തുടർച്ചയായ മൂന്നാം മാസവും പാചകവാതക വില കുറച്ചു. എൽപിജി സിലിണ്ടറുകളുടെ വില ഇന്ന് 162.50 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ നിരക്ക് കുറയ്ക്കൽ നടപ്പാക്കിയിട്ടുണ്ട്. ഡൽഹിയിൽ 14.2 കിലോഗ്രാം സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന്റെ വില ഇന്ന് മുതൽ 581.50 രൂപയാണ്. 744 രൂപയിൽ നിന്നാണ് വില കുത്തനെ കുറഞ്ഞത്.

വിവിധ നഗരങ്ങളിലെ വില
മുംബൈയിൽ എൽപിജി സിലിണ്ടറിന് 579 രൂപ വില വരും, നേരത്തെ 714.50 രൂപയായിരുന്നു നിരക്ക്. കൊൽക്കത്തയിൽ പാചക വാതക ഇന്ധന നിരക്ക് 190 രൂപ കുറച്ച് 584.50 രൂപയായി. ചെന്നൈയിൽ എൽപിജി സിലിണ്ടറുകൾ 569.50 രൂപയ്ക്ക് വിൽക്കും. എല്ലാ മാസവും ആദ്യമാണ് പാചകവാതക വിലയിൽ മാറ്റം വരുത്തുന്നത്. ആഗോള ഊർജ്ജ വിപണിയിലെ മാന്ദ്യത്തിനിടയിൽ കഴിഞ്ഞ രണ്ട് മാസമായാണ് വില കുറയാൻ തുടങ്ങിയത്.

ലോക്ക്ഡൌൺ
കൊറോണ വൈറസുമായി ബന്ധപ്പെട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും എൽപിജി സിലിണ്ടറുകളുടെ ആവശ്യം വർദ്ധിക്കുകയും ആളുകൾ പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ വാങ്ങി സൂക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ വാതക ശേഖരം രാജ്യത്ത് ഉള്ളതിനാൽ എൽപിജി സിലിണ്ടറുകളുടെ കുറവില്ലെന്ന് ചില്ലറ വ്യാപാരികൾ വ്യക്തമാക്കി.

വിൽപ്പന കൂടി
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന റീട്ടെയിലറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസി) ഏപ്രിലിൽ വിൽപ്പനയിൽ 20 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇന്ത്യയിലെ എൽപിജി സിലിണ്ടറുകളുടെ വില പ്രധാനമായും രണ്ട് ഘടകങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്. എൽപിജിയുടെ അന്താരാഷ്ട്ര ബെഞ്ച്മാർക്ക് നിരക്കും യുഎസ് ഡോളറിന്റെയും രൂപയുടെയും വിനിമയ നിരക്കും. രാജ്യത്തൊട്ടാകെയുള്ള മാർക്കറ്റ് വിലകളിൽ മാത്രമേ പാചക വാതകം ലഭ്യമാകൂ.

പരിധി
ഓരോ വീടിനും ഒരു വർഷത്തിൽ സബ്സിഡി നിരക്കിൽ 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകൾ ലഭിക്കും. സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. ലോക്ക്ഡൌൺ നടപ്പിലാക്കിയതിനെ തുടർന്ന് ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ 8 കോടിയിലധികം പാവപ്പെട്ട ഗുണഭോക്താക്കൾക്ക് പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന പ്രകാരം 3 എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.