ദില്ലി: രാജ്യത്ത് വീണ്ടും പാചകവാതകത്തിന് വില കൂടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറുകള്‍ 25 രൂപയാണ് ഇന്ന് മുതല്‍ വര്‍ധിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലണ്ടറിന് വില 801 രൂപയായി. ഫെബ്രുവരിയില്‍ മൂന്നാം തവണയാണ് എണ്ണക്കമ്പനികള്‍ പാചകവാതകത്തിന് വില കൂട്ടുന്നത്. കഴിഞ്ഞയാഴ്ച്ചയും ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 50 രൂപ കൂടിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാസം മൂന്നു തവണ പാചകവാതകത്തിന് വില വര്‍ധിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഡിസംബറിന് ശേഷമുള്ള ചിത്രം നോക്കിയാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് ഇതുവരെ 200 രൂപ കൂടി. ഈ മാസം മാത്രം പാചകവാതക സിലിണ്ടറുകള്‍ക്ക് 100 രൂപയോളമാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയ്ക്കും പ്രകൃതി വാതകത്തിനും വില ഉയരുന്നത് വിലക്കയറ്റത്തിന് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതേസമയം, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് ഇന്ന് 5 രൂപ കുറഞ്ഞിട്ടുണ്ട്.
Most Read: 2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
ഒരറ്റത്ത് പെട്രോള്‍, ഡീസല്‍ വിലയും മറുഭാഗത്ത് പാചകവാതക വിലയും കുതിച്ചുയരുന്നത് രാജ്യത്തെ ജനങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. സംസ്ഥാനത്ത് ഇന്ന് ഇന്ധനവില കൂടിയില്ലെങ്കിലും നിലവില്‍ പെട്രോളിന് 93 രൂപ വരെ വില ഉയര്‍ന്നത് കാണാം. തിരുവനന്തപുരത്ത് പെട്രോള്‍ വില 93.04 രൂപ തൊട്ടു. ഡീസല്‍ വില 87.60 രൂപ. കൊച്ചിയില്‍ ലീറ്ററിന് 91.48 രൂപയാണ് പെട്രോള്‍ വില. ഡീസല്‍ വില 86.11 രൂപ. ഫെബ്രുവരിയില്‍ മാത്രം പെട്രോളിന് 4.50 രൂപയും ഡീസലിന് 4.92 രൂപയുമാണ് സംസ്ഥാനത്ത് വര്‍ധിച്ചത്.
രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവിലയും രൂപയുടെ വിനിമയ നിരക്കും അടിസ്ഥാനപ്പെടുത്തിയാണ് രാജ്യത്ത് പ്രതിദിനം ഇന്ധനവില പുതുക്കപ്പെടുന്നത്. പറഞ്ഞുവരുമ്പോള്‍ 2018 ഒക്ടോബറിന് ശേഷം രാജ്യം കാണുന്ന ഏറ്റവും ഉയര്‍ന്ന ഇന്ധനവിലവര്ധനവാണ് ഇപ്പോഴത്തേത്.
അന്ന് പെട്രോള്‍, ഡീസല്‍ വില നിയന്ത്രണമില്ലാതെ കുതിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ കേന്ദ്രം എക്സൈസ് തീരുവ കുറയ്ക്കാന്‍ നടപടിയെടുത്തിരുന്നു. ഇതേസമയം, ഇന്ധനവില നിയന്ത്രണമില്ലാതെ കുതിക്കുന്ന പശ്ചാത്തലത്തില്‍ നാല് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനും നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമ ബംഗാള്‍, രാജസ്താന്‍, അസം, മേഘാലയ സര്‍ക്കാരുകളാണ് ഇന്ധനനികുതി കുറയ്ക്കാന്‍ തീരുമാനിച്ചത്.