ദില്ലി: ലക്ഷ്മി വിലാസ് ബാങ്കും ഡിബിഎസ് ബാങ്ക് ഇന്ത്യയും തമ്മിലുള്ള ലയനത്തിന്റെ അന്തിമ പദ്ധതി പ്രാബല്യത്തിൽ വരുന്നതിന്റെ പശ്ചാത്തലത്തില്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ നിയമനടപടി ആരംഭിച്ച് പ്രൊമോട്ടർ ഗ്രൂപ്പ് സ്ഥാപനങ്ങൾ. പ്രസ്തുത പ്രമോട്ടർ ഗ്രൂപ്പിന് ലക്ഷ്മി വിലാസ് ബാങ്കിൽ 6.80 ശതമാനം ഓഹരിയുണ്ട്. നിലവിലെ ലയന പദ്ധതി അനുസരിച്ച് ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിന്റെ എല്ലാ ശാഖകളും 2020 നവംബർ 27 മുതൽ പ്രാബല്യത്തിൽ വരുന്ന ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡിന്റെ ശാഖകളായി മാറും.
കരേ ഇലക്ട്രോണിക്സ് ആന്‍ഡ് ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, പ്രണവ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ്, കെ ആർ പ്രദീപ് എന്നിവരാണ് ബോംബെ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകിയിട്ടുള്ളത്. റെഗുലേറ്ററുമായി കൂടിയാലോചിച്ച് സർക്കാർ അംഗീകരിച്ച അന്തിമ ലയന പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഇവര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ലക്ഷ്മി വിലാസ് ബാങ്കിനെ ഡിബിഎസ് ബാങ്ക് ഇന്ത്യയുമായി ലയിപ്പിക്കുന്നതിനുള്ള അന്തിമ പദ്ധതി പ്രകാരം, പെയ്ഡ്-അപ്പ് ഓഹരി മൂലധനത്തിന്റെ മുഴുവൻ തുകയും എഴുതിത്തള്ളപ്പെടും, അതിന്റെ ഫലമായി ഓഹരി ഉടമകൾക്ക് അവരുടെ മുഴുവൻ നിക്ഷേപവും നഷ്ടപ്പെടും. ഇതാണ് ഒഹരിയുടമകളെ ലയനപദ്ധതിക്ക് എതിരാക്കുന്നത്.
ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിനെ ഡി ബി എസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അധ്യക്ഷനായ മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ധനകാര്യ ബാങ്കിംഗ് സ്ഥിരത ഉറപ്പാക്കാനും നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാനും ആയി
2020 നവംബർ 17ന് ഒരു മാസത്തെ മൊറട്ടോറിയം ലക്ഷ്മിവിലാസ് ബാങ്കിന് മേൽ ആർബിഐ പ്രഖ്യാപിച്ചിരുന്നു.
ബാങ്കിംഗ് റെഗുലേഷൻ നിയമം 1949 ലെ 45 ആം വകുപ്പ് പ്രകാരം ആയിരുന്നു നടപടി. ഇതുകൂടാതെ ഭരണകൂടവുമായി ആലോചിച്ചശേഷം ലക്ഷ്മി വിലാസ് ബാങ്ക് ഡയറക്ടർ ബോർഡിന് പകരമായി നിക്ഷേപക താൽപര്യം ഉറപ്പാക്കാനായി പ്രത്യേക ഉദ്യോഗസ്ഥനെയും നിയമിച്ചിരുന്നു. പൊതുജനങ്ങൾ, ഈ മേഖലയിലെ വിദഗ്ധർ എന്നിവരിൽ നിന്നുള്ള നിർദ്ദേശങ്ങളും പരാതികളും പരിഗണിച്ചശേഷം ബാങ്ക് ലയനത്തിനുള്ള വിപുലമായ പദ്ധതി റിസർവ് ബാങ്ക്, കേന്ദ്ര ഗവൺമെന്റ് അനുമതിക്കായി സമർപ്പിച്ചിരുന്നു. മൊറട്ടോറിയം കാലാവധി തീരുന്നതിന് ഏറെ മുൻപ് നടത്തിയ ഈ നീക്കത്തിലൂടെ പണം പിൻവലിക്കുന്നതിന് ഉപഭോക്താക്കൾക്ക് നേരിടുന്ന പ്രശ്നങ്ങൾ പരമാവധി കുറയ്ക്കാനും സാധിച്ചു.
ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ ലക്ഷ്മി വിലാസ് ബാങ്ക്, ഡി ബി ഐ എല്ലുമായി ലയിക്കുന്നതാണ്. ഇതോടെ തങ്ങളുടെ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് നിക്ഷേപകർക്ക് ഇനി നിയന്ത്രണങ്ങൾ ഉണ്ടാവില്ല. ആർബിഐ അംഗീകാരം ഉള്ളതും ഇന്ത്യയിൽ പ്രവർത്തിക്കുന്നതുമായ ബാങ്കിംഗ് കമ്പനിയാണ് ഡി ബി ഐ എൽ. ശക്തമായ മൂലധന പിന്തുണയും, ബാലൻസ് ഷീറ്റും ഡി ബി ഐ എല്ലിന് സ്വന്തമായുണ്ട്.
ഇതിനുപുറമേ ഏഷ്യയിലെ തന്നെ ഏറ്റവും പ്രമുഖ സാമ്പത്തിക സേവനദാതാക്കളും, 18 വിപണികളിൽ ഏറെ സാന്നിധ്യവും ഉള്ള സിംഗപ്പൂർ ആസ്ഥാനമായ ഡി ബി എസ് ഇന്റെ ശക്തമായ പിന്തുണയും DBIL നുണ്ട്.ലയനത്തിന് ശേഷവും ഡി ബി ഐ ലിന്റെ സംയുക്ത സാമ്പത്തികസ്ഥിതി ശക്തമായി തുടരുന്നതു . കൂടാതെ ശാഖകളുടെ എണ്ണം 600 ആയി വർദ്ധിക്കുകയും ചെയ്യും.