ഫാഷന്‍ രംഗത്തെ പ്രമുഖ ഫ്രഞ്ച് കമ്പനിയാണ് ഷാനല്‍. ഷാനല്‍ ഗ്രൂപ്പിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വനിതയായ ലീന നായര്‍ കടന്നുവരികയാണ്. കമ്പനിയുടെ പുതിയ ആഗോള ചീഫ് എക്സിക്യൂട്ടീവായാണ് ലീന നായര്‍ ചുമതലയേല്‍ക്കുന്നത്. സുന്ദര്‍ പിച്ചൈ, പരാഗ് അഗര്‍വാള്‍, സത്യ നാദെല്ല, ഇന്ദ്ര നൂയി എന്നിവര്‍ക്ക് ശേഷം ആഗോള ബ്രാന്‍ഡിന്റെ മേധാവിയാകുന്ന ഇന്ത്യന്‍ വംശജയെന്ന ഖ്യാതിയും 52 വയസുകാരിയായ ലീന നായര്‍ ഇതോടെ സ്വന്തമാക്കും. യൂണിലെവറിന്റെ ഉന്നതതല എക്സിക്യുട്ടീവ് പദവിയൊഴിഞ്ഞാണ് ലീന നായര്‍ ഷാനലിന്റെ തലപ്പത്ത് വരുന്നത്.

ബ്രീട്ടീഷ് കമ്പനിയായ യൂണിലെവറിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ഹ്യൂമണ്‍ റിസോഴ്സസ് ഓഫീസറാണ് ഇവര്‍. യൂണിലെവര്‍ കണ്ട ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ഹ്യൂമണ്‍ റിസോഴ്സസ് ഓഫീസറെന്ന ബഹുമതിയും ലീന നായര്‍ക്കുണ്ട്. ജനുവരിയില്‍ ഷാനലിന്റെ ആഗോള ചീഫ് എക്സിക്യുട്ടീവായി ലീന നായര്‍ ചുമതലയേല്‍ക്കും. നിലവില്‍ ഷാനലിന്റെ ഉടമയും ഫ്രാന്‍സിലെ ശതകോടീശ്വരനുമായ അലൈന്‍ വെര്ത്തൈമറാണ് കമ്പനിയുടെ ഇടക്കാല സിഇഓ. ലീന നായരുടെ നിയമനത്തോടെ 73 വയസുകാരനായ വെര്ത്തൈമര് ഷാനല്‍ ഗ്രൂപ്പിന്റെ ആഗോള എക്സിക്യുട്ടീവ് ചെയര്‍മാനായാണ് മുന്നോട്ട് ചുമതലയേല്‍ക്കുക. 1910 -ല്‍ ഫാഷന്‍ ലോകത്തെ തലതൊട്ടപ്പനായ ഗബ്രിയേല്‍ കോക്കോ ഷാനലാണ് 'ഷാനല്‍' കമ്പനിക്ക് തുടക്കമിട്ടത്. ആദ്യകാലത്ത് തൊപ്പികള്‍ക്ക് വേണ്ടിയുള്ള ബൊട്ടീക്ക് സ്ഥാപനമായിരുന്നു ഇത്. പിന്നീട് ഫാഷന്‍ സമ്രാജ്യം കീഴടക്കാന്‍ പോന്ന ബ്രാന്‍ഡായി വളരാന്‍ ഷാനലിന് കഴിഞ്ഞു.
ആരാണ് ലീന നായര്‍?
1969 -ല്‍ മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് ലീന നായരുടെ ജനനം. ബിരുദം സാംഗ്ലിയിലെ വാല്‍ചന്ദ് എഞ്ചിനീയറിങ് കോളജില്‍ നിന്ന്. ഇലക്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സിലാണ് ലീന നായര്‍ ബിരുദമെടുത്തത്. തുടര്‍ന്ന് ജംഷഡ്പൂരിലെ സേവിയര്‍ ലേബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മാനേജ്മെന്റ് വിഷയത്തില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. പഠനത്തിന് ശേഷം 1992 -ലാണ് ഇവര്‍ ബ്രിട്ടീഷ് എഫ്എംസിജി കമ്പനിയായ യൂണിലെവറില് ചേരുന്നത്. ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലീന 30 വര്‍ഷം കൊണ്ട് പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറി എക്സിക്യുട്ടീവ് സമിതി അംഗമായി മാറി.
യൂണിലെവറിലെ ജീവനക്കാര്‍ക്ക് ആഗോള നിലവാരത്തിലുള്ള വേതനം ഉറപ്പുവരുത്താന്‍ ലീന പ്രതിബദ്ധത കാണിച്ചിട്ടുണ്ട്. തൊഴിലിടങ്ങളില്‍ ലിംഗസമത്വം ഉറപ്പുവരുത്തുന്നതിന് ഇവര്‍ കൈക്കൊണ്ട നടപടികളും ആഗോളതലത്തില്‍ ശ്രദ്ധനേടിയിരുന്നു. ബ്രീട്ടീഷ് സര്‍ക്കാരിന്റെ ബിസിനസ്, എനര്‍ജി, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി വിഭാഗങ്ങളില്‍ നോണ്‍ എക്സിക്യുട്ടീവ് ഡയറക്ടായി ലീന നായര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ധനകാര്യ സേവനമേഖലയിലെ സംരംഭകനായ കുമാര്‍ നായരാണ് ഇവരുടെ ഭര്‍ത്താവ്. ആര്യന്, സിദ്ധാന്ത് എന്നിവര്‍ മക്കളുമാണ്.