാഭത്തിൽ ഇടിവ്

കഴിഞ്ഞ പാദത്തില്‍ കിറ്റെക്‌സിന്റെ വില്‍പ്പനച്ചിത്രവും ശോഭനമനല്ല. 23.65 ശതമാനം ഇടിവോടെ 111.70 കോടി രൂപയാണ് കമ്പനി വില്‍പ്പന കുറിച്ചത്. 2020-21 സാമ്പത്തിക വര്‍ഷത്തെ സമ്പൂര്‍ണ ചിത്രം പരിശോധിച്ചാല്‍ കിറ്റെക്‌സിന്റെ അറ്റാദായം 47 ശതമാനം ഇടിഞ്ഞ് 54.27 കോടി രൂപയിലേക്കെത്തി. പ്രവര്‍ത്തന വരുമാനം കുറഞ്ഞതാണ് കമ്പനിക്ക് വിനയായത്. ഇക്കാലയളവില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 739 കോടിയില്‍ നിന്നും 455 കോടി രൂപയായി കുറഞ്ഞു. 38 ശതമാനം ഇടിവ്.

English summary

Kitex Share Price Hit 10 Per Cent Upper Circuit On Tuesday; Sabu Jacob Gets Richer By Rs 222 Crore In 7 Days

Kitex Share Price Hit 10 Per Cent Upper Circuit On Tuesday; Sabu Jacob Gets Richer By Rs 222 Crore In 7 Days. Read in Malayalam.
Story first published: Tuesday, July 13, 2021, 11:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X