ദില്ലി: ഏഷ്യയിലെ ഏറ്റവും സമ്പന്നന് എന്ന പദവി തിരിച്ച് പിടിച്ച് മുകേഷ് അംബാനി. ചൈനീസ് വ്യവസായിയായ ഴോങ് ഷാന്‍ഷനില്‍ നിന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്റെ കസേര മുകേഷ് അംബാനി പിടിച്ചെടുത്തിരിക്കുന്നത്. ചൈനയിലെ വമ്പന്‍ കുപ്പിവെള്ള കമ്പനി ഉടമയായ ഴോങ്ങ് ഷാന്‍ഷനിന്റെ കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞ ആഴ്ച റെക്കോര്‍ഡ് ഇടിവ് നേരിട്ടിരുന്നു. 20 ശതമാനമാണ് കമ്പനി ഓഹരി തകര്‍ച്ച നേരിട്ടത്.
ഇതോടെയാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനത്തേക്ക് തിരിച്ച് എത്തിയത്. നേരത്തെ ഏഷ്യയിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമതായിരുന്ന മുകേഷ് അംബാനിക്ക് 2020 ഡിസംബറിലാണ് ഈ സ്ഥാനം നഷ്ടപ്പെട്ടത് . 82.8 ബില്യണ്‍ ഡോളര്‍ ആണ് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. കഴിഞ്ഞ വര്‍ഷം ഇത് 90 ബില്യണ്‍ ഡോളര്‍ ആയിരുന്നു. 6.62 ലക്ഷം കോടിയാണ് ഒരു വര്‍ഷത്തിനിടെ മുകേഷ് അംബാനിയുടെ ആസ്തിയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
2020 അവസാനം അംബാനിയെ തോല്‍പ്പിച്ച ഴോങ്ങ് ഷാന്‍ഷന്‍ 2021 തുടക്കത്തില്‍ വാറന്‍ ബഫറ്റിനെയും മറികടന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ പതിനാറാമതായി ഇടം പിടിച്ചിരുന്നു. 7660 കോടി ഡോളറാണ് ഴോങ്ങിന്റെ ഇപ്പോഴത്തെ ആസ്തി. കഴിഞ്ഞ ഒരൊറ്റ ആഴ്ച കൊണ്ട് 22 ബില്യണ്‍ ഡോളറാണ് ഴോങ്ങിന്റെ ആസ്തിയില്‍ ഇടിവ് വന്നിരിക്കുന്നത്.
വാക്സിന് നിര്‍മ്മാണ കമ്പനിയായ ബീജിംഗ് വാന്തായ് ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസസ്, കുപ്പിവെള്ള കമ്പനിയായ നൊംഗു സ്പ്രിംഗ് കോ എന്നവയാണ് ഴോങ്ങിന്റെ പ്രധാന സ്ഥാപനങ്ങള്‍. ലോണ്‍ വൂള്‍ഫ് ( ഒറ്റയാന് ചെന്നായ) എന്നറിയപ്പെടുന്ന ഴോങിന്റെ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനിലേക്കുളള വളര്‍ച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. ഏഷ്യയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആലിബാബയുടെ ജാക്ക് മായെ പോലും നിഷ്പ്രഭനാക്കിയായിരുന്നു ഴോങ്ങിന്റെ വന്‍ കുതിപ്പ്.